കൊച്ചി: ഗോത്രജനതയുടെ രക്ഷാപുരുഷൻ ബിർസമുണ്ടയുടെ ഓർമയിൽ ആടിയും പാടിയും അന്യസംസ്ഥാന തൊഴിലാളികളായ ആദിവാസി വിഭാഗങ്ങൾ. പരമ്പരാഗത ഫാറ്റ തലപ്പാവും ആദിവാസി ജാക്കറ്റുമണിഞ്ഞ് സ്ത്രീകളും പുരുഷൻമാരും ഡി.എച്ച് മൈതാനിയിൽ അവതരിപ്പിച്ച ജൂമർ നൃത്തച്ചുവടുകൾ കാഴ്ചക്കാർക്ക് പുതുമയായി.
പശ്ചിമബംഗാൾ, ജാർഖണ്ഡ്, അസാം, ഒഡീഷ സംസ്ഥാനങ്ങളിലെ തേയിലത്തോട്ടങ്ങളിലും മലയോരങ്ങളിലും പാർക്കുന്ന ആദിവാസി കുടുംബങ്ങളിൽപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളാണ് എറണാകുളത്ത് സംഗമിച്ചത്. ‘ജോഹർ ആദിവാസി ബോയ്സ് ആൻഡ് ഗേൾസ് ആഘോഷക്കമ്മിറ്റി’യുടെ നേതൃത്വത്തിലാണ് കേരളത്തിലെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസികൾക്കായി ആദിവാസി കരം ആഘോഷം എന്ന പേരിൽ പരിപാടി നടത്തിയത്.
രാവിലെ എട്ടിനാരംഭിച്ച പാട്ടും നൃത്തപരിപാടിയും വൈകിട്ട് വരെ നീണ്ടു. ആദിവാസിഗായകരായ അർജുൻ ലക്കഡ (ജാർഖണ്ട്), ഡി.ആർ. ലക്കഡ (അസാം), എസ്.ബിസ്‌വ (പശ്ചിമബംഗാൾ) എന്നിവർ ഓപ്പൺഎയർ ഓഡിറ്റോറിയത്തിൽ ഗാനങ്ങൾ ആലപിച്ചു. സംഗീതത്തിന്റെ ചുവടുപിടിച്ച് സ്ത്രീകളും പുരുഷൻമാരും ആടിയപ്പോൾ മൈതാനം ആഘോഷത്തിമിർപ്പിലായി. ആദിവാസികളുടെ ഷാദ്രിഭാഷയിലായിരുന്നു ആലാപനം.
ആദിവാസികളുടെ സമരനായകനും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ബിർസമുണ്ട സാമുദായിക പരിഷ്കകർത്താവ് (1875-1900) കൂടിയായിരുന്നുവെന്ന് സംഘാടകർ പറഞ്ഞു. നേപ്പാൾ വംശജരും ആഘോഷത്തിൽ ഭാഗമാകുന്നുണ്ട്. എറണാകുളത്ത് മൂന്നാംതവണയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ നടത്തുന്ന ഏറ്റവും വലിയ ആഘോഷമാണിത്. തിരക്ക് കണക്കിലെടുത്ത് ഡി.എച്ച് മൈതാനത്തും റോഡിലും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |