
ഒരു കാലത്ത് പേരുകേട്ടതും പിന്നീട് തകർന്നടിഞ്ഞതുമായ കേരള മോഡലിലെ ഒരു പ്രധാന മേഖലയാണ് ഉന്നത വിദ്യാഭ്യാസ രംഗം. കാലത്തിന് അനുസരിച്ച് മാറാത്തതും അദ്ധ്യാപകർ അദ്ധ്യാപനത്തേക്കാൾ അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പ്രാധാന്യം നൽകിയതും സെനറ്റിലും സിൻഡിക്കേറ്റിലും മറ്റും രാഷ്ട്രീയത്തിന്റെ അതിപ്രസരമുണ്ടായതും വി.സിമാർ സർക്കാരിന്റെ കളിപ്പാവയായി മാറിയതുമൊക്കെയാണ് ഈ മേഖല തകരാൻ ഇടയാക്കിയത്. ഇത് ഒരു ദിവസം പൊടുന്നനേ ഉണ്ടായതല്ല. മറ്റ് സംസ്ഥാനങ്ങളൊക്കെ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിച്ച് പേരെടുത്തപ്പോഴും നമ്മൾ കാര്യമായി ഒന്നും ചെയ്‌തില്ല. അക്കാഡമിക് രംഗത്തെ പരിഷ്കാരങ്ങളെ ആദ്യം അദ്ധ്യാപകരും പിന്നാലെ വിദ്യാർത്ഥികളും എതിർക്കുമെന്നതിനാൽ കാര്യമായ യാതൊരു മാറ്റങ്ങളും ഇല്ലാതെ നിശ്ചലമായ നീരൊഴുക്ക് പോലെ ഉന്നത വിദ്യാഭ്യാസ രംഗം മാറിയതിന്റെ രോഗലക്ഷണങ്ങൾ പുറത്ത് പ്രകടമായത് വിദ്യാർത്ഥികൾ കൂട്ടത്തോടെ ഉപരി വിദ്യാഭ്യാസത്തിന് വിദേശ നാടുകളിലും അന്യസംസ്ഥാനങ്ങളിലേക്കും പ്രത്യേകിച്ചും ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളിലും പഠിക്കാൻ പോവുകയും ഇവിടത്തെ കോളേജുകളിൽ കുട്ടികൾ കുറയുകയും ചെയ്തതോടെയാണ്.
അദ്ധ്യാപകരുടെയും രാഷ്ട്രീയ നേതാക്കളുടെയും മക്കളിൽ തൊണ്ണൂറു ശതമാനവും പുറത്താണ് പഠിക്കുന്നത്. അതിനാൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇവിടെ നടക്കുന്ന ഉയർച്ചയും താഴ്ചയുമൊന്നും അവരെ ബാധിക്കുന്ന പ്രശ്നമല്ല. സർക്കാർ ഇടപെട്ടാൽ എല്ലാം നന്നാകുമെന്ന് കരുതാനാവില്ല. കാരണം സർക്കാർ യൂണിവേഴ്സിറ്റികളുടെ നിലവാരവും തഥൈവയാണ്. സ്വാശ്രയ മേഖലയും കേരളത്തിൽ ഒരു വിജയമായെന്ന് പറയാനാവില്ല. വിദ്യാഭ്യാസവുമായി ഒരു ബന്ധവുമില്ലാത്തവർ പണത്തിന്റെ ബലത്തിൽ മാത്രം വാണിജ്യ താത്‌പര്യത്തോടെ കോളേജുകൾ തുടങ്ങിയാൽ അത് എല്ലായ്‌പ്പോഴും വിജയിക്കണമെന്നില്ല. സ്വാശ്രയ രംഗവുമായി ബന്ധപ്പെട്ട് വിവാദങ്ങളും പരാതികളും ഒഴിഞ്ഞ നേരമുണ്ടായിട്ടില്ല. സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ കോഴ്സുകൾ ആരംഭിക്കാൻ സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന ഉത്തരവാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
അക്കാഡമിക് മികവിന്റെ അടിസ്ഥാനത്തിലാണ് കോളേജുകൾക്ക് സ്വയംഭരണ പദവി ലഭിക്കുന്നത്. സർക്കാരിന് ബാദ്ധ്യതയുണ്ടാക്കാതെ അവിടെ സ്വന്തം നിലയിൽ കോഴ്സുകൾ തുടങ്ങാൻ വഴിയൊരുക്കുന്നതാണ് പുതിയ തീരുമാനമെന്നാണ് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കുന്നത്. കോഴ്സുകൾക്ക് സർവകലാശാലയുടെ അനുമതി നിർബന്ധമാണ്. അതിനുശേഷം മാനേജ്‌മെന്റുകൾ സെക്രട്ടേറിയറ്റിൽ കയറിയിറങ്ങുന്നതിന് അർത്ഥമില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. സ്വയം ഭരണമുള്ള 61 കോളേജുകൾ സംസ്ഥാനത്തുണ്ട്. സർക്കാരിന്റെ പുതിയ തീരുമാനം ഈ കോളേജുകളിൽ തോന്നിയ പോലെ ഫീസുകൾ കൂട്ടാനും വിദ്യാർത്ഥികളുടെ എണ്ണം കൂട്ടാനും ഇടയാക്കുമെന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയെ കോർപ്പറേറ്റ് സ്വകാര്യ മാനേജ്‌മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കാനുള്ള സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ കോഴ്സുകൾ ആരംഭിക്കാൻ പാകത്തിലുള്ള ലാബടക്കമുള്ള സൗകര്യങ്ങൾ, യു.ജി.സി യോഗ്യതയുള്ള അദ്ധ്യാപകരുടെ എണ്ണം, ഫീസിന്റെ ഘടന, അഡ്‌മിഷൻ മാനദണ്ഡങ്ങൾ തുടങ്ങിയവ പരിശോധിച്ച് ബോദ്ധ്യപ്പെട്ടതിന് ശേഷമാണ് സർക്കാർ എൻ.ഒ.സി നൽകുന്നത്. ഇത് ഒറ്റയടിക്ക് വേണ്ടെന്ന് വയ്ക്കുന്നത് എത്രത്തോളം ഗുണം ചെയ്യുമെന്നത് കണ്ടറിയേണ്ടതാണ്. സ്വാശ്രയ കോഴ്സുകളുടെ അനുമതിയുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ സർക്കുലർ വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത്തരം പിഴവുകൾ തിരുത്താൻ സർക്കാർ തയ്യാറാകണം. വിവാദങ്ങളല്ല ഈ മേഖലയുടെ വളർച്ച ഉറപ്പാക്കാനുള്ള നടപടികളാണ് നമുക്ക് വേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |