വിലയിലെ റെക്കാഡ് മുന്നേറ്റം വെല്ലുവിളിയാകുന്നു
കൊച്ചി: റെക്കാഡുകൾ പുതുക്കി വില തുടർച്ചയായി ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ തലവേദനകളില്ലാതെ സുരക്ഷിതമായി സ്വർണം വാങ്ങാൻ നിക്ഷേപകർ പുതുമാർഗങ്ങൾ തേടുന്നു. പവൻ വില കേരളത്തിൽ 81,520 രൂപയിലേക്ക് ഉയർന്നതോടെ സ്വർണം നഷ്‌ടപ്പെടാതെ സൂക്ഷിക്കുന്നതാണ് പ്രധാന വെല്ലുവിളി. വീടുകളിലും ബാങ്ക് ലോക്കറുകളിലും സ്വർണം സൂക്ഷിക്കാൻ ഉപഭോക്താക്കളിൽ ഭയമേറിയതോടെ ഡിജിറ്റൽ ഗോൾഡ് നിക്ഷേപങ്ങൾക്ക് പ്രിയമേറുകയാണ്. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ(ഇ.ടി.എഫ്), വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികളുടെ(എസ്.ഐ.പി) മാതൃകയിലുള്ള സ്കീമുകൾ തുടങ്ങിയവയിലേക്ക് പണമൊഴുക്ക് കുത്തനെ കൂടി.
ആഭരണങ്ങളായി വാങ്ങുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധന ദൃശ്യമാണ്. ഒരു വർഷത്തിനിടെ സ്വർണ നിക്ഷേപത്തിൽ നിന്ന് 50 ശതമാനത്തിലധികം വരുമാനം ലഭിച്ചതാണ് ഉപഭോക്താക്കൾക്ക് ആവേശമാകുന്നത്. കഴിഞ്ഞ വർഷം സെപ്തംബർ 11ന് പത്ത് ഗ്രാം 24 കാരറ്റ് ഫിസിക്കൽ സ്വർണത്തിന്റെ വില 73,200 രൂപയായിരുന്നു. ഇപ്പോഴതിന്റെ വില പത്ത് ഗ്രാമിന് 1.13 ലക്ഷം രൂപയാണ്. 54 ശതമാനം വർദ്ധനയാണ് ഫിസിക്കൽ സ്വർണത്തിന്റെ വിലയിൽ ഒരു വർഷത്തിനിടെ ഉണ്ടായത്.
ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ
ഓഹരി വിപണിയിൽ വ്യാപാരം നടത്തുന്ന നിക്ഷേപ പദ്ധതിയാണ് ഗോൾഡ് ഇ.ടി.എഫുകൾ. സ്വർണ വിലയിലെ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ടി.എഫുകളുടെ മൂല്യവും നീങ്ങുന്നത്. ഒരു ഡീമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും തുറക്കുന്നതിലൂടെ നിക്ഷേപകർക്ക് ഇ.ടി.എഫ് വാങ്ങാം. ഓഹരികൾ പോലെ വ്യാപാര സമയത്ത് എപ്പോൾ വേണമെങ്കിലും ഉപഭോക്താക്കൾക്ക് വാങ്ങുകയും വിൽക്കുകയും ചെയ്യാം.
ഡിജിറ്റൽ സ്വർണത്തിന്റെ നേട്ടങ്ങൾ
സ്വർണം ഫിസിക്കലായി വാങ്ങുമ്പോൾ ശുദ്ധത, മോഷണം പോകാനുള്ള സാദ്ധ്യത എന്നിവ ഉപഭോക്താക്കളെ വലയ്ക്കുന്നു. ഡിജിറ്റൽ സ്വർണ നിക്ഷേപങ്ങളിൽ ഇത്തരം ആശങ്കകൾക്ക് വകയില്ല. എപ്പോൾ വേണമെങ്കിലും സ്വർണം വിറ്റുമാറാനും രണ്ട് ദിവസത്തിനുള്ളിൽ പണം അക്കൗണ്ടിൽ ലഭിക്കാനും അവസരമുണ്ട്. വില എക്‌സ്ചേഞ്ചിൽ ലിസ്‌റ്റ് ചെയ്യുന്നതിനാൽ സുതാര്യതയുമുണ്ട്. എത്ര കുറഞ്ഞ തുകയും നിക്ഷേപിക്കാനാകും.
വെല്ലുവിളി
ഡിജിറ്റൽ സ്വർണത്തിന്റെ പ്രധാന വെല്ലുവിളി ഓഹരി വിപണിയുമായി ബന്ധമുള്ളതിനാൽ വില ചാഞ്ചാട്ടം രൂക്ഷമാകാം. അധികമായി ഫണ്ട് മാനേജ്‌മെന്റ് തുക ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും.
വിവിധ നിക്ഷേപ മാർഗങ്ങൾ
1. ആഭരണങ്ങൾ, സ്വർണ നാണയങ്ങൾ, സ്വർണക്കട്ടകൾ എന്നിങ്ങനെ വാങ്ങാം
2. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ
3. ഇ.ടി.എഫുകളിൽ പരോക്ഷമായി പണം മുടക്കുന്ന ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ
4.പലിശ വരുമാനം ലഭിക്കുന്ന സർക്കാരിന്റെ സ്വർണ കടപ്പത്രങ്ങൾ
ആഗസ്റ്റിലെ ഇ.ടി.എഫിലെ നിക്ഷേപം
2,190 കോടി രൂപ
ഇ.ടി.എഫിലെ മൊത്തം ആസ്തി
72,500 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |