തിരുവനന്തപുരം: രാഷ്ട്രപതി അനുമതി നിഷേധിച്ച മലയാള ഭാഷാ ബിൽ പുതിയ വ്യവസ്ഥകളോടെ വീണ്ടും നിയമസഭയിൽ അവതരിപ്പിക്കാൻ സർക്കാർ. മലയാള ഭാഷയുടെ വ്യാപനത്തിനും പരിപോഷണത്തിനുമായാണ് ബിൽ കൊണ്ടുവരുന്നത്. 10 വർഷം തടഞ്ഞുവച്ച ശേഷം കഴിഞ്ഞ മേയിലാണ് രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചത്.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പത്താംക്ലാസ് വരെ മലയാളം നിർബന്ധമായും ഒന്നാംഭാഷയാക്കും, ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പിനെ മലയാള ഭാഷാ വികസനവകുപ്പ് എന്നാക്കി മാറ്റും, മലയാള ഭാഷാവികസന ഡയറക്ടറേറ്റ് രൂപവത്കരിക്കും തുടങ്ങിയ വ്യവസ്ഥകളാണ് ബില്ലിലുള്ളത്.
സംസ്ഥാന നിയമങ്ങളും ഓർഡിനൻസുകളും സർക്കാർ ഉത്തരവുകളും ബൈലാകളും ചട്ടങ്ങളും മലയാളത്തിലാകും. സർക്കാരിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ അനുമതിയോടെയുള്ള വാണിജ്യ, വ്യവസായ, വ്യാപാര സ്ഥാപനങ്ങൾ, ഉൾപ്പെടെയുള്ളവയുടെ ബോർഡുകളുടെ ആദ്യപകുതി മലയാളത്തിലായിരിക്കണം. ജില്ലാകോടതികളിൽ വരെ വിധിന്യായം ഉൾപ്പെടെയുള്ള നടപടികൾ ഘട്ടംഘട്ടമായി മലയാളത്തിലാക്കും. ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ആവശ്യമായ വിധിന്യായം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി നൽകും. ഐ.ടിയിൽ മലയാളത്തിനായി സ്വതന്ത്ര സോഫ്റ്റ്‌വെയറുണ്ടാക്കും. ഗവ. വെബ്‌സൈറ്റുകളിലെ വിവരങ്ങൾ മലയാളത്തിലും ലഭ്യമാക്കണം. ഇ- ഭരണ പദ്ധതിയിലെ അടിസ്ഥാനഭാഷ മലയാളമാകണം- തുടങ്ങിയവയാണ് ബില്ലിലെ മറ്റ് വ്യവസ്ഥകൾ.
2015ൽ നിയമസഭ പാസാക്കിയ ബിൽ, തമിഴും കന്നഡയുമടക്കം ഭാഷാന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ ഹനിക്കുമോയെന്ന സംശയത്തിലാണ് ഗവർണറായിരുന്ന പി.സദാശിവം രാഷ്ട്രപതിക്കയച്ചത്. ഇതരസംസ്ഥാനങ്ങൾ, വിദേശരാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വരുന്ന മലയാളികളല്ലാത്ത വിദ്യാർത്ഥികളെ ഒൻപത്, പത്ത് ക്ലാസുകളിലും ഹയർസെക്കൻഡറിയിലും മലയാള പരീക്ഷ എഴുതുന്നതിൽ നിന്ന് ഒഴിവാക്കുമെന്ന വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റേതെങ്കിലും ഭാഷ മാതൃഭാഷയായിട്ടുള്ള വിദ്യാർത്ഥികൾക്ക് അവർക്കിഷ്ടമുള്ളതും സംസ്ഥാനത്തെ സ്കൂളുകളിൽ ലഭ്യമായതുമായ ഭാഷകളിൽ അദ്ധ്യയനം നടത്താമെന്നും വ്യവസ്ഥയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |