
'ഞങ്ങൾ ജീവിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അവൾ തിരിച്ചു വരുന്നതും കാത്താണ് അന്ന് ഞാനിരുന്നത്"- എറണാകുളത്ത് സ്വകാര്യ ബസിടിച്ച് മരിച്ച തൃശൂർ സ്വദേശിനി അക്ഷരയുടെ ഭർത്താവ് വരുണിന്റെ വാക്കുകൾ മുറിഞ്ഞു. റോഡിലിറങ്ങിയാൽ സ്വകാര്യ ബസിടിച്ച് മരിക്കും എന്ന് വീട്ടുകാരോട് പറഞ്ഞിട്ടിറങ്ങേണ്ട അവസ്ഥ. കെ.എസ്.ആർ.ടി.സിയും അത്ര മോശമല്ല. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പ്രതികരിക്കുന്ന നിയമ സംവിധാനങ്ങളും സർക്കാരുമെല്ലാം ഈ ജീവനുകൾക്ക് ഉത്തരം പറയേണ്ടവരാണ്.
സ്വകാര്യ ബസുകളെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി നടപടി ശ്ലാഘനീയമാണ്. പക്ഷേ ആര് കേൾക്കാൻ എന്ന തരത്തിൽ ബസുകൾ വീണ്ടും കളം നിറയും. ഈ തോന്ന്യവാസത്തിന് ജനം ചുട്ടമറുപടി നൽകുന്ന കാലം വിദൂരമല്ല. തൃശൂർ സ്വദേശിയുടെ മരണം കേരളത്തിന്റെ പൊതുഗതാഗത സംവിധാനത്തിലെ ഭയാനകമായ അവസ്ഥയിലേക്ക് വീണ്ടും വിരൽ ചൂണ്ടുന്നു. സമയക്രമം, കളക്ഷൻ എന്നിവയ്ക്കായുള്ള നെട്ടോട്ടത്തിൽ പൊലിയുന്നത് നിരപരാധികളായ മനുഷ്യജീവനുകളാണ്. ഈ മരണപ്പാച്ചിലിനെ ഹൈക്കോടതി രൂക്ഷമായി വിമർശനമുന്നയിച്ചിട്ടും അധികൃതരുടെ അനാസ്ഥ അത്ഭുതപ്പെടുത്തുന്നതാണ്. നിയമലംഘനങ്ങളും കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും തമ്മിലുള്ള മത്സരയോട്ടവും അവസാനിപ്പിക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉറപ്പാക്കണം.
എറണാകുളത്തെ തിരക്കേറിയ റോഡിൽ വെച്ച് തൃശൂർ സ്വദേശിനിക്ക് ജീവൻ നഷ്ടപ്പെട്ടത് ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു. ഗതാഗത നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് യുവതിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും ആശ്രയവുമായിരുന്ന ജീവനാണ് പൊലിഞ്ഞത്.
കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും തൃശൂരിലുമെല്ലാം ദിവസവും ഇത്തരത്തിലുള്ള നിരവധി അപകടങ്ങളാണ് നടക്കുന്നത്. കാൽനടക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും ഭീതിയിലാഴ്ത്തിയാണ് സ്വകാര്യ ബസുകളുടെ പാച്ചിൽ. ആധുനിക സംവിധാനങ്ങളും സി.സി ടിവി ക്യാമറകളും ട്രാഫിക് പൊലീസിന്റെ സാന്നിദ്ധ്യവുമുള്ള നഗരങ്ങളിൽപ്പോലും ഡ്രൈവർമാരുടെ ധിക്കാരമാണ് ജനങ്ങളുടെ ജീവനെടുക്കുന്നത്.
വലിയ വാഹനങ്ങൾ ഓടിക്കുന്നതിന് ആവശ്യമായ ക്ഷമയും ട്രാഫിക് ബോധവും പല ഡ്രൈവർമാർക്കുമില്ല. അമിത വേഗത, വാതിലുകൾ അടക്കാതെയുള്ള യാത്ര, ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, സിഗ്നൽ തെറ്റിക്കൽ എന്നിവ നിത്യസംഭവങ്ങളാണ്.
നിരത്തുകളിൽ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന മറ്റൊരു പ്രശ്നമാണ് സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും തമ്മിലുള്ള മത്സരയോട്ടം. ജനങ്ങൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കേണ്ട കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകളോട് മത്സരത്തിൽ ഏർപ്പെടുന്നത് ആശങ്കാജനകമാണ്.
യാത്രക്കാർ വാതിലിലൂടെ തെറിച്ചു വീഴുകയോ കയറുന്നതിനിടയിൽ ബസ് മുന്നോട്ട് എടുക്കുകയോ ചെയ്യുമ്പോഴാണ് കൂടുതൽ അപകടങ്ങളുണ്ടാകുന്നത്. അതിനാൽ എല്ലാ സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകളിലും ഓട്ടോമാറ്റിക് ഡോർ സംവിധാനം നിർബന്ധമാക്കണം. വാതിൽ അടച്ചാലേ വാഹനം നീങ്ങൂ എന്ന സാങ്കേതികവിദ്യ നടപ്പിലാക്കിയാൽ ഒരു പരിധി വരെ അപകടങ്ങൾ കുറയ്ക്കാം.
ശാസ്ത്രീയമല്ലാത്ത ട്രിപ്പ് സമയക്രമം
പതിറ്റാണ്ടുകൾക്ക് മുമ്പ് നിശ്ചയിച്ച സമയക്രമത്തിലാണ് ഇന്നും പല ബസുകൾ ഓടുന്നത്. കുറഞ്ഞ സമയത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തണമെന്ന സമ്മർദ്ദമാണ് ഡ്രൈവർമാരെ നയിക്കുന്നത്. പ്രധാന സ്റ്റോപ്പുകളിൽ സമയം രേഖപ്പെടുത്തുന്ന 'പഞ്ചിംഗ്"രീതിയും വലിയ മത്സരമാണ് ഉണ്ടാക്കുന്നത്. ഒരു മിനിറ്റ് വൈകിയാൽ മുന്നിലെ ബസ് മുഴുവൻ കളക്ഷനും കൊണ്ടുപോകുമെന്ന പേടിയിൽ ഡ്രൈവർമാർ മറ്റു വാഹനങ്ങളെ വെട്ടിച്ച് അതിവേഗം മുന്നേറാൻ ശ്രമിക്കും. ഇതാണ് വലിയ ദുരന്തങ്ങളാകുന്നത്. കൂടുതൽ യാത്രക്കാരെ കയറ്റിയാലേ മികച്ച വരുമാനം ലഭിക്കൂ. ഇതും നിയമലംഘനത്തിന് പ്രേരിപ്പിക്കുന്നു. ഇതിനായി സ്റ്റോപ്പുകളിൽ നിർത്തിയിടാതെ ആളുകളെ ചാടിക്കയറ്റുകയും ഇറക്കുകയും ചെയ്യുന്നു.
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകളും ഓർഡിനറി ബസുകളും സ്വകാര്യൻമാരുമായി ഒരേസമയം റൂട്ടുകളിൽ മത്സരിച്ചോടുന്നത് പതിവാണ്. ഇത്തരത്തിൽ മുന്നിലെത്തി ആളെക്കയറ്റാനുള്ള മത്സര ഓട്ടവും അപകടങ്ങളിലേക്കാണ് എത്തുന്നത്.
ഹൈക്കോടതിയുടെ
രൂക്ഷവിമർശനം
എറണാകുളത്തെ ബസ് അപകടത്തെ തുടർന്ന് ഹൈക്കോടതി നടത്തിയ ഇടപെടലും രൂക്ഷമായ വിമർശനങ്ങളും പൊതുസമൂഹം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. റോഡുകൾ കൊലക്കളമാക്കാൻ അനുവദിക്കില്ലെന്നും മരണപ്പാച്ചിൽ നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കണമെന്നും കോടതി വ്യക്തമാക്കി. ഒപ്പം ബസുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കൽ ജനങ്ങളെ ഏൽപ്പിക്കണമോ എന്നും ഹൈക്കോടതി ചോദിച്ചു. കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും സ്വകാര്യ ബസുകളുടെ വേഗപ്പൂട്ട് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. പൊലീസും മോട്ടോർ വാഹന വകുപ്പും നിരത്തുകളിൽ കാഴ്ചക്കാരായി നിൽക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ കോടതി വിമർശിക്കുമ്പോൾ മാത്രം ഉണരുകയും ദിവസങ്ങൾക്ക് ശേഷം പഴയതുപോലെ നിയമലംഘനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്ന താത്കാലിക നടപടികളാണ് മോട്ടോർ വാഹന വകുപ്പും പൊലീസും സ്വീകരിക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവുകൾ നടപ്പിലാക്കിയാലേ നിരത്തുകളിൽ മാറ്റമുണ്ടാകൂ.
.
സ്പീഡ് ഗവണർ നിർബന്ധമാക്കണം
എല്ലാ ബസുകളിലും സ്പീഡ് ഗവണർ നിർബന്ധമാക്കി നിരീക്ഷിക്കണം.
അമിതവേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവിംഗിനും ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുക.
ഗുരുതര ലംഘനങ്ങൾക്ക് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുക.
തുടർച്ചയായി നിയമം ലംഘിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കി ഉടമകൾക്കെതിരെ കേസെടുക്കുക.
ജീവനക്കാർക്ക് മാസശമ്പളം ഉറപ്പാക്കുക. ഡോർ ക്യാമറയും ഓട്ടോമാറ്റിക് വാതിലുകളും ഉറപ്പാക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |