അടൂർ : കൊവിഡ് കാലത്ത് മുടങ്ങിയ കടമ്പനാട് - പന്തളം കെ എസ് ആർ ടി സി സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം അധികൃതർ അവഗണിക്കുന്നു. ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാറിന് പൗരസമിതി പ്രവർത്തകർ നാലുമാസം മുമ്പ് നിവേദനം നൽകിയപ്പോൾ സർവീസ് ആരംഭിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. മന്ത്രി നിർദേശം നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാതെ കെടുകാര്യസ്ഥത തുടരുകയാണ് അടൂർ ഡിപ്പോ അധികൃതർ. സർവീസ് പുനരാരംഭിക്കാൻ എ.ടി.ഒയ്ക്ക് നൽകിയ നിവേദനത്തിന്റെ പകർപ്പും ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ കത്തുമായാണ് പൗരസമിതി അംഗങ്ങൾ മന്ത്രിയുടെ പത്തനാപുരത്തെ ഓഫീസിലെത്തിയത്. പരാതി സ്വീകരിച്ച മന്ത്രി അതേസമയം തന്നെ അടൂർ എ.ടി.ഒയ്ക്ക് ഫോണിലൂടെ നിർദേശം നൽകിയിരുന്നു. എന്നാൽ നാലുമാസം പിന്നിടുമ്പോഴും യാതൊരു നടപടികളും അധികൃതർ സ്വീകരിച്ചിട്ടില്ല. സർവീസ് ലാഭകരമല്ലെന്ന നിലപാടിലാണ് അടൂർ ഡിപ്പോ അധികൃതർ.
യാത്രക്കാർ പ്രതീക്ഷയിൽ
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ ബസ് സർവീസ് വിഷയം ഏറത്ത്, കടമ്പനാട് പഞ്ചായത്തിലെ ജനങ്ങൾക്കിടയിൽ സജീവ ചർച്ചയാകുന്നുണ്ട്. ഗതാഗത മന്ത്രിയുടെ ഇടപെടലിൽ സർവീസ് യാഥാർത്ഥ്യമാകും എന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങൾ. ഗവ. പോളിടെക്നിക്ക്, ഏറത്ത് പി.എച്ച്.സി, തുവയൂർ വടക്ക് ഗവ.എൽ.പി സ്കൂൾ തുടങ്ങിയയിടങ്ങളിലേക്ക് വരുന്നവർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു ഈ സർവീസ്.
ഗ്രാമപ്രദേശങ്ങളിലെ ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമായിരുന്ന ബസ് സർവീസിന് തുരങ്കം വയ്ക്കുന്നതിന് പിന്നിൽ അടൂർ കെ എസ് ആർ ടി സി ഡിപ്പോയിലെ ചിലരുടെ ഗൂഢാലോചനയുണ്ടെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |