തൃശൂർ: കെ.എസ്.യു പ്രവർത്തകരെ മുഖംമൂടിയും വിലങ്ങും അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ ആരോപണവിധേയനായ വടക്കാഞ്ചേരി എസ്.എച്ച്.ഒ: യു.കെ.ഷാജഹാന് സ്ഥലംമാറ്റം. കമ്മിഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്നാണ് എ.ഡി.ജിപി: എസ്.ശ്രീജിത്തിന്റെ ഉത്തരവിറങ്ങിയത്.
കെ.എസ്.യു പ്രവർത്തകരെ മുഖംമൂടി അണിയിച്ച സംഭവത്തിൽ ഇന്ന് കോടതിക്ക് മുൻപിൽ പ്രതികളെ ഹാജരാക്കാനിരിക്കെയാണ് സ്ഥലംമാറ്റം. അടിയന്തരമായി പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ ഹാജരാകണമെന്നും ഉത്തരവിലുണ്ട്. സ്ഥലംമാറ്റം എങ്ങോട്ടേക്കെന്ന് ഉത്തരവിലില്ല. ക്രമസമാധാന പാലനത്തിൽ നിരന്തരം വീഴ്ച വരുത്തുന്ന ഷാജഹാനെതിരെ സിറ്റി പൊലീസ് കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. മുഖംമൂടി അണിയിച്ചതിനാലാണ് നടപടിയെന്ന് ഉത്തരവിൽ പറഞ്ഞിട്ടില്ല. നിലവിൽ രണ്ട് അച്ചടക്ക നടപടികൾ നേരിടുന്നയാളാണ് ഷാജഹാൻ.
ന്യായീകരിച്ച് കമ്മിഷണർ
'എസ്.എഫ്.ഐ പ്രവർത്തകരെ മർദ്ദിച്ച കേസിൽ രണ്ടാം പ്രതി ഗണേഷിനെ ഉൾപ്പെടെ പ്രതികൾ തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. തിരിച്ചറിയൽ പരേഡ് നടക്കാനിരിക്കെ മുഖം മറച്ചേ കൊണ്ടുപോകാനാകൂ'വെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ പ്രതികരിച്ചു. 'ഇത് നിയമവിരുദ്ധമല്ല. പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്. നേരത്തെ എസ്.ഡി.പി.ഐ പ്രവർത്തകരെ കൊണ്ടുപോയതും ഇപ്രകാരമായിരുന്നു.' ഇളങ്കോ വിശദീകരിച്ചു. പൊലീസിന്റെ വാദം കളവാണെന്നും ഷാജഹാൻ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പക്കലുണ്ടെന്നുമാണ് കെ.എസ്.യു വാദം. എട്ടര വർഷക്കാലം കുന്നംകുളത്ത് എസ്.എച്ച്.ഒ ആയിരുന്ന ഷാജഹാൻ, മുൻമന്ത്രി എ.സി.മൊയ്തീന്റെ ആജ്ഞാനുവർത്തിയാണെന്ന് കെ.എസ്.യു കുറ്റപ്പെടുത്തുന്നു.
അർദ്ധരാത്രിയിൽ ജാമ്യം
വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയതിനെ തുടർന്ന് അറസ്റ്റിലായ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെ അഞ്ചുപേർക്ക് ഇടക്കാല ജാമ്യം ലഭിച്ചത് അർദ്ധരാത്രിയിൽ. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് അറസ്റ്റിലായ ഭാരവാഹികളെ രാത്രി ഏഴരയ്ക്ക് വൈദ്യപരിശോധന പൂർത്തിയായിട്ടും പതിനൊന്നര വരെ മജിസ്‌ട്രേറ്റിന്റെ വസതിക്ക് സമീപമുള്ള ഗ്രൗണ്ടിൽ കാത്തുനിറുത്തിച്ചു. ഹാജരാക്കാതെ മനഃപൂർവം വൈകിപ്പിച്ചെന്നാണ് കെ.എസ്.യു ആരോപണം.
ഇന്ന് വിദ്യാഭ്യാസ ബന്ത്
എസ്.എച്ച്.ഒ ഷാജഹാനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് അലോഷ്യസ് സേവ്യർ പരാതി നൽകും. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു നേതാക്കളെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് ഇന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കി വിദ്യാഭ്യാസ ബന്തിനും ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
മുഖം മൂടി അണിയിച്ചതിനെ കുറിച്ച് വിശദീകരണം ചോദിച്ചിട്ടില്ല. എസ്.എച്ച്.ഒയോട് ആവശ്യപ്പെട്ടെങ്കിൽ അദ്ദേഹം കോടതിയിൽ വിശദീകരിക്കും. കോടതി നിർദ്ദേശിച്ചാൽ വകുപ്പുതല അന്വേഷണം നടത്തും.
ആർ.ഇളങ്കോ
സിറ്റി പൊലീസ് കമ്മിഷണർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |