കാസർകോട്: രക്തസാക്ഷികളുടെ മണ്ണായ കയ്യൂരിലെ പെൺസാഹിത്യ കൂട്ടായ്മ പ്രസാധക മേഖലയിൽ വിപ്ളവം സൃഷ്ടിക്കുന്നു. കയ്യൂർ ചെറിയാക്കര ഗവ.എൽ.പി സ്കൂളിലെ രക്ഷിതാക്കളായിരുന്ന എട്ട് വീട്ടമ്മമാരുടെ സൗഹൃദ കൂട്ടായ്മ ഒരു വർഷം മുമ്പ് രൂപം കൊടുത്ത റിസോൾവ് ബുക്സാണ് കുട്ടികളെ വായനയുടെ ലോകത്തേക്ക് എത്തിക്കാനുള്ള ദൗത്യവുമായി രംഗത്തുള്ളത്.
കയ്യൂരിലെ ജി.കെ ധനില, രമ്യ പ്രസാദ്, എം.പ്രിനിത പട്ടോളി, ആതിര സുകേഷ്, ശരണ്യ അനീഥ്, പ്രമീള രതീഷ്, കാവ്യ പീതാംബരൻ, രമ്യ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ സംരംഭം. പ്ലസ്‌ടു, ഡിപ്ലോമ മുതൽ പി.ജി വരെ വിദ്യാഭ്യാസയോഗ്യതയുള്ളവരാണിവർ. അദ്ധ്യാപകർ അടങ്ങിയ വിദഗ്ധ പാനലിലൂടെയാണ് സൃഷ്ടികൾ തിരഞ്ഞെടുക്കുന്നത്. എഡിറ്റിംഗ്, പ്രൂഫ് , ലേ ഔട്ട്, ഉൾപ്പെടെ എല്ലാം വീട്ടമ്മമാർ തന്നെ. പ്രിന്റിംഗ് മാത്രം കോഴിക്കോട്ടെ സ്വകാര്യപ്രസിൽ.മലയാളം, ഇംഗ്ലീഷ്, കന്നഡ കുട്ടികൃതികൾ ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം.രഘുനാഥിന്റെ 'കയ്യൊപ്പ്', രാജേഷ് എസ് വള്ളിക്കോടിന്റെ 'പൂച്ചബോട്ട് ദ റോബോ', കരുവാച്ചേരി മീനാക്ഷിയമ്മയുടെ 'ഞാൻ പടിപ്പുതീർന്ന പെൺകുട്ടി', ബാലകൃഷ്ണൻ നാറോത്തിന്റെ 'പാട്ടോളം', വിനയൻ പിലിക്കോടിന്റെ 'ചപ്പാത്തി പാർക്കിലെ പൂമ്പാറ്റകൾ' തുടങ്ങിയ കൃതികളാണ് പെൺമിടുക്കിൽ പുസ്തകമായി ഇറങ്ങിയത്. കുട്ടികൾക്കുള്ള പരീക്ഷ സഹായിയും ഇവർ തയ്യാറാക്കിയിട്ടുണ്ട്.
ബാലസാഹിത്യ അക്കാഡമി അവാർഡും
റിസോൾവ് ബുക്സ് പ്രസിദ്ധീകരിച്ച ഗ്രാമീണ സ്ത്രീയുടെ കഥ പറയുന്ന ഗിരീഷ് വാസുദേവിന്റെ 'ശില നെയ്തവൾ' എന്ന നോവൽ 2024 ലെ കേരള ബാലസാഹിത്യ അക്കാദമിയുടെ നോവൽ പുരസ്‌ക്കാരം നേടി. പുസ്തകം വിൽക്കുന്നതും പെൺകൂട്ടായ്മ തന്നെ. എട്ടു പേരും ചേർന്ന് അഞ്ച് ലക്ഷത്തോളം രൂപ സ്വരൂപിച്ച് ചെറുവത്തൂർ സ്റ്റേഷൻ റോഡിൽ വില്പന ഷോപ്പും തുടങ്ങിയിട്ടുണ്ട്.
കുടയും സോപ്പും നിർമ്മിച്ച് സംരംഭകരായി
ചെറിയാക്കര ഗവ.എൽ.പി സ്കൂളിനുള്ള വികസന ഫണ്ട് സമാഹരിക്കാൻ കുടയും സോപ്പും ചന്ദനതിരിയും നിർമ്മിച്ച് വിറ്റായിരുന്നു ഇവരുടെ തുടക്കം.അന്ന് സംസ്ഥാനത്തെ മികച്ച പി.ടി.എക്കുള്ള അവാർഡും ചെറിയാക്കര സ്കൂളിന് ലഭിച്ചു. കുട്ടികൾ അഞ്ചാംക്ളാസിലേക്കെത്തിയപ്പോൾ പി.ടി.എയിൽ നിന്ന് മാറിയ ഇവർ തങ്ങളുടെ കൂട്ടായ്മ നിലനിർത്താനാണ് റിസോൾവ് ബുക്സ് ജന്മമെടുത്തത്.
ഞങ്ങളുടെ കൂട്ടായ്മയെ അദ്ധ്യാപകരും നാട്ടുകാരും പുസ്തകപ്രേമികളും ഉൾപ്പെടെ നന്നായി പിന്തുണക്കുന്നുണ്ട്.
സ്നേഹ സൗഹൃദ വനിത കൂട്ടായ്മ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |