SignIn
Kerala Kaumudi Online
Friday, 02 October 2026 12.00 AM IST

സിപിഎമ്മിന്റെ ഒരു സമരവും ക്ളച്ച് പിടിക്കുന്നില്ല, അതുകൊണ്ടാണ് അണികളെ തെരുവിലിറക്കുന്നത്; ഞങ്ങൾ 'രക്ഷാപ്രവർത്തനം' നടത്തില്ലെന്ന് മന്ത്രി ജനീഷ്

READ ENGLISH VERSION
o-j-janeesh-
കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ്

കണ്ണൂർ: അമിത് ഷായ്ക്കെതിരെ മുദ്രാവാക്യം വിളിക്കുമ്പോൾ അത് പിണറായി വിജയനെതിരെയാണെന്ന് തോന്നുന്നെങ്കിൽ ആ മാനസിക നിലയിൽ എന്തോ കുഴപ്പമുണ്ടെന്ന് കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. അമിത് ഷായ്ക്കെതിരെ സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിലേക്ക് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് ബിയർ കുപ്പിയും കല്ലും വലിച്ചെറിഞ്ഞ് ബോധപൂർവം സംഘർഷമുണ്ടാക്കുകയായിരുന്നുവെന്നും മന്ത്രി ആരോപിച്ചു.അമിത് ഷായ്ക്കെതിരെ സമരം ചെയ്ത് മുദ്രാവാക്യം വിളിക്കുമ്പോൾ ബിജെപിക്കാർ വന്ന് സംഘർഷമുണ്ടാക്കിയാൽ അത് മനസിലാക്കാൻ സാധിക്കും. എന്നാൽ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഒരു സംഘടന എന്തിനാണ് ഇതിനെതിരെ പ്രതികരിക്കാൻ വരുന്നതെന്നും മന്ത്രി ചോദിച്ചു.

ഇന്നലെ നടന്ന സംഘർഷം എസ്എഫ്ഐയുടെ പക്വതയില്ലാത്ത പ്രതികരണമായാണ് ആദ്യം കണക്കാക്കിയിരുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ അതിനുശേഷം പ്രതിപക്ഷനേതാവും മുൻ മന്ത്രിമാരും എംഎൽഎമാരും അവിടേക്ക് എത്തി. വന്നവരെല്ലാം ചേർന്ന് യൂത്ത് കോൺഗ്രസിനെതിരെ വലിയൊരു പ്രതിഷേധമായി സംഭവത്തെ തിരിച്ചുവിടാനുള്ള ശ്രമം നടത്തി. തന്റെ മൗനാനുവാദത്തോടെയാണ് പ്രശ്നങ്ങൾ നടന്നതെന്ന് വരുത്തിത്തീർക്കാൻ മുൻ മന്ത്രിമാർ ശ്രമിച്ചതായും ജനീഷ് ആരോപിച്ചു. ഇന്നും കരിങ്കൊടി പ്രതിഷേധം പലതവണ നടത്തിയതിൽ നിന്ന് മനസിലായത് ഇന്നലെ എസ്എഫ്ഐ യൂത്ത് കോൺഗ്രസ് മാർച്ചിനെതിരെ നടത്തിയ പ്രകോപനവും സംഘർഷവും ബോധപൂർവമായിരുന്നുവെന്നാണ്.

ഡിവൈഎഫ്ഐ നേതാക്കൾ മന്ത്രിമാരെ തെരുവിൽ നേരിടുമെന്നാണ് പ്രതികരിക്കുന്നത്. എന്നാൽ തിരിച്ചെന്തായാലും തങ്ങൾ രക്ഷാപ്രവർത്തനം നടത്തില്ലെന്നും ധൈര്യമായി സഹപ്രവർത്തകരെ പറഞ്ഞയയ്ക്കാമെന്നും മന്ത്രി പറഞ്ഞു. സഹപ്രവർത്തകരെ ആരും ഒരിക്കലും കായികമായി നേരിടില്ലെന്നും ജനാധിപത്യപരമായി പ്രതികരിക്കുന്ന ആരോടും യുഡിഎഫ് സർക്കാരിന് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിഷേധത്തിന്റെ രീതി അക്രമത്തിന്റേതാണെങ്കിൽ സ്വാഭാവികമായി സിസ്റ്റം ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.

സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കല്ലും ബിയർ കുപ്പിയും വലിച്ചെറിയുന്നത് ഏത് സമരരീതിയാണെന്നും മന്ത്രി ചോദിച്ചു. ആ ബിയർ കുപ്പി തങ്ങൾക്ക് ആവശ്യമില്ലെന്നും അതുകൊടുത്ത് അവർ തന്നെ പൈസ വാങ്ങിയാൽ മതിയെന്നും അദ്ദേഹം പരിഹസിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ തോൽവിയുടെ ആഘാതം ഇടതുമുന്നണിക്ക് ഇതുവരെ മാറിയിട്ടില്ലെന്ന് മാത്രമല്ല ഒരു സമരവും ക്ലച്ച് പിടിക്കുന്നില്ലെന്നും മന്ത്രി ആരോപിച്ചു. അതുകൊണ്ട് ഇനി അണികളെ പ്രകോപിതരാക്കി തെരുവിലിറക്കി അവർക്ക് എന്തെങ്കിലും കാഷ്വാലിറ്റി ഉണ്ടാക്കി ആ പ്രശ്നത്തെ മുൻനിർത്തി ഒരു രാഷ്ട്രീയ തിരിച്ചുവരവ് നടത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കൾ ആഹ്വാനം ചെയ്യുമ്പോൾ അതനുസരിച്ചല്ലേ അണികൾക്ക് പ്രവർത്തിക്കാനാകൂ എന്നും അതിനുള്ള ബോധമല്ലേ അവർക്കുള്ളൂവെന്നും മന്ത്രി ചോദിച്ചു. അതുകൊണ്ടല്ലേ അവർ ആ പാർട്ടിയിൽ പ്രവർത്തിക്കുന്നതെന്നും ഒ ജെ ജനീഷ് പരിഹസിച്ചു.

English Summary

Sports Minister O. J. Janeesh alleged SFI deliberately instigated conflict in Kannur during Amit Shah's visit, accusing them of throwing beer bottles and stones at Youth Congress workers. He questioned the motive of an India Alliance partner attacking such protests, suggesting the CPM is orchestrating issues for political resurgence after recent electoral defeats, manipulating cadres for engineered casualties.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM PROTESTS, O J JANISH, SFI PROTEST, KERALA POLITICS, RAKSHAPRAVARTHANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA