അപകടത്തിൽപ്പെട്ട കാറും സ്‌കൂട്ടറും
കൊച്ചി: ചേരാനല്ലൂർ വാഹന അപകടക്കേസിലെ പ്രതിയായ 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. സോഷ്യൽ മീഡിയയിലെ 17 യൂസർ ഐഡികൾക്കെതിരെയാണ് എറണാകുളം സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതി നിർദേശത്തെ തുടർന്നാണ് നടപടി.
പതിനേഴുകാരന്റെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിൽ അന്വേഷണ ഉദ്യോഗസ്ഥന് എറണാകുളം അഡീഷനൽ സെഷൻസ് കോടതിയുടെ വിമർശനം ലഭിച്ചിരുന്നു. വിവരങ്ങൾ പ്രചരിപ്പിച്ചതിൽ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കോടതി ചോദിച്ചു. 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമർശനം.
അതേസമയം, പ്രതിയായ 17കാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്‌ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പ്രതി ഉന്നത സ്വാധീനമുള്ളയാളാണ്. തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം അഞ്ചാം തീയതിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് ഒരാളെ കൊലപ്പെടുത്തിയ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്‌ജിക്കെതിരെ പുതിയ വകുപ്പ് ചുമത്തിയിട്ടുണ്ട്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ബിഎൻഎസ് 238 വകുപ്പാണ് ചേർത്തത്. മോട്ടോർ വാഹന വകുപ്പിലെ സെക്ഷൻ 199 A പ്രകാരം നേരത്തേ ജഡ്‌ജിക്കെതിരെ കേസെടുത്തിരുന്നു.
അപകടം നടന്നയുടൻ കാറിലുണ്ടായിരുന്ന 'ജഡ്‌ജി' എന്ന ഔദ്യോഗിക ബോർഡ് അഴിച്ചുമാറ്റിയതായും, പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും കാട്ടി കൊല്ലപ്പെട്ട ജയബാലകൃഷ്‌ണന്റെ മകൾ ഭദ്ര കീർത്തി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. തെളിവ് നശിപ്പിച്ചതിൽ ജഡ്‌ജിക്കെതിരെ പ്രത്യേക അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് പുതിയ വകുപ്പ് ചുമത്തിയിരിക്കുന്നത്.
Ernakulam Cyber Police have registered cases against 17 social media accounts for sharing the identity of the 17-year-old accused in the Cheranalloor fatal car accident, following court directions. Meanwhile, police have opposed the anticipatory bail plea of the accused's father, an Additional District Judge, citing possible evidence destruction and influence. A new charge under BNS Section 238 has also been added against him.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |