SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.37 PM IST

ക്യാൻസർ മരുന്നുകളുടെ വിലക്കുറവിലും ആശങ്കയായി 'പേറ്റന്റ്"

medicine

രാജ്യത്ത് 137 ക്യാൻസർ മരുന്നുകൾക്ക് വില കുറയുന്നത് ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസമാകുമ്പോഴും, 65 വിലകൂടിയ പേറ്റന്റ് മരുന്നുകൾ വില നിയന്ത്രണ പട്ടികയ്ക്ക് പുറത്താണ്. ഇത് ഗുരുതര ക്യാൻസർ രോഗികൾക്ക് വലിയ തിരിച്ചടിയാകും. ചികിത്സയ്‌ക്കായി ലക്ഷങ്ങൾ കണ്ടെത്തേണ്ട സാഹചര്യമാണ്. മരുന്നു വില നിയന്ത്രണത്തിൽ സമഗ്രമായ ഇടപെടൽ വേണമെന്നാണ് ആവശ്യം.

ക്യാൻസർ മരുന്നുകളുടെ വില കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നടപടി രോഗികൾക്കും കുടുംബങ്ങൾക്കും വലിയ പ്രതീക്ഷ നൽകുന്നതാണ്. വ്യാപാര ലാഭവിഹിതം 30 ശതമാനമായി കുറച്ചതോടെ 137 നോൺ ഷെഡ്യൂൾഡ് ക്യാൻസർ മരുന്നുകളുടെ വില ഗണ്യമായി കുറയും. പുതുക്കിയ വില ഇന്നലെ പ്രാബല്യത്തിൽ വന്നു.

ക്യാൻസർ ഒരാളെ ശാരീരികമായി മാത്രമല്ല, സാമ്പത്തികമായും തകർക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. രോഗനിർണയം മുതൽ തുടർചികിത്സയും മരുന്നുകളും പരിശോധനകളും ആശുപത്രിവാസവും വരെ നീളുന്ന ചെലവ് സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ ഇളക്കും. ചികിത്സയ്ക്കായി വായ്പയെടുക്കുന്ന കുടുംബങ്ങൾ കടബാധ്യതയുടെ നീണ്ട ചക്രത്തിലേക്ക് വീഴുന്നു. ഇത്തരം സാഹചര്യത്തിൽ മരുന്നുകളുടെ വില കുറയ്ക്കാനുള്ള തീരുമാനം ഏറെ പ്രസക്തമാണ്.

പുതിയ വിലനിയന്ത്രണത്തിന്റെ ഭാഗമായി ചില ജനറിക് ക്യാൻസർ മരുന്നുകൾക്ക് 70 മുതൽ 93 ശതമാനം വരെ വിലക്കുറയും. ഇതിലൂടെ രോഗികൾക്ക് പ്രതിവർഷം ഏകദേശം 2,250 കോടി രൂപയുടെ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. പാല്ബോസിക്ലിബ്, ഒലാപാരിബ്, അനാസ്ട്രോസോൾ, സുനിറ്റിനിബ് തുടങ്ങിയ മരുന്നുകളുടെ വിലയിൽ വലിയ കുറവാണ് പ്രതീക്ഷിക്കുന്നത്. ഉദാഹരണത്തിന്, 100 മില്ലിഗ്രാം പാല്ബോസിക്ലിബിന്റെ വില 24,505 രൂപയിൽ നിന്ന് 2,068 രൂപയാകും. ഒലാപാരിബിന്റെ 30 ഗുളികകളുടെ വില 15,398ൽ നിന്ന് 2,695 രൂപയായും അനാസ്ട്രോസോൾ ഒരു മില്ലിഗ്രാമിന്റെ വില 695ൽ നിന്ന് 76 രൂപയായും കുറയുന്നു. സുനിറ്റിനിബ് ക്യാപ്‌സ്യൂളിന്റെ വില 889 രൂപയിൽനിന്ന് 285.69 രൂപയായും താഴുന്നു.

എന്നാൽ വിലക്കുറവിന്റെ നേട്ടം എല്ലാ ക്യാൻസർ രോഗികൾക്കും ഒരുപോലെ ലഭിക്കില്ലെന്നതാണ് പ്രധാന ആശങ്ക. ഒരു കമ്പനിക്ക് മാത്രമുള്ള പേറ്റന്റിന്റെ അടിസ്ഥാനത്തിൽ വിപണനം ചെയ്യുന്ന 65 ബ്രാൻഡഡ് ക്യാൻസർ മരുന്നുകൾ വിലനിയന്ത്രണ പട്ടികയ്‌ക്ക് പുറത്താണ്. ഇവയിൽ പലതിന്റെയും വില ഒരു ലക്ഷം മുതൽ നാലു ലക്ഷം രൂപ വരെയാണ്. കീട്രൂഡ (പെംബ്രോലിസുമാബ്), ഇംജുഡോ (ട്രെമെലിമുമാബ്), ഓപ്ഡിറ്റ (നിവോലുമാബ്), ടാഗ്രിസ്സോ (ഓസിമെർട്ടിനിബ്), അവാസ്റ്റിൻ (ബെവാസിസുമാബ്) തുടങ്ങിയ വിലകൂടിയ മരുന്നുകൾ ഇതിന് ഉദാഹരണങ്ങളാണ്. കീട്രൂഡയുടെ 100 മില്ലിഗ്രാമിന് 2,16,500 രൂപയും ഇംജുഡോയുടെ 300 മില്ലിഗ്രാമിന് 4,17,522 രൂപയുമാണ് വില. ഓപ്ഡിറ്റയുടെ 100 മില്ലിഗ്രാമിന് 1,09,450 രൂപയും അവാസ്റ്റിൻ 400 മില്ലിഗ്രാമിന് ഏകദേശം 1.24 ലക്ഷം രൂപയുമാണ് വില.

ഇത്തരം മരുന്നുകൾ ചികിത്സയുടെ നിർണായക ഘട്ടങ്ങളിൽ ആവശ്യമായി വരുന്ന രോഗികൾക്ക് വിലയിൽ മാറ്റമില്ലാത്തത് വലിയ പ്രതിസന്ധിയാണ്. വിലകുറഞ്ഞ ജനറിക് മരുന്നുകൾ ലഭ്യമാകുന്നത് ആശ്വാസകരമാണെങ്കിലും, ക്യാൻസറിന്റെ ഘട്ടം, രോഗിയുടെ ആരോഗ്യസ്ഥിതി, ചികിത്സയോടുള്ള പ്രതികരണം എന്നിവ പരിഗണിച്ചാണ് ഡോക്ടർമാർ മരുന്നുകൾ നിർദ്ദേശിക്കുന്നത്. അതിനാൽ വില കുറഞ്ഞ മറ്റൊരു മരുന്ന് ലഭ്യമാണെന്നതുകൊണ്ട് മാത്രം രോഗിക്ക് ഉപയോഗിക്കാനാകില്ല. ഡോക്ടർ നിർദ്ദേശിക്കുന്ന പ്രത്യേക മരുന്ന് ഉപയോഗിക്കേണ്ടിവരുമ്പോൾ അതിന്റെ വില താങ്ങാനുള്ള ശേഷിയില്ലാത്തവർക്ക് ചികിത്സ പോലും പ്രയാസകരമാകും.

ഈ വിലകൂടിയ 65 മരുന്നുകൾ കൂടി നിയന്ത്രണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ രോഗികൾക്ക് 2,500 കോടിയിലധികം രൂപയുടെ അധിക സാമ്പത്തിക നേട്ടമുണ്ടാകുമായിരുന്നുവെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ക്യാൻസർ മരുന്നുകളുടെ വാർഷിക വിറ്റുവരവ് 12,500 കോടിയിൽ നിന്ന് 4,750 കോടി കുറഞ്ഞ് 7,750 കോടി രൂപയാകുമെന്നും കണക്കാക്കപ്പെടുന്നു.

 ലഭ്യത ഉറപ്പാക്കണം

മരുന്നു വില കുറയുന്നതോടൊപ്പം അവ എല്ലായിടത്തും തടസമില്ലാതെ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കണം. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ള രോഗികൾക്ക് വിലകുറഞ്ഞ മരുന്നുകൾ കണ്ടെത്താൻ പ്രയാസമുണ്ട്. നഗരങ്ങളിലെ ആശുപത്രികളെയും പ്രത്യേക ഫാർമസികളെയും ആശ്രയിക്കേണ്ടിവരുന്നത് യാത്രാച്ചെലവും താമസച്ചെലവും വർദ്ധിപ്പിക്കും. ചികിത്സയ്ക്കായി മാസത്തിൽ പലതവണ ആശുപത്രിയിലെത്തേണ്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അധിക സാമ്പത്തിക ബാധ്യതയാണ്. ദിവസവേതന തൊഴിലാളികളും ചെറുകിട കച്ചവടക്കാരും സാധാരണക്കാരും ചികിത്സയ്ക്കായി ജോലിയും വരുമാനവും ഉപേക്ഷിക്കേണ്ടിവരും.

ക്യാൻസർ ചികിത്സയുടെ ചെലവ് മരുന്നുകളുടെ വിലയിൽ മാത്രം ഒതുങ്ങുന്നില്ല. കീമോതെറാപ്പി, റേഡിയേഷൻ, ശസ്ത്രക്രിയ, സ്കാനിംഗ്, രക്തപരിശോധനകൾ, ആശുപത്രിവാസം, പോഷകാഹാരം, തുടർപരിശോധനകൾ എന്നിവയെല്ലാം കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത കൂട്ടും. ചികിത്സയ്ക്കിടെ ജോലി ചെയ്യാനുള്ള ശേഷി കുറയുന്നതോടെ കുടുംബത്തിന്റെ വരുമാനവും ഇടിയുന്നു. പലപ്പോഴും രോഗിയുടെ ചികിത്സയ്ക്കായി കുടുംബത്തിലെ മറ്റൊരു അംഗത്തിന് ജോലി ഉപേക്ഷിക്കേണ്ടിവരുന്നു. ഇതോടെ വരുമാനം കുറയുകയും ചെലവുകൾ കൂടുകയും ചെയ്യുന്ന ഇരട്ടപ്രതിസന്ധിയാണ് രൂപപ്പെടുന്നത്.

ഈ സാഹചര്യത്തിൽ പേറ്റന്റ് മരുന്നുകളുടെ വിലനിർണയത്തിൽ രോഗികളുടെ സാമ്പത്തികശേഷിയും പൊതുജനാരോഗ്യത്തിന്റെ ആവശ്യകതയും പരിഗണിക്കണം. വിലകുറഞ്ഞ ജനറിക് മരുന്നുകളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം ഗുണനിലവാരവും ഉറപ്പാക്കണം. സർക്കാർ ആശുപത്രികളിൽ ആവശ്യമായ ക്യാൻസർ മരുന്നുകൾ സ്ഥിരമായി ലഭ്യമാക്കുക, ചികിത്സാ പദ്ധതികളുടെ ആനുകൂല്യങ്ങൾ കൂടുതൽ രോഗികളിലേക്ക് എത്തിക്കുക, വിലനിയന്ത്രണ ഉത്തരവുകൾ കർശനമായി നടപ്പാക്കുക തുടങ്ങിയ നടപടികളും അനിവാര്യമാണ്.

സാമ്പത്തിക ശേഷിയില്ലാത്തതിനാൽ രോഗികൾക്ക് ചികിത്സ മുടക്കേണ്ടിവരുന്ന സാഹചര്യം പരിഷ്കൃത ആരോഗ്യസംവിധാനത്തിന് അംഗീകരിക്കാനാവില്ല. വിലകൂടിയ പേറ്റന്റ് മരുന്നുകളെക്കൂടി പരിഗണിച്ചുള്ള സമഗ്രമായ നയമാണ് ആവശ്യം. രോഗം നേരിടുന്ന വേദനയ്ക്കൊപ്പം സാമ്പത്തിക തകർച്ചയുടെ ഭാരം കൂടി ചുമക്കേണ്ടിവരാത്ത സാഹചര്യം സൃഷ്ടിക്കുമ്പോഴേ ക്യാൻസർ ചികിത്സ യഥാർത്ഥത്തിൽ സാധാരണക്കാരന്റെ അവകാശമായി മാറുകയുള്ളൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDICINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION