മലപ്പുറം: നിർഭയത്വമാണ് കേരളകൗമുദിയുടെ മുഖമുദ്രയെന്നും അതിന് കാരണമായത് സ്ഥാപക പത്രാധിപർ കെ.സുകുമാരൻ ആണെന്നും എഴുത്തുകാരൻ മണമ്പൂർ രാജൻബാബു പറഞ്ഞു. കേരളകൗമുദി മലപ്പുറം യൂണിറ്റ് സംഘടിപ്പിച്ച പത്രാധിപർ കെ.സുകുമാരൻ അനുസ്മരണം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.സുകുമാരന്റെ ഓരോ വാക്കുകൾക്കും പ്രവൃത്തികൾക്കും വലിയ അർത്ഥ തലങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു അന്തരവും ഉണ്ടായിരുന്നില്ല.
മാദ്ധ്യമ പ്രവർത്തനത്തിന്റെ മുഖമുദ്ര വിശ്വാസ്യതയാണെന്ന നിലപാട് സ്വീകരിച്ചു. കെ.സുകുമാരൻ അന്തരിച്ചിട്ട് വർഷങ്ങളേറെ കഴിഞ്ഞെങ്കിലും ഇന്നും പത്രാധിപർ എന്ന് പറഞ്ഞാൽ മലയാളികൾക്ക് അത് കെ.സുകുമാരൻ മാത്രമാണ്. കേരളീയ നവോത്ഥാനത്തിന് ചൂടും വെളിച്ചവും പകർന്ന എഴുത്തുകൾ, പ്രഭാഷണങ്ങൾ എന്നിവയിലൂടെ അദ്ദേഹം മാതൃകയായി. സത്യം തെളിയിക്കാനായി സ്വന്തം പത്രത്തിലെ ലെറ്റർ ടു ദി എഡിറ്റർ കോളത്തിൽ എഴുതിയ ഏക വ്യക്തി കൂടിയായിരുന്നു കെ.സുകുമാരൻ. ഭരണകൂടത്തിന് മുന്നിൽ മുട്ടുമടക്കാതെ നിവർന്ന് നിന്ന് സത്യത്തിനായി തൂലിക ചലിപ്പിച്ചു. തനതായ വ്യക്തിത്വവും ഉറച്ച നിലപാടുകളും കേരളകൗമുദിക്ക് നൽകി. കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ രക്ഷകനായി നിലകൊണ്ട് അവർക്കെതിരായ അനീതികളെ ചോദ്യം ചെയ്യാൻ കെ.സുകുമാരൻ മുന്നിൽ നിന്നു. മാദ്ധ്യമ മേഖലയിൽ പുതിയ ദിശാബോധം നൽകിയ പത്രാധിപർ കെ.സുകുമാരൻ തെളിയിച്ച വഴിയിലൂടെയാണ് ഇന്നും കേരളകൗമുദി സഞ്ചരിക്കുന്നത്. - മണമ്പൂർ രാജൻബാബു പറഞ്ഞു.
പ്രാദേശിക പത്രപ്രവർത്തകർക്കുള്ള പത്രാധിപർ പുരസ്‌കാരം കേരളകൗമുദി ചിറ്റൂർ ലേഖകൻ എ.രാമചന്ദ്രന് മണമ്പൂർ രാജൻബാബു സമ്മാനിച്ചു. കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി അദ്ധ്യക്ഷനായി. പരസ്യ വിഭാഗം മാനേജർ പി.സുബ്രഹ്മണ്യൻ സ്വാഗതവും മലപ്പുറം ബ്യൂറോ റിപ്പോർട്ടർ യു.ജെ.ജിജി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |