കുടിവെള്ളത്തിന് പുഴകളേയും അരുവികളേയും ആശ്രയിക്കേണ്ട ഗതികേടിൽ നാട്ടുകാർ.
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്ത് പട്ടയംപാടം കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തതോടെ നാട്ടുകാർക്ക് ഉള്ള വെള്ളവും ഇല്ലാതായി പരാതി. നിലവിൽ ഇവിടെയുണ്ടായിരുന്ന കുടിവെള്ള പദ്ധതിയിൽ നിന്ന് ഉപയോഗിച്ചിരുന്ന വെള്ളം നിറുത്തലാക്കിയാണ് പുതിയ പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതോടെയാണ് നാട്ടുകാർ ദുരിതത്തിലായത്. നിലവിലുള്ള പഴയ പൈപ്പ് ലൈനുമായി ബന്ധിപ്പിച്ചപ്പോഴാണ് പ്രതിസന്ധി ആരംഭിച്ചത്. പദ്ധതി മാറിയിട്ടും പഴയ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സംവിധാനങ്ങൾ മാറിയിരുന്നില്ല. ഇതുമൂലം 15 കുതിരശക്തിയുള്ള പട്ടയംപാടം പുതിയ കുടിവെള്ള പദ്ധതിയിലെ മോട്ടർ പ്രവർത്തിപ്പിച്ചാൽ രണ്ടിഞ്ച് വ്യാസമുള്ള പഴയ പദ്ധതിയുടെ പൈപ്പിൽ കൂടി വെള്ളം ഒഴുകാൻ കഴിയാതെ പൈപ്പുകൾ പൊട്ടുകയാണ്. ഇതേ തുടർന്ന് വെള്ളം വീടുകളിൽ എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. സുലഭമായി വെള്ളം ലഭിക്കാമായിരുന്ന സാഹചര്യത്തിൽ നിന്ന് ഇപ്പോൾ കുടിവെള്ളത്തിനായി പുഴകളേയും അരുവികളേയും ആശ്രയിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ. ദീർഘവീക്ഷണം ഇല്ലാതെ ചെയ്യുന്ന ഇത്തരം പ്രവർത്തികളിൽ പൊതുജനങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. കൊന്നക്കൽ കടവ് റവന്യൂ ഭൂമിയിൽ ടാങ്ക് നിർമ്മിച്ച് വെള്ളം സംഭരിച്ചാൽ 24 മണിക്കൂറും വെള്ളം ലഭിക്കും. എത്രയും വേഗം പട്ടയംപാടം കുടിവെള്ള പദ്ധതിയിൽ യഥേഷ്ടം വെള്ളം ഒഴുകുന്ന തരത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കണമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |