വിതുര: വിതുര ചേന്നൻപാറയിൽ കിണറ്റിൽ വീണ 30കാരിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ചേന്നൻപാറ ബിനു നിവാസിൽ ബിനുവിന്റെ ഭാര്യ ഗംഗയെയാണ് ഫയർഫോഴ്സ് സാഹസികമായി രക്ഷിച്ചത്.
ബുധനാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം. കിണറ്റിന്റെ ആൾമറയിൽ ഇരിക്കുകയായിരുന്ന യുവതി അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് അയൽവാസിയായ പ്രതീഷ് കിണറ്റിലിറങ്ങി മുങ്ങിത്താഴ്ന്ന യുവതിയെ കൈയ്ക്ക് പിടിച്ച് വെള്ളത്തിൽ താഴാതെ നിറുത്തി. 5 അടി വ്യാസവും 45 അടി താഴ്ചയും 10 അടിയോളം വെള്ളവുമുള്ള കിണറ്റിൽ ഇടിഞ്ഞ വഴുക്കലുള്ള തൊടിയിൽ നിന്നുകൊണ്ട് ശരീരഭാരം കൂടിയ യുവതിയെ കരയ്ക്ക് കയറ്റാൻ പ്രതീഷിന് സാധിച്ചില്ല. തുടർന്ന് വിവരമറിയിച്ചതനുസരിച്ച് വിതുരയിൽ നിന്ന് ഫയർഫോഴ്സെത്തി യുവതിയെ റോപ്പ് നെറ്റിൽ കരയ്ക്ക് കയറ്റി വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രദീഷാണ് കിണറ്റിലിറങ്ങി യുവതിയെ നെറ്റിൽ കയറ്റി രക്ഷിച്ചത്. ഫയർഫോഴ്സ് സേനാംഗങ്ങളായ ഹരികൃഷ്ണൻ,പ്രജിത്ത്,അനൂപ്,അനൂപ് കുമാർ,പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |