കോഴഞ്ചേരി: പമ്പയുടെ ഓളപ്പരപ്പിൽ ഉത്രട്ടാതി ജലോത്സവം കാഴ്ചയുടെ വസന്തംതീർത്തു. ആറൻമുള ഉത്രട്ടാതി ജലമേളയിൽ കുതിച്ചുപായുന്ന പള്ളിയോടങ്ങൾക്ക് ആവേശമായി ഇരുകരകളിലും ആർപ്പുവിളിയോടെ ജനങ്ങൾ തിങ്ങിനിറഞ്ഞിരുന്നു. എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂരും മന്നം ട്രോഫി സ്വന്തമാക്കി.
ആടയാഭരണങ്ങൾ അണിഞ്ഞ് നന്നായി പാടിത്തുഴഞ്ഞെത്തിയതിന് ആർ.ശങ്കർ സുവർണ്ണട്രോഫി നെല്ലിക്കൽ പള്ളിയോടം കരസ്ഥമാക്കി.
എ ബാച്ചിൽ അയിരൂർ രണ്ടാമതും മല്ലപ്പുഴശേരി മൂന്നാമതുമെത്തി.
ബി ബാച്ചിൽ രണ്ടാമത് കോടിയാട്ടുകരയും ഇടപ്പാവൂർ മൂന്നാമതുമെത്തി
എ ബാച്ച് ലൂസേഴ്സ് ഫൈനലിൽ കുറിയന്നൂർ മുന്നിലെത്തി . ഓതറയും കീഴുകരയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി .
ബീ ബാച്ച് ലൂസേഴ്സ് ഫൈനലിൽ വൻമഴി പള്ളിയോടം ഒന്നാമതും കീക്കൊഴൂർ വയലത്തല രണ്ടാമതും കടപ്ര മൂന്നാമതും തുഴഞ്ഞെത്തി. എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനൽ മത്സരത്തിൽ ആവേശകരമായ പ്രകടനം കാഴ്ചവച്ചാണ് മേലുകര പള്ളിയോടം ജേതാക്കളായത്. 4.43.713മിനിറ്റിലാണ് തുഴഞ്ഞെത്തിയത്. ക്യാപ്റ്റൻ പ്രവീൺ എം.ആറിന്റെ നേതൃത്വത്തിലാണ് മത്സരത്തിൽ പങ്കെടുത്തത്. 1972, 2000, 2004, 2006, 2007, 2019 വർഷങ്ങളിലും മന്നം ട്രോഫിയിൽ മുത്തമിട്ടിരുന്നു. പരമ്പരാഗത ശൈലിയിൽ പാടി തുഴഞ്ഞെത്തുന്നതിന് 2009ൽ എസ്.എൻ.ഡി.പി യോഗം ഏർപ്പെടുത്തിയ ആർ. ശങ്കർ സുവർണ്ണ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്. ചതയദിനത്തിൽ കരയുടെ പരദേവതയായ അയിരൂർ പുതിയകാവിലമ്മയെ വണങ്ങിയാണ് മത്സരവള്ളംകളിക്ക് എത്തുന്നത്. ഈ വർഷം ചങ്ങംകരി വേണുവാചാരി പുതുക്കിപ്പണിത പള്ളിയോടത്തിലെത്തിയാണ് മന്നം ട്രോഫി കരസ്ഥമാക്കിയത്. മേലുകര പള്ളിയോട സംരക്ഷണസമിതിയാണ് പള്ളിയോടത്തിന്റെ ഉടമസ്ഥർ. 52 കോൽ നീളവും 64 അംഗുലം ഉടമയും 16 അടി അമരപ്പൊക്കവുമുണ്ട്. പാരമ്പര്യത്തിന്റെ പ്രതീകമായ നക്ഷത്രാങ്കിത ജ്യോതി പതാകയാണ് മേലുകര പള്ളിയോടത്തിൽ ഉപയോഗിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |