ഗുവാഹത്തി: വനിതകളുടെ ലോകകപ്പ് ക്രിക്കറ്റില്‍ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയെ 59 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സാണ് നേടിയത്. മഴ നിയമത്തിന്റെ (ഡിഎല്‍എസ്) അടിസ്ഥാനത്തില്‍ ലങ്കയുടെ വിജയലക്ഷ്യം 271 റണ്‍സായി പുനര്‍നിശ്ചയിച്ചിരുന്നു. എന്നാല്‍ അവരുടെ മറുപടി 45.3 ഓവറില്‍ 211 റണ്‍സില്‍ അവസാനിച്ചു.
വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍ ഹാസിന് പെരേരയുടെ വിക്കറ്റ് 14(20) പെട്ടെന്ന് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു 43(47), ഹര്‍ഷിത സമരവിക്രമ 29(45) സഖ്യം ലങ്കയ്ക്കായി പോരാടി. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിഞ്ഞതോടെ ലങ്കന്‍ ഇന്നിംഗ്‌സിന്റെ താളവും വേഗവും തെറ്റി. വിഷ്മി ഗുണരത്‌നെ 11(28), കവിഷ ദില്‍ഹാരി 15(12), നിലാക്ഷി ഡി സില്‍വ 35(29), അനുഷ്‌ക സഞ്ജീവനി 6(10) എന്നിങ്ങനെയാണ് പ്രധാന താരങ്ങളുടെ സ്‌കോറുകള്‍.
സുഗന്ധിക കുമാരി 10(19), അച്ചിനി കുലസൂര്യ 17(31), ഇനോക രണവീര 3(8) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഉദേശിക പ്രബോധനി 14(26) റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ദീപ്തി ശര്‍മ്മയാണ് ബൗളിംഗില്‍ തിളങ്ങിയത്.
മഴ കാരണം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് സൂപ്പര്‍താരം സമൃതി മന്ദാനയുടെ വിക്കറ്റ് 8(10) ആണ് ആദ്യം നഷ്ടമായത്. ഉദേശിക പ്രബോധിനിക്കാണ് സമൃതിയുടെ വിക്കറ്റ് ലഭിച്ചത്. രണ്ടാം വിക്കറ്റില്‍ ഓപ്പണര്‍ പ്രതിക റാവല്‍ 37(59), ഹര്‍ലീന്‍ ഡിയോള്‍ 48(64) സഖ്യം 67 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പ്രതിക പുറത്തായതോടെയാണ് ഈ സഖ്യം പിരിഞ്ഞത്.
പിന്നീട് ഹാര്‍ലീന്‍ ഡിയോള്‍, ജെമീമ റോഡ്രിഗ്സ് 0(1), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 21(19), വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് 2(6) എന്നിവര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ 120ന് രണ്ട് എന്ന നിലയില്‍ നിന്ന് 124ന് ആറ് എന്ന നിലയിലേക്ക് ഇന്ത്യന്‍ സ്‌കോര്‍ വീണു.
ഏഴാം വിക്കറ്റില്‍ ദീപ്തി ശര്‍മ്മ 53(53), അമന്‍ജോത് കൗര്‍ 57(56) സഖ്യം നേടിയ 103 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സ്നേഹ് റാണ 15 പന്തുകളില്‍ നിന്ന് 28 റണ്‍സ് നേടി അവസാന ഓവറുകളില്‍ റണ്‍ നിരക്ക് ഉയര്‍ത്തി. ശ്രീലങ്കയ്ക്ക് വേണ്ടി ഇനോക രണവീര നാല് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. ഉദേശിക പ്രബോധിനിക്ക് രണ്ട് വിക്കറ്റ് കിട്ടയപ്പോള്‍ അച്ചിനി കുലസൂര്യക്കും ചമാരി അട്ടപ്പട്ടുവിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |