കോഴഞ്ചേരി : ഇടവകാംഗവും ക്രിസ്തുമത വിശ്വാസിയും അല്ലാഞ്ഞിട്ടും അജികുമാറിന് അന്തിമോപചാരമർപ്പിക്കാൻ ക്രിസ്ത്യൻ ദേവാലയത്തിന്റെ വാതിലുകൾ തുറന്നു. കോഴഞ്ചേരി മാർത്തോമ വലിയ പള്ളിയിൽ കഴിഞ്ഞ 23 വർഷമായി സെക്യൂരിറ്റി ജീവനക്കാരനായിരുന്ന പ്രക്കാനം ഇടയാടിയിൽ അജികുമാറിന്റെ (59 ) ആത്മാർത്ഥ സേവനത്തെ മാനിച്ചാണ് ഇടവക നേതൃത്വം അപൂർവമായ ചടങ്ങിന് അവസരം ഒരുക്കിയത്. സാധാരണഗതിയിൽ ഇടവകാംഗങ്ങൾക്ക് മാത്രമാണ് ക്രിസ്ത്യൻ ദേവാലയത്തിൽ അന്ത്യശുശ്രൂഷ നടത്തുക. 2001ൽ സെക്യൂരിറ്റി ഏജൻസി വഴി മാർത്തോമാ പള്ളിയിൽ ജോലിക്ക് എത്തിയ അജികുമാറിന്റെ സൗമ്യമായ പെരുമാറ്റവും ആത്മാർത്ഥതയും മനസ്സിലാക്കിയ ഇടവക നേതൃത്വം 2003 ൽ അദ്ദേഹത്തെ നേരിട്ട് നിയമിക്കുകയായിരുന്നു. പള്ളിയിലെ സേവനത്തിന് ജീവിതത്തിൽ എന്നും മുൻഗണന അജികുമാർ ഏവർക്കും പ്രിയങ്കരനുമായിരുന്നുവെന്ന് മൂത്തമകൻ ജിതിൻ സാക്ഷ്യപ്പെടുത്തുന്നു. ഹൃദ്രോഗം അലട്ടുന്നുണ്ടായിരുന്നെങ്കിലും ജോലിയിൽ മുടക്കം വരുത്തുന്നത് അജികുമാറിന് ഇഷ്ടമായിരുന്നില്ല . കുറെ ദിവസങ്ങളായി ശാരീരിക അവശതകൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഞായറാഴ്ചയും മകൻ ജിതിനെയും കൂട്ടി ടൂവീലറിൽ ജോലിക്ക് എത്തിയിരുന്നു. രാവിലെ 10 മണിയോടെ അവശത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങി. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട അജിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെ മാർത്തോമാ പള്ളിയിൽ അന്ത്യോപചാരമാർപ്പിക്കാൻ അനുവാദം ചോദിച്ചപ്പോൾ കുടുംബാംഗങ്ങൾ സമ്മതം അറിയിച്ചു. ഇടവക വികാരി എബ്രഹാം തോമസിന്റെ നേതൃത്വത്തിൽ ആത്മശാന്തിക്കായി പ്രാർത്ഥന നടത്തി. ചടങ്ങുകൾക്ക് ഇടവക ട്രസ്റ്റി ബിനു പരപ്പുഴ നേതൃത്വം നൽകി. 9 മണി മുതൽ 10 വരെ പള്ളിയിൽ പൊതുദർശനത്തിന് വച്ചശേഷം പ്രക്കാനത്തുള്ള വസതിയിൽ എത്തിച്ച് രണ്ടു മണിയോടെ ഹൈന്ദവ ആചാരപ്രകാരം സംസ്കരിച്ചു. ഭാര്യ :സുജ , മക്കൾ : ജിതിൻ, വിഷ്ണു, ആര്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |