തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥി മോഹികൾ. വാർഡ് വിഭജനം വന്നതോടെ ഏതെല്ലാം സീറ്റുകൾ സംവരണമാകും ജനറലാകും എന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഈ മാസം അവസാനത്തോടെയാണ് സംവരണ സീറ്റുകളെ സംബന്ധിച്ച് നറുക്കെടുപ്പ് നടക്കുന്നത്. 2015ലും 2020ലും തുടർച്ചയായി സംവരണമായ വാർഡുകൾ സ്വഭാവികമായി ജനറൽ വാർഡുകളായി മാറും. എന്നാൽ, പുതിയ വാർഡ് വിഭജനമനുസരിച്ച് വാർഡ് വിഭജനത്തിലൂടെ പുതുതായി രൂപീകരിച്ച വാർഡിൽ നിലവിലുള്ള വാർഡിലെ 50 ശതമാനത്തിലധികം ജനസംഖ്യയുണ്ടെങ്കിൽ അത് നിലവിലുള്ള സംവരണ വാർഡായി കണക്കാക്കും.
കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലാണ് കൂടുതൽ പേർ രംഗത്തുള്ളത്. പഞ്ചായത്ത് വാർഡുകളിൽ ഇത്ര തള്ളിക്കയറ്റം ഉണ്ടാകാറില്ലെങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്തമാണെന്നാണ് പറയപ്പെടുന്നത്. ഭൂരിഭാഗം പഞ്ചായത്തുകളിലും വാർഡുകളിലെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും ഒരോ ഡിവിഷനുകളാണ് കൂടിയിട്ടുള്ളത്.
നോട്ടം കോർപ്പറേഷനിലേക്ക്
ഇത്തവണ എല്ലാ കണ്ണുകളും കോർപ്പറേഷനിലക്കാണ്. ബി.ജെ.പി അടക്കം ഭരണം നേടുമെന്ന അവകാശവാദമുന്നയിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്. നിലവിൽ 55 വാർഡായിരുന്നത് വിഭജനത്തിൽ 56 ആയിട്ടുണ്ട്. തേക്കിൻകാട് ഡിവിഷൻ, പാട്ടുരായ്ക്കൽ തുടങ്ങി എതാനും വാർഡുകളിൽ നിന്ന് അടർത്തി മാറ്റിയാണ് പുതിയ ഡിവിഷനായി തിരുവമ്പാടി നിലവിൽ വന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം നിലനിർത്തിയ എൽ.ഡി.എഫിന് ഒരു സമയത്തും സ്വന്തം പാർട്ടി നേതാവിനെ മേയറാക്കാൻ സാധിച്ചിട്ടില്ല. രാഷ്ട്രീയ കാലാവസ്ഥ തങ്ങൾക്ക് അനുകൂലമാണെന്ന് കോൺഗ്രസും വിലയിരുത്തുന്നു. അതേ സമയം ലോക്‌സഭ തിരഞ്ഞെടുപ്പിൽ നേടിയ അട്ടിമറി ആവർത്തിക്കാൻ കോർപ്പറേഷനിൽ സാധിക്കുമെന്നാണ് ബി.ജെ.പി വിലയുരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |