കൊച്ചി: 208 കുടുംബങ്ങൾ വസിച്ച ഇരട്ട ടവറുകളിൽ ഇനി അവശേഷിക്കുന്നത് ഇരുപതിൽ താഴെ കുടുംബങ്ങൾ. ഏഴു വർഷം മുമ്പ് ആഹ്ളാദചിത്തരായി പുതിയ ഫ്ളാറ്റുകളിൽ താമസിക്കാനെത്തിയവരുടെ മുഖങ്ങളിൽ ഇന്ന് അനിശ്ചിതത്വത്തിന്റെ കരിനിഴൽ.
വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ 29 നില ചന്ദേർകുഞ്ജ് ആർമി ടവറുകൾ ഒരാഴ്ചയ്ക്കുള്ളിൽ വിജനമാകും. ഇനി ഇവ നിലം പതിക്കാനുള്ള ദിവസം നിശ്ചയിച്ചാൽ മതി. സൈനികർക്കും വിമുക്ത ഭടന്മാർക്കുമായി സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ നിർമ്മിച്ചതാണ് ടവറുകൾ. താമസം തുടങ്ങി രണ്ടാം വർഷം കെട്ടിടങ്ങൾ പൊളിഞ്ഞു തുടങ്ങി. കരാറുകാരുമൊത്ത് എ.ഡബ്ല്യു.എച്ച്.ഒ (ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ) ഉന്നതർ നടത്തിയ വമ്പൻ അഴിമതിയുടെ ബാക്കിപത്രം.
സൈന്യത്തിനെതിരെ ശബ്ദിക്കാൻ തുടക്കത്തിലാരും തയ്യാറായില്ല. യഥാസമയം അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിൽ പൊളിക്കേണ്ടി വരില്ലായിരുന്നു. എ.ഡബ്ല്യു.എച്ച്.ഒയും അസോസിയേഷനും ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി ഉടമകൾ രംഗത്തുണ്ട്.
ഇനി എന്ത് ?
152 ഉടമകൾക്ക് മാറിത്താമസിക്കാനായി ആറു മാസത്തേക്ക് 2.97കോടി കളക്ടർക്ക് എ.ഡബ്ല്യു.എച്ച്.ഒ കൈമാറി.
രണ്ട് ടവറുകളുടെയും പൈലുകൾ കേടുപറ്റാതെ പൊളിക്കാനാണ് ശ്രമം. മരട് ഫ്ളാറ്റു
പൊളിക്കുന്നതിന് മേൽനോട്ടം വഹിച്ച സ്ട്ക്ചറൽ എൻജിനിയർ രംഗത്തുണ്ട്.
തൊട്ടു ചേർന്ന് 14 നിലയുള്ള എ ടവറിനും സ്വീവേജ് ടാങ്കിനും കുഴപ്പമില്ലാതെ വേണം
പൊളിക്കൽ. മണ്ണിനടിയിലെ കുടിവെള്ളം, വൈദ്യുതി, സ്വീവേജ്, ഫയർഫൈറ്റിംഗ് ലൈനുകൾ കട്ട് ചെയ്യുമ്പോൾ ദിവസങ്ങളോളം എ ടവറുകാരും ബുദ്ധിമുട്ടും.
ക്രിമിനൽ, സിവിൽ കേസുകളും തുടരും
കെട്ടിടത്തിൽനിന്ന് അവസാനം ഇറങ്ങുക ഞാനായിരിക്കും. ഇനിയുള്ള ഓരോ നീക്കവും
നിരീക്ഷിക്കാൻ തൊട്ടടുത്ത് താമസിക്കാനാണ് ശ്രമം. നീതിക്കായി പോരാടും.
പോൾ എരിഞ്ഞേരി
റിട്ട. ക്യാപ്ടൻ
ഏഴ് ദിവസത്തിനകം ഒഴിയണം
കൊച്ചി: ബലക്ഷയത്തിലായ വൈറ്റില ചന്ദേർകുഞ്ജ് അപ്പാർട്ടിമെന്റിലെ ബി, സി ടവറുകളിലെ താമസക്കാർ 7 ദിവസത്തിനകം ഒഴിയണമെന്ന് ഹൈക്കോടതി ഉത്തരവ്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട സിംഗിൾബെഞ്ച് ഉത്തരവിലെ വ്യവസ്ഥകൾ ചോദ്യം ചെയ്ത് അന്തേവാസികളുടെ കൂട്ടായ്മയുംഎ.ഡബ്ല്യു.എച്ച്.ഒയും സമർപ്പിച്ച അപ്പീലുകൾ തീർപ്പാക്കിയാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സിംഗിൾബെഞ്ച് ഉത്തരവിൽ ഡിവിഷൻ ബെഞ്ച് പല ഭേദഗതികളും വരുത്തിയിട്ടുണ്ട്.
പ്രധാന ഭേദഗതികൾ:
അപ്പാർട്ട്മെന്റ് പണിയാനും പുനരധിവാസത്തിനും 175 കോടി രൂപ മുടക്കാനാണ് എ.ഡബ്ല്യു.എച്ച്.ഒ സമ്മതിച്ചിട്ടുള്ളത്. എന്നാൽ എത്ര തുക വേണ്ടിവന്നാലും അത് എ.ഡബ്ല്യു.എച്ച്.ഒ വഹിക്കണം.
ഫ്ലാറ്റ് വാടകയ്ക്ക് നൽകിയിരുന്നവരിൽ നിന്ന്, അവർക്ക് ലഭിച്ച വരുമാനമനുസരിച്ച് അധിക തുക ഈടാക്കാമെന്ന വ്യവസ്ഥ റദ്ദാക്കി.
വായ്പയുടെയും ഇ.എം.ഐ അടയ്ക്കുന്നതിന്റെയും രേഖകൾ ഹാജരാക്കിയാൽ നിശ്ചിത നിരക്കിൽ വാടക അനുവദിക്കണം.
പൊളിക്കുന്ന കെട്ടിടങ്ങളുടെ ഒക്യുപെൻസി സർട്ടിഫിക്കറ്റ് പുതിയ കെട്ടിടം താമസയോഗ്യമാക്കും വരെ മരവിപ്പിച്ചു. പുതിയ കെട്ടിടനിർമ്മാണത്തിനുള്ള അനുമതികൾ വാങ്ങുന്നത് എ.ഡബ്ല്യു.എച്ച്.ഒയുടെ ചുമതലയായിരിക്കും.
ഉടമകൾക്ക് നഷ്ടപരിഹാരത്തിനായി റെറ തുടങ്ങിയ അതോറിറ്റികളെ സമീപിക്കുന്നതിന് തടസമില്ല.
എ.ഡബ്ല്യു.എച്ച്.ഒയും നിർമ്മാണ കരാറുകാരുമായുള്ള വ്യവഹാരങ്ങളിൽ ലഭിക്കുന്ന നഷ്ടപരിഹാരത്തിന്റെ വിഹിതം ഫ്ലാറ്റ് ഉടമകൾക്ക് നൽകേണ്ടതില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |