
ലോകത്ത് അതിവേഗം ദാരിദ്ര്യം കുറച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നു. 2011 മുതൽ 2023 വരെയുള്ള 12 വർഷത്തിനിടെ രാജ്യത്തെ 49.6 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്‌തരായതായി ലോക ബാങ്കിന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ അതിദാരിദ്ര്യ നിരക്ക് 27.1 ശതമാനത്തിൽ നിന്ന് 2.6 ശതമാനത്തിലേക്ക് കുത്തനെ താഴുകയും ചെയ്തു.
അതിദാരിദ്ര്യത്തിനു തൊട്ടുമുകളിലുള്ള വരുമാനം കുറഞ്ഞ ജനവിഭാഗങ്ങൾക്കിടയിലും വലിയ പുരോഗതി കൈവന്നിട്ടുണ്ട്. ലോക ബാങ്ക് നിശ്ചയിച്ചിട്ടുള്ള ഇടത്തരം വരുമാന പരിധിക്ക് താഴെയുള്ളവരുടെ തോത് 12 വർഷത്തിനിടെ 57.7 ശതമാനത്തിൽ നിന്ന് 16.1 ശതമാനമായും കുറഞ്ഞു. ജനങ്ങളുടെ വാങ്ങൽ ശേഷിയിലുണ്ടായ വർദ്ധന, ഗ്രാമീണ മേഖലയിലെ സ്‌ത്രീകൾക്ക് കൂടുതൽ തൊഴിൽ ലഭിച്ചത്, സൗജന്യ റേഷൻ അടക്കമുള്ള സർക്കാർ ക്ഷേമപദ്ധതികൾ തുടങ്ങിയവയാണ് ഈ നേട്ടത്തിന് പിന്നിൽ പ്രധാനമായും പ്രവർത്തിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോക ബാങ്കിന്റെ ഇന്ത്യ പോവർട്ടി ആൻഡ് ഇക്വിറ്റി ബ്രീഫ്: ഒക്ടോബർ 2026 എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. 2023ൽ ഏറ്റവും ഉയർന്ന വരുമാനമുള്ള 10 ശതമാനം തൊഴിലാളികളുടെ വരുമാനം, ഏറ്റവും കുറഞ്ഞ വരുമാനമുള്ള 10 ശതമാനം തൊഴിലാളികളുടേതിനേക്കാൾ 13 മടങ്ങ് കൂടുതലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ദിവസം മൂന്ന് ഡോളർ എന്ന വരുമാന മാനദണ്ഡ പ്രകാരം കണക്കാക്കുമ്പോഴാണ് അതിതീവ്ര ദാരിദ്ര്യം 27.1 ശതമാനത്തിൽ നിന്ന് 2.6 ശതമാനമായി കുറഞ്ഞത്. ദിവസം 4.20 ഡോളർ വരുമാനം എന്ന മാനദണ്ഡപ്രകാരം കണക്ക് കൂട്ടുമ്പോൾ ദാരിദ്ര്യ നിരക്ക് 2026ലെ 14.2 ശതമാനത്തിൽ നിന്ന് 2028ഓടെ 12.1 ശതമാനമായി കുറയുമെന്നും ലോക ബാങ്ക് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ദാരിദ്ര്യ നിർമ്മാർജ്ജന ശ്രമങ്ങൾ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഹരിതവിപ്ളവമാണ് ഇക്കാര്യത്തിൽ ഒരു വലിയ ചുവടുവയ്‌പായത്.
വിദേശ രാജ്യങ്ങൾ വ്യാവസായിക മേഖലകളിൽ വൻ വളർച്ച നേടിയത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ്. എന്നാൽ ഇക്കാലയളവിൽ ഇന്ത്യയുടെ വളർച്ച വളരെ പരിമിതമായിരുന്നു. സോഷ്യലിസ്റ്റ് ആശയത്തിന് പ്രാധാന്യം നൽകി പൊതുമേഖലയെ പ്രോത്സാഹിപ്പിച്ചതും സ്വകാര്യ മേഖലയെ ചൂഷകരായി മുദ്രകുത്തി അകറ്റിനിറുത്തിയതും അവരുടെ വളർച്ചയ്ക്ക് തടയിടാൻ ലൈസൻസ് രാജ് ഏർപ്പെടുത്തിയതും മറ്റും തിരിച്ചടിയായെന്ന് ബോദ്ധ്യപ്പെട്ടപ്പോഴേയ്ക്കും മൂന്നു നാല് നൂറ്റാണ്ടുകൾ കടന്നുപോയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ നാമാവശേഷമായ ജർമ്മനിയും ജപ്പാനുമൊക്കെ ലോകത്തെ ഏറ്റവും വലിയ സമ്പദ് ശക്തികളായി വളരുകയും കമ്മ്യൂണിസ്റ്റ് ഭരണമുള്ള ചൈനയിലേക്ക് ലോകത്തിലെ എല്ലാ മുതലാളിത്ത രാജ്യങ്ങളും കമ്പനി തുടങ്ങാൻ പോവുകയും അവർ ലോകത്തെ എണ്ണപ്പെട്ട സാമ്പത്തിക ശക്തിയായി മാറുകയും ചെയ്തിട്ടും ഇന്ത്യ സാമ്പത്തിക തിരിച്ചടികളിലും പ്രതിസന്ധികളിലും പെട്ട് ഉഴലുകയായിരുന്നു.
തൊണ്ണൂറുകൾ മുതലാണ് ഈ സ്ഥിതി പതുക്കെ മാറാൻ തുടങ്ങിയത്. രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് വളർച്ചയ്ക്ക് സഹായകരമായ പല പരിഷ്കാരങ്ങളും ജി.എസ്.ടി ഉൾപ്പെടെയുള്ളവ ആവിഷ്‌കരിച്ചെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. 2014ൽ അധികാരത്തിൽ വന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മോദി സർക്കാരാണ് പരിഷ്കരണ നടപടികളും എല്ലാ മേഖലയിലും സമഗ്ര വികസനം സാദ്ധ്യമാകുന്ന വികസന നയങ്ങളും നടപ്പാക്കിയത്. എല്ലാ രംഗത്തും ഇന്ത്യ ഇന്ന് കുതിപ്പിന്റെ വേഗതയിലാണ്. ഇങ്ങനെ മുന്നോട്ട് പോയാൽ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ഇന്ത്യ ലോക മഹാശക്തികളിൽ ഒന്നായി മാറുമെന്നതിൽ സംശയിക്കേണ്ടതില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |