ചെന്നൈ: 41 പേരുടെ ദാരുണാന്ത്യത്തിന് കാരണമായ റാലി സംഘടിപ്പിച്ച തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യെ പ്രതിയാക്കി തമിഴ്നാട് പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്യും. ഇക്കാര്യത്തിൽ കോടതിയുടെ നിർദേശം വന്നില്ലെങ്കിലും കേസ് എടുക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ അറിയിച്ചതായാണ് വിവരം. അറസ്റ്റുണ്ടായാൽ ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കം പൊലീസ് നടത്തും. വിജയ്‌ക്കെതിരെ കേസെടുത്ത് നിയമ നടപടിയുമായി മുന്നോട്ടു പോകാമെന്നുള്ള നിയമോപദേശവും മുഖ്യമന്ത്രിക്കു ലഭിച്ചിട്ടുണ്ട്.
വിജയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്താൽ ടി.വി.കെ അത് ഡി.എം.കെയ്ക്കെതിരെ രാഷ്ട്രീയ ആയുധം ആക്കുമെന്ന ആശങ്കയിലാണ് ഇന്നലെ അതുണ്ടാകാത്തത്. എന്നാൽ ഇന്നലെ രാത്രി പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി എം.പി ദുരന്തത്തിന്റെ ഉത്തരവാദിത്വം റാലി സംഘടിപ്പിച്ച പാർട്ടിക്കാണെന്ന് വ്യക്തമാക്കിയിരുന്നു. വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം തമിഴ്നാടിന്റ വിവിധഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്. വിജയ്‌യുടെ വീട്ടിലേക്ക് വിദ്യാർത്ഥികൾ പ്രകടനവും നടത്തിയിരുന്നു.
റാലി നയിച്ചത് ടി.വി.കെ പ്രസിഡന്റ് വിജയ് ആണ്. എന്നാൽ ഇതുവരെ കേസെടുത്തത് ടി.വി.കെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സി.ടി നിർമൽ കുമാർ കരൂർ ജില്ലാ സെക്രട്ടറി മതിയഴകൻ എന്നിവർക്കെതിരെയാണ്. മനഃപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.
ദുരന്തത്തിന് പിന്നാലെ പര്യടനം നിറുത്തിവച്ച വിജയ് ചെന്നൈയിലെ വസതിയിൽ തങ്ങുകയാണ്. കോയമ്പത്തൂർ, നീലഗിരി ജില്ലകളിലെ 31 കേന്ദ്രങ്ങളിലാണ് റാലി നടത്താനുള്ളത്. അതിനിടെ കരൂർ സന്ദർശനത്തിന് അദ്ദേഹം പൊലീസിന്റെ അനുമതി തേടി. ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടി.വി.കെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ഗൂഢാലോചനയുണ്ടെന്നാണ് ഹർജിയിലെ ആരോപണം.
മൃതദേഹങ്ങളെല്ലാം തിരിച്ചറിഞ്ഞു. സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ശനിയാഴ്ച രാത്രിയാണ് കരൂരിൽ തിക്കിലും തിരക്കിലും 41 പേർ മരിച്ചത്. 10 പേർ കുട്ടികളും 17 പേർ സ്ത്രീകളുമാണ്. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 2 ലക്ഷം വീതവും സഹായ ധനം നൽകുമെന്ന് ടി.വി.കെ അറിയിച്ചു. സർക്കാർ പ്രഖ്യാപിച്ചതിന്റെ ഇരട്ടി തുകയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |