ആലപ്പുഴ: നാൽപ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം വിപ്ലവഭൂമിയിലേക്ക് മടങ്ങിയെത്തിയ സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. 9ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച ദീപശിഖാപ്രയാണം ഇന്നലെ രാവിലെ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡലപത്തിൽ നിന്ന് നൂറ് വനിതാ അത് ലറ്റുകളുടെ അകമ്പടിയിലാണ് പ്രതിനിധി വേദിയായ കാനം രാജേന്ദ്രൻ നഗറിലെത്തിയത്. വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചിരുന്ന ദീപശിഖ ജാാഥാക്യാപ്റ്റൻ എൻ.അരുൺ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാറിന് കൈമാറി.തുടർന്ന് നഗറിലെത്തിച്ച ദീപശിഖ ക്യാപ്റ്റനിൽ നിന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏറ്റവാങ്ങി പ്രതിനിധി നഗറിൽ സ്ഥാപിച്ചു. നൂറ് കണക്കിന് പ്രവർത്തകരുടെ വിപ്ലവാഭിവാദ്യങ്ങൾ അകമ്പടിയായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ആർ.ചന്ദ്രമോഹൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. സിപിഐ യുടെ യൂ ട്യൂബ് ചാനലായ കനൽ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഡോ. കെ. നാരായണ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനർ ടി.ജെ.ആഞ്ചലോസ് സ്വാഗതം പറഞ്ഞു. രാഷ്ട്രീയ റിപ്പോർട്ട് ബിനോയ് വിശ്വവും വരവ് ചെലവ് കണക്ക് കെ ആർ ചന്ദ്രമോഹനും ഓഡിറ്റ് റിപ്പോർട്ട് എസ് രാമകൃഷ്ണനും അവതരിപ്പിച്ചു. ദേശീയ സെക്രട്ടറിയേറ്റംഗം രാമകൃഷ്ണ പാണ്ഡെ, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, പി സന്തോഷ് കുമാർ എംപി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ പി പി സുനീർ, ഇ ചന്ദ്രശേഖരൻ, സ്വാഗതസംഘം ചെയർമാൻ മന്ത്രി പി പ്രസാദ്, ജില്ലാ സെക്രട്ടറി എസ് സോളമൻ തുടങ്ങിയവർ സംബന്ധിച്ചു.
528 പ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിനിധി ചർച്ച ഇന്നും നാളെയും തുടരും. സമ്മേളനത്തിന് സമാപനം കുറിച്ച് നാളെ വൈകിട്ട് 3ന് നാൽപ്പാലം കേന്ദ്രീകരിച്ച് വോളന്റിയർ പരേഡ് ആരംഭിക്കും. 4.30ന് അതുൽ കുമാർ അഞ്ജാൻ നഗറിൽ (ആലപ്പുഴ ബീച്ച് ) നടക്കുന്ന പൊതുസമ്മേളനം ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |