മലപ്പുറം: സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ ഹയർസെക്കൻഡറി തുല്യതാ കോഴ്സിൽ (എട്ടാം ബാച്ച്) പൊതുവിദ്യാഭ്യാസ വകുപ്പ് ജൂലായിൽ നടത്തിയ പൊതുപരീക്ഷയിൽ മലപ്പുറം ജില്ലയ്ക്ക് 91 ശതമാനം വിജയം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. ജില്ലയിൽ അഞ്ച് പഠിതാക്കളാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.
പരീക്ഷ എഴുതിയ 2,764 പേരിൽ 2,503 പേർ വിജയിച്ചു. ഇതിൽ 431 പുരുഷൻമാരും 2,072 സ്ത്രീകളും 258 പട്ടികജാതിക്കാരും 12 പട്ടിക വർഗക്കാരും 27 സവിശേഷ വിഭാഗത്തിൽ പെട്ടവരുമാണ് പരീക്ഷ എഴുതിയത്. 72 വയസ്സുള്ള എൻ.എം.കുഞ്ഞിമോൻ ആണ് ജില്ലയിലെ മുതിർന്ന പഠിതാവ്. അദ്ദേഹം ജി.എച്ച്.എസ്.എസ് എടപ്പാൾ സെന്ററിലാണ് പരീക്ഷ എഴുതിയത്.
ജില്ലയിൽ 50 പഠന കേന്ദ്രങ്ങളിലായിരുന്നു ഇവരുടെ പഠനം. ഞായറാഴ്ചകളിലും മറ്റ് പൊതുഅവധി ദിവസങ്ങളിലുമാണ് ക്ലാസ് നടത്തിയത്. 30 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. അഞ്ച് പഠന കേന്ദ്രങ്ങൾ 100 ശതമാനം വിജയം നേടി. പലവിധ ജീവിത സാഹചര്യങ്ങളാലും സാമൂഹ്യകാരണങ്ങളാലും ഇടയ്ക്ക് വച്ച് പഠനം നിറുത്തിയ 18ന് മുകളിൽ പ്രായമുള്ളവരാണ് തുല്യതാ പഠിതാക്കൾ. വിജയികളെ ജില്ലാ പഞ്ചായത്തും ജില്ലാ സാക്ഷരതാമിഷനും ആദരിക്കും.
പി.പി.സാനിബ (ജി.എച്ച്.എസ്.എസ് പെരുവള്ളൂർ), പി.നഷീദ (ജി.ജി.വി.എച്ച്.എസ്.എസ് പെരിന്തൽമണ്ണ), ഫാത്തിമ നബില (എം.എച്ച്.എസ്.എസ് മുന്നിയൂർ), കെ.റസ്ന ( ജി.ബി.എച്ച്.എസ്.എസ് മലപ്പുറം), പി.സബ്ന ജാസ്മിൻ (എം.പി.എം.എച്ച്.എസ്.എസ് ചുങ്കത്തറ) എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പഠിതാക്കൾ.
100 ശതമാനം വിജയം നേടിയ പഠനകേന്ദ്രങ്ങൾ :
പി.ടി.എം.എച്ച്.എസ്.എസ് താഴേക്കോട്, എസ്.എസ്.എച്ച്.എസ്.എസ് മൂർക്കനാട്, ജി.എച്ച്. എസ്.എസ് പെരുവള്ളൂർ, എസ്.എൻ.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി, ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |