കോവളം: തിരുവല്ലം ഇടയാറിലെ നാരകത്തറ തറവാട് ഇനി ഓർമ്മ.450 വർഷത്തോളം പഴക്കമുള്ള തറവാടാണ് കഴിഞ്ഞ ദിവസം അഗ്നിക്കിരയായത്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിനെ ശത്രുക്കളിൽ നിന്നും രക്ഷിച്ച തറവാടാണിത്. തറവാടിന് മുന്നിൽ മനോഹരമായൊരു നാരക വൃക്ഷം ഉണ്ടായിരുന്നതായും ഇവിടെ നാഗപൂജ നടന്നിരുന്നതായും പഴമക്കാർ പറയുന്നു. അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ശേഷം ഗുരുദേവൻ കുന്നുംപാറ ക്ഷേത്രത്തിലെ മഠത്തിൽ തങ്ങുന്ന സമയത്ത് അന്നത്തെ കാരണവർ ഗുരുവിനെ നാരകത്തറ തറവാട്ടിലേക്ക് സ്വീകരിച്ചിരുന്നു.ഗുരുവിന് തറവാട് ഇഷ്ടപ്പെട്ടതിനാൽ ദുരാചാരങ്ങൾ പാടില്ലെന്ന് നിർദ്ദേശിച്ചു. ക്ഷേത്ര പ്രവേശനത്തിന് ശേഷം ആഘോഷപൂർവമായായിരുന്നു നാരകത്തറയിൽ നിന്ന് പരശുരാമസ്വാമി ക്ഷേത്രത്തിലേക്ക് കൊടിക്കൂറ എത്തിച്ചിരുന്നത്.ആദ്യകാലങ്ങളിൽ ക്ഷേത്രത്തിന് പുറത്ത് മാത്രം കൊണ്ട് നൽകിയിരുന്ന കൊടിക്കൂറ പിന്നീട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായാണ് ക്ഷേത്രത്തിനകത്തെത്തിച്ചത്. ക്ഷേത്രത്തിലെ ആറാട്ടുസമയത്ത് ശംഖുംമുഖത്ത് രണ്ട് ഓലപ്പുരകൾ കെട്ടുന്നതിനുള്ള അവകാശവും നാരകത്തറ കുടുംബക്കാർക്കാണ്. ഇവിടെയുള്ള മന്ത്രമൂർത്തി ക്ഷേത്രത്തിലെ ഉത്സവം ഇവിടത്തുകാർക്ക് വളരെ പ്രധാനമാണ്. തറവാട് കത്തിയെങ്കിലും സമീപത്തെ കാവുകൾക്കും ക്ഷേത്രത്തിനും കേടുപാടുകളുണ്ടായിട്ടില്ല. പൂർണമായും തടിയിൽ തീർത്ത പതിനാറ് കെട്ടും പടിപ്പുരയും നടുമുറ്റവും അകത്തളവും കൊത്തുപണികളാൽ തീർത്ത മനോഹര വാതിൽ പാളികളും അഴികളുമുള്ള നാരകത്തറ ഇനി ഓർമ്മകളാവുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |