കണ്ണൂർ: കണ്ണൂർ വാരിയേഴ്സ് ഫുട്‌ബാൾ ക്ലബിന്റെ രണ്ടാം സിസണിലെ വിദേശ താരങ്ങൾക്ക് വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി ആരാധക കൂട്ടായ്മ റെഡ് മറൈനേഴ്സ്. സെനഗലിൽ നിന്നുള്ള സ്‌ട്രൈക്കർ അബ്ദു കരിം സാംബ് ആണ് ആദ്യം എത്തിയത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച രാത്രി 8.20ന് എത്തിയ താരത്തെ ടീം മാനേജർ അൽഫിൻ ടീമിന്റെ പെനന്റ് (ഹാൻഡ് ഫ്ളാഗ്) നൽക്കി സ്വീകരിച്ചു. തുടർന്ന് ആരാധകരിൽ നിന്ന് രണ്ടുപേർ താരത്തെ സ്‌കാഫ് അണിയിച്ചു. താരത്തെ കാത്ത് 20 ഓളം ആരാധകർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
ഞായറാഴ്ച പുലർച്ചെ 2.30ന് മദ്ധ്യനിര താരം ടുണീഷ്യയിൽ നിന്നുള്ള നിദാൽ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി. തുടർന്ന് കാർ മാർഗം കണ്ണൂരിലെത്തി. വൈകീട്ട് 5.45ന് സ്പാനിഷ് താരങ്ങളായ അസിയർ, അഡ്രിയാൻ എന്നിവർ കണ്ണൂർ വിമാനത്താവളത്തിലെത്തി. ആദ്യ സീസണിൽ ടീമിനു വേണ്ടി മികച്ചപ്രകടനം കാഴ്ചവെച്ച താരങ്ങളായതു കൊണ്ടുതന്നെ നിരവധി ആരാധകരാണ് വിമാനത്താവളത്തിലെത്തിയത്.
ഇന്നു മുതൽ നാല് താരങ്ങളും ടീമിനൊപ്പം പരിശീലനം ആരംഭിക്കും. മുഖ്യപരിശീലകനും രണ്ട് വിദേശ താരങ്ങളുമാണ് ഇനി ടീമിനൊപ്പം ചേരാനുള്ളത്. കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിലാണ് പരിശീലനം. ഇന്ത്യയിൽ നിന്നുള്ള എല്ലാ താരങ്ങളും നിലവിൽ ടീമിനൊപ്പമുണ്ട്.
റെഡ് മറൈനേഴ്സ്
കണ്ണൂർ വാരിയേഴ്സ് ഫുട്‌ബാൾ ക്ലബിന്റെ ആരാധക സംഘമാണ് റെഡ് മറൈനേഴ്സ്. 2024ൽ ക്ലബ് രൂപീകരിച്ച സമയത്താണ് റെഡ് മറൈനേഴ്സ് എന്ന ആരാധക കൂട്ടായ്മയും രൂപീകരിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും നിലവിൽ ആരാധകർ സജീവമാണ്. സ്റ്റേഡിയത്തിൽ കളിക്കാർക്ക് ആവേശം പകരുന്നതിനൊപ്പം വിവിധ സമൂഹ്യസേവന പ്രവർത്തനങ്ങളിലും വലിയ പങ്ക് വഹിക്കുന്നുണ്ട്. ആദ്യ സീസണിൽ കോഴിക്കോട് ഹോം സ്‌റ്റേഡിയം ആയിരുന്നപ്പോൾ കണ്ണൂരിൽ നിന്ന് കോഴിക്കോടെത്തി റെഡ് മറൈനേഴ്സ് ടീമിന് പിന്തുണ നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |