തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനു ശേഷം സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ കൂട്ടായ്മയ്ക്കു തിരിതെളിയിക്കാൻ ഒരുങ്ങി സർക്കാർ. വിഷൻ 2031ന്റെ ഭാഗമായിട്ടുള്ള സെമിനാറാണ് സർക്കാർ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. അടുത്തമാസം പകുതിയോടെ ഫോർട്ട് കൊച്ചിയിൽ വച്ചാണ് സെമിനാർ നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് ന്യൂനപക്ഷകാര്യ-ക്ഷേമ മന്ത്രി. വി അബ്ദുറഹിമാന്റെ ഓഫിസ് അറിയിച്ചു.
കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനായി വിവിധ ന്യൂനപക്ഷ സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ വ്യക്തികളുടെ പങ്കാളിത്തത്തോടെ ആശയങ്ങൾ ശേഖരിക്കുക എന്നതാണ് സെമിനാറിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തെ നേട്ടങ്ങൾ പ്രിൻസിപ്പൽ സെക്രട്ടറി അവതരിപ്പിക്കും. ന്യൂനപക്ഷകാര്യ-ക്ഷേമ മന്ത്രി വരും വർഷങ്ങളിൽ ആസൂത്രണം ചെയ്ത പദ്ധതികളുടെ രൂപരേഖയും തയ്യാറാക്കും. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പെടെ ബുദ്ധ, ജൈന വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളും സെമിനാറിൽ പങ്കെടുക്കും.
2031 ആകുമ്പോഴേക്കും കേരളം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കുന്നതിനായി ഒക്ടോബറിൽ വിവിധ വകുപ്പുകളിലായി 33 സെമിനാറുകളാണ് സർക്കാർ സംഘടിപ്പിക്കുന്നത്. ഇത്തരം സെമിനാറുകളിൽ നിന്ന് ശേഖരിക്കുന്ന ആശയങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കോൺക്ലേവിൽ ചർച്ച ചെയ്യും.
വിഷൻ 2031ൽ സമാഹരിച്ച ആശയങ്ങൾ ചർച്ച ചെയ്യുന്നതിനും അന്തിമമാക്കുന്നതിനും പ്രധാന പങ്കാളികളെ കോൺക്ലേവ് ഒരുമിച്ച് കൊണ്ടുവരും. സെമിനാറുകളിലും കോൺക്ലേവിലും ലഭിക്കുന്ന ഫീഡ്‌ബാക്കുകളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നയങ്ങളും പദ്ധതികളും നടപ്പിലാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |