തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ശബ്ദരേഖ രാഹുലിന്റേതാണോ എന്ന ചോദ്യത്തിന് ഒന്നും മിണ്ടാതെ വാഹനത്തിൽ കയറുകയാണ് ചെയ്തത്. തനിക്ക് പറയാനുള്ള കാര്യങ്ങൾ മാത്രം പറഞ്ഞ രാഹുൽ മാദ്ധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നൽകിയില്ല.
കോൺഗ്രസ് പാർട്ടിയെ ധിക്കരിച്ചല്ല നിയമസഭയിൽ എത്തിയതെന്നും താൻ എന്നും പാർട്ടിക്ക് വിധേയനെന്നും രാഹുൽ പറഞ്ഞു. വ്യക്തിപരമായി ഒരു കോൺഗ്രസ് നേതാവിനെയും കാണാൻ ശ്രമിച്ചിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി. നിയമസഭ സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണ്. അതിന്റെ സാങ്കേതികത്വത്തിലേക്കൊന്നും കടക്കുന്നില്ല. ഇടതുപക്ഷ സർക്കാരിനെതിരെ സമരം ചെയ്തതിന് 18ാം വയസിൽ ജയിലിൽ കിടന്നയാളാണ് ഞാൻ. ഏറ്റവും കൂടുതൽ കാലം ജയിലിൽ പോയത് പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ്. അതുകൊണ്ട് അന്വേഷണത്തിൽ ആനുകൂല്യം ലഭിക്കില്ലെന്ന് ഉറപ്പിക്കാമെന്നും രാഹുൽ കൂട്ടിച്ചേർത്തു. നേരത്തെ രാഹുലിനെ എസ്എഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ വഴിതടഞ്ഞിരുന്നു. പൊലീസ് സ്ഥലത്തെത്തിയതിന് ശേഷമാണ് രാഹുലിന്റെ കാർ മുന്നോട്ടുനീങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |