കൊച്ചി: ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ ഉടനീളം 421 മഹാശോഭാ യാത്രകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ബാലഗോകുലം മറ്റ് ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഏകദേശം 10,000 കുട്ടികൾ വിവിധ വേഷങ്ങളിൽ ശോഭാ യാത്രകളിൽ അണിനിരക്കും.
ആഘോഷ പരിപാടികൾ
രാവിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.
എറണാകുളം ടൗൺ ഹാളിൽ വൈകിട്ട് 4 മണിക്ക് ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി സംവിധായകനും നടനുമായ മേജർ രവി ശോഭായാത്രകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.
എറണാകുളം തിരുമല ദേവസ്വം ക്ഷേത്രത്തിൽ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ജന്മാഷ്ടമി സന്ദേശം നൽകും.
എറണാകുളത്തെ വിവിധ ക്ഷേത്രങ്ങളിൽ നിന്നായി പുറപ്പെടുന്ന ശോഭായാത്രകൾ ജോസ് ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി എറണാകുളം ശിവക്ഷേത്ര മൈതാനി വഴി ഡർബാർ ഗ്രൗണ്ടിൽ വൈകിട്ട് 7 മണിയോടെ സമാപിക്കും.
നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, ഉറിയടി തുടങ്ങിയവ ഘോഷയാത്രകളെ വർണ്ണാഭമാക്കും.
ഘോഷയാത്രയുടെ അവസാനം പ്രസാദവിതരണവും ഉണ്ടായിരിക്കും.
വിവിധ കേന്ദ്രങ്ങളിലെ ശോഭാ യാത്രകൾ
ഇടപ്പള്ളി, തൃക്കാക്കര, ചോറ്റാനിക്കര, മാമല, മറ്റക്കുഴി, വെണ്ണിക്കുളം, മുരിയമംഗലം, പുത്തൻകുരിശ്, മുളന്തുരുത്തി, പൈങ്ങാരപ്പിള്ളി, എടക്കാട്ടുവയൽ, വെളിയനാട്, പാർപ്പാക്കോട്, ആമ്പല്ലൂർ, ശക്തികാവ്, തൃപ്പക്കുടം, തൃപ്പൂണിത്തുറ, എരൂർ, ഇരുമ്പനം, തിരുവാങ്കുളം, പുതിയകാവ്, ഉദയംപേരൂർ, പൂത്തോട്ട, കൊച്ചി, അമരാവതി, രാമേശ്വരം, എടവനക്കാട്, എളങ്കുന്നപ്പുഴ, പുതുവൈപ്പ്, മുരുക്കുംപാടം, ഞാറയ്ക്കൽ, പറവൂർ തുടങ്ങിയ സ്ഥലങ്ങളിലും വിപുലമായ ശോഭായാത്രകൾ നടക്കും.
യാത്രകളിൽ ഉണ്ണിക്കണ്ണൻമാർക്കൊപ്പം രാധമാർ, ഗോപികമാർ, കചേലൻമാർ, ശ്രീരാമൻ, സീത, രാമ-ലക്ഷ്മണൻമാർ തുടങ്ങിയ പുരാണ കഥാപാത്രങ്ങളുടെ വേഷപ്പകർച്ചകളും ദൃശ്യാവിഷ്‌കരണങ്ങളുമായിരിക്കും പ്രധാന ആകർഷണം. വിവിധ വാദ്യമേളങ്ങളും കലാരൂപങ്ങളും ഭജന സംഘങ്ങളും ഘോഷയാത്രകൾക്ക് അകമ്പടിയേകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |