ആലപ്പുഴ: 'ലാ നിന' പ്രതിഭാസത്തിന്റെ ഭാഗമായുള്ള മഴ നീണ്ടാൽ കാർഷികമേഖല കടുത്ത പ്രതിസന്ധിയിലാകും. മഴ നീളുന്നത് ഇപ്പോൾതന്നെ കരകൃഷികളിൽ അഴുകൽ രോഗത്തിനിടയാക്കിയിരിക്കെ തുലവർഷം ശക്തമാകുകയും ചെയ്താൽ പച്ചക്കറി,ഇഞ്ചി, മഞ്ഞൾ , വാഴ, തെങ്ങ് തുടങ്ങിയ വിളകളെ ബാധിക്കും.
കാലവർഷത്തിന് ശേഷം കന്നിമാസത്തിൽ നല്ല ചൂട് അനുഭവപ്പെടുന്നതായിരുന്നു കേരളത്തിലെ രീതിയെങ്കിൽ ലാ നിനയുടെ സ്വാധീനത്തിൽ കന്നിമാസത്തെ കാലാവസ്ഥ കണ്ടറിയേണ്ട സ്ഥിതിയാണ്. പതിവിലും നേരത്തെ തുടങ്ങിയ കാലവർഷം ഓണം കഴിഞ്ഞിട്ടും തുടരുന്നത്. നിലവിൽ കരകൃഷികളിൽ പലതിനും ദോഷമായിട്ടുണ്ട്. ചേന, ചേമ്പ്, കുരുമുളക് തുടങ്ങിയവയ്ക്ക് പലതിനും വേരഴുകലും ഇല മഞ്ഞളിപ്പും വ്യാപകമാണ്.
പാടങ്ങളിലെ അമിതമായ വെള്ളമാണ് കൃഷിയ്ക്ക് തടസം. വെള്ളം വറ്രിച്ചാലും മഴ തുടർന്നാൽ കൃഷി സാദ്ധ്യമാകാത്ത സ്ഥിതിയുണ്ടാകും. നിലവിൽ രണ്ടാംവള പ്രയോഗത്തിന് സമയമായ കുട്ടനാട്ടിലെ കൊയ്ത്തിനും ലാ നിന വെല്ലുവിളിയാകാനാണ് സാദ്ധ്യത. മദ്ധ്യകേരളത്തിൽ വ്യാപകമായ ചീരകൃഷിയ്ക്ക് പാടങ്ങളും പുരയിടവും ഒരുക്കേണ്ട സമയം കൂടിയാണിത്. വേനൽവിളയായതിനാൽ മഴ തുടരുന്നത് ചീരയുടെ വളർച്ചയ്ക്കും ദോഷം ചെയ്യും.
പച്ചക്കറികളിൽ അഴുകൽ വ്യാപകം
അമിതമഴയിൽ മണ്ണിലെ അമ്ളത്വം കൂടിയതാണ് വേരുകൾ ചീയാനും ആവശ്യമായ പോഷക ഘടകങ്ങൾ വലിച്ചെടുത്തുള്ള വളർച്ചയ്ക്കും തടസമായത്
മണ്ണ് പരിശോധന നടത്തി ആവശ്യമായ തോതിൽ കുമ്മായം നൽകി മണ്ണിന്റെ വളക്കൂറ് വർദ്ധിപ്പിക്കാനുള്ള വളങ്ങൾ പ്രയോഗിക്കുകയാണ് പോംവഴി
ഓണം കഴിയുന്നതിന് പിന്നാലെയാണ് കരപ്രദേശങ്ങളിൽ പച്ചക്കറി കൃഷികൾ ആരംഭിക്കുന്നത്
പയർ, പാവൽ,പടവലം, വെണ്ട. മുളക്, തക്കാളി തുടങ്ങിയ കൃഷികൾക്ക് കൃഷി സ്ഥലങ്ങൾ ഒരുക്കുന്നതിന് ഇപ്പോഴത്തെ മഴ തടസമാണ്
അമിതമായ മഴയും വേനലിലെ കൊടും ചൂടുമുൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനം കൃഷിയ്ക്ക് ഭീഷണിയായി കഴിഞ്ഞു.
- വിമൽകുമാർ, പച്ചക്കറി കർഷകൻ
ലാ നിനയുൾപ്പെടെ കാലാവസ്ഥാവ്യതിയാനം കൃഷിയ്ക്ക് ഭീഷണിയാകുന്ന ഘട്ടത്തിൽ വിളകൾ ഇൻഷുർ ചെയ്യാൻ കർഷകർ തയ്യാറാകുകയാണ് ഏക പോംവഴി
-നിഖിൽ. കൃഷി ഓഫീസർ, വള്ളികുന്നം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |