ചെന്നൈ: കരൂർ ദുരന്തം വിജയ് വരുത്തിവച്ചതെന്ന് ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി. വിജയ്ക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ സാധിക്കില്ല. ആളെക്കൂട്ടാൻ മനഃപ്പൂർവ്വം ഏഴുമണിക്കൂർ വൈകിയെത്തുകയായിരുന്നുവെന്നും ഭാരതി ആരോപിച്ചു.
'ദുരന്തത്തിന് വിജയ് ഉത്തരം പറയണം. വിഷയത്തിൽ സിബിഐ അന്വേഷണം എന്തിനാണ്. തമിഴ്‌നാട് സർക്കാർ നടത്തുന്നത് കുറ്റമറ്റ അന്വേഷണമാണ്. സിബിഐ വേണ്ടെന്നാണ് ഡിഎംകെയുടെ നിലപാട്. സിബിഐ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഉപകരണമായി മാറുകയാണ്. വിജയ്‌യെ വരുതിയിൽ നിർത്താൻ സിബിഐയെ ബിജെപി ഉപയോഗിക്കും.
വിജയ്ക്ക് പിന്നിലുള്ളത് താരാരാധന തലയ്ക്ക് പിടിച്ചവരാണ്. അത്തരക്കാരെക്കുറിച്ച് പറയാൻ തന്നെ നാണക്കേട് തോന്നുകയാണ്. കരൂരിൽ തിങ്ങി നിറഞ്ഞത് വിദ്യാർത്ഥികളടക്കം ചെറുപ്പക്കാർ മാത്രമാണ്. മുതിർന്നവർ കേവലം രണ്ടായിരത്തോളം പേർ മാത്രമാണുണ്ടായിരുന്നത്. വിജയുടെ രാഷ്ട്രീയഭാവി എന്തെന്നത് ഡിഎംകെയെ ബാധിക്കില്ല. ഡിഎംകെയ്ക്ക് ടിവികെയെ ഭയമില്ല. ഡിഎംകെ ജനങ്ങൾക്കിടയിൽ കൃത്യമായി പ്രവർത്തിക്കുന്നുണ്ട്'- ഭാരതി വ്യക്തമാക്കി.
വൻജനക്കൂട്ടം സൃഷ്ടിക്കാൻ വിജയ് കരൂർ സന്ദർശനം മനഃപ്പൂർവം നാല് മണിക്കൂർ വൈകിപ്പിച്ചെന്നാണ് എഫ്.ഐ.ആറിലുള്ളത്. ഉച്ചയ്ക്ക് 12 മണിക്ക് എത്തുമെന്ന് അറിയിച്ചശേഷം രാത്രിയിലാണ് എത്തിയത്. കാത്തിരുന്നു വലയുന്ന ജനങ്ങൾക്ക് ജീവഹാനി സംഭവിക്കാമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും ടിവികെ നേതാക്കൾ ചെവിക്കൊണ്ടില്ലെന്നും കരൂർ പൊലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നു.റോഡ് ഷോ നടത്തിയത് അനുമതി ഇല്ലാതെയാണെന്നും റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |