കോഴിക്കോട്: ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട് സമസ്ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വി നടത്തിയ അധിക്ഷേപ പരാമർശം തള്ളി സമസ്ത. നദ്‌വി നടത്തിയത് സമസ്തയുടെ അഭിപ്രായമല്ലെന്നും വ്യക്തികളുടെ സ്വകാര്യതയിൽ കയറി അഭിപ്രായം പറയുന്നതല്ല സമസ്തയുടെ ജോലിയെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ കോഴിക്കോട് മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ ഒരു പരാമർശം നടത്തിയെന്ന് നദ്‌വിയോട് തന്നെ ചോദിക്കണമെന്നും സമസ്ത ആ വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും തങ്ങൾ പറഞ്ഞു.
ബഹുഭാര്യത്വത്തെ എതിർക്കുന്ന ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും ഇൻചാർജ് ഭാര്യമാരുണ്ടെന്നായിരുന്നു ബഹാവുദ്ദീൻ നദ്‌വി കഴിഞ്ഞ ദിവസം നടത്തിയ പരാമർശം.
പ്രസ്താവന ശരിയായില്ലെന്നും സമസ്തയ്ക്ക് അങ്ങനെയൊരു നിലപാടില്ലെന്നും വ്യക്തമാക്കി മുശാവറ അംഗം ഉമർഫൈസി മുക്കവും രംഗത്തെത്തി. മുശാവറ അംഗം എന്ന നിലയിൽ അദ്ദേഹം വാക്കുകളിൽ സൂക്ഷ്മത പുലർത്തണം. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ബഹാവുദ്ദീൻ നദ്‌വി വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞതനുസരിച്ച് മുസ്ലിംലീഗിന്റെയും കോൺഗ്രസിന്റെയും എല്ലാവരുടെയും മന്ത്രിമാരുടെയും പേരുകൾ ഉൾപ്പെടുമെന്നും ഫൈസി പറഞ്ഞു. നദ്‌വിയെ പിന്തുണച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നദ്‌വി പറഞ്ഞത് ചരിത്രപരമായ സത്യമാണെന്നും ആരെയും അവഹേളിച്ചിട്ടില്ലെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിൽ പങ്കുവച്ചു. ശൈശവ വിവാഹം ആധുനിക കാലഘട്ടത്തിലും നടന്നിട്ടുണ്ട്. ഇത് വ്യക്തമാക്കാനാണ് ഇ.എം.എസിന്റെ മാതാവിന്റെ കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |