വെള്ളറട: അതിർത്തി ഗ്രാമങ്ങളിൽ വ്യാപകമായ തോതിൽ പ്ളാസ്റ്റിക്ക് കച്ചവടം. അതിർത്തിക്കപ്പുറത്ത് തമിഴ്നാട്ടിൽ പ്ളാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം നിരോധിക്കുകയും ഫാക്ടറികൾ അടച്ചുപൂട്ടുകയും നിയമ നടപടികൾ ശക്തമാക്കുകയും ചെയ്തതോടെ കേരളത്തിലെ അതിർത്തി ഗ്രാമങ്ങളിൽ വ്യാപകമായാണ് പ്ളാസ്റ്റിക്ക് കച്ചവടം നടക്കുന്നത്.
മലയോരമേഖലയിലെ മിക്കപഞ്ചായത്തുകളിലും പ്ളാസ്റ്റിക് ക്യാരി ബാഗുകളുടെയും പ്ളാസ്റ്റിക് പ്ളേറ്റുകളുടെയും ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവുകൾ പുറപ്പെടുവിക്കുകയും ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്തെങ്കിലും മാർക്കറ്റുകളിൽ ഇപ്പോഴും പ്ളാസ്റ്റിക് ക്യാരിബാഗുകളുടെയും നിരോധിക്കപ്പെട്ട മറ്റ് ഉത്പന്നങ്ങളുടെയും കച്ചവടം പൊടിപൊടിക്കുന്നുണ്ട്.
ഹോട്ടലുകളിൽ പോലും പ്ളാസ്റ്റിക് കവറുകളിലും പ്ളാസ്റ്റിക് പേപ്പറുകളിലുമാണ് ചൂടുള്ള ഭക്ഷണങ്ങൾവരെ പാഴ്സൽ ചെയ്ത് വിൽക്കുന്നത്. നിയന്ത്രണം പ്രഖ്യാപിച്ചിട്ടും നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ നടപടികൾ ഉണ്ടാകാത്തതാണ് ഇതിന് കാരണം.
നടപടികൾ സ്വീകരിക്കണം
വ്യാപാര സ്ഥാപനങ്ങളിൽ പ്ളാസ്റ്റിക് ക്യാരിബാഗുകളിലാണ് സാധനങ്ങൾ നൽകുന്നത്. ഗ്രാമങ്ങളിൽ നിന്നും പ്ളാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കണം. ബോധവത്കരണം കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല.
ഇപ്പോഴും ഗ്രാമങ്ങളിൽ പ്ളാസ്റ്റിക് മാലിന്യങ്ങൾ നിറയുകയാണ്. രാത്രികാലങ്ങളിൽ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ഗ്രാമങ്ങളിലെ റോഡുവക്കുകളിൽ വ്യാപകമായാണ് പ്ളാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവന്ന് നിക്ഷേപിക്കുന്നത്.
പ്ലാസ്റ്റിക് ഉപയോഗം നിരവധി
അതിർത്തിക്കപ്പുറത്തെ പ്ളാസ്റ്റിക് ഉത്പാദനകേന്ദ്രങ്ങളിലെ ഉത്പാദനം തടഞ്ഞെങ്കിലും അതീവ രഹസ്യമായി ഉത്പന്നങ്ങൾ കേരളത്തിൽ കച്ചവടത്തിനെത്തിക്കുന്ന സംഘങ്ങൾ സജീവമാണ്. ഇവിടെയും ശക്തമായ നിയമനടപടികൾ സ്വീകരിച്ചാൽ മാത്രമേ പ്ളാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കാൻ കഴിയുകയുള്ളൂ. മത്സ്യച്ചന്തകളിലും മറ്റു കടകളിലും ഇപ്പോൾ പ്ളാസ്റ്റിക് നിർമ്മിത ക്യാരിബാഗുകളാണ് ഉപയോഗിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |