ബേക്കൽ( കാസർകോട്)∶ വീഡിയോ കാളിൽ ഇസ്രായേലിൽ ജോലി ചെയ്യുന്ന ഭാര്യയോട് മക്കളുമൊത്ത് കടലിൽ ചാടി മരിക്കുമെന്ന് ഭീഷണി മുഴക്കിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ കണ്ടെത്തി പിന്തിരിപ്പിച്ച പൊലീസ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ബേക്കൽ കോട്ടയിലെത്തിയ കുടിയാന്മല സ്വദേശിയായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ മൂന്നുമക്കളെയും കടലിലെറിഞ്ഞ് ആത്മഹത്യ ചെയ്യുമെന്ന് ഭാര്യയോട് ഭീഷണി മുഴക്കിയത്.
ബേക്കൽ കോട്ടയിലെ കടലിൽ ചാടി മരിക്കുമെന്നായിരുന്നു ഭീഷണി. ഭാര്യ ഉടൻ തന്നെ കുടിയാൻമല പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.സന്ദേശം കൈമാറിക്കിട്ടിയതോടെ ബേക്കൽ ടൂറിസം പൊലീസ് ഉടൻ തന്നെ തിരച്ചിൽ തുടങ്ങുകയായിരുന്നു. ബേക്കൽ റെഡ്മൂൺ ബീച്ചിന് സമീപം വെച്ച് ഉദ്യാഗസ്ഥനെയും പതിനൊന്നും ഒൻപതും ആറും വയസുള്ള മക്കളെും കണ്ടെത്തി അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. കോട്ട കാണിക്കാമെന്ന് പറഞ്ഞാണ് ക്ലാസിൽ അയക്കാതെ കുട്ടികളെ ഈയാൾ ബേക്കലിൽ എത്തിച്ചത്.
ഇൻസ്പെക്ടർ എം.വി.ശ്രീദാസിന്റെ നിർദ്ദേശ പ്രകാരം ടൂറിസം പൊലീസ് എ.എസ്.ഐ എം.എം.സുനിൽകുമാർ , ബേക്കൽ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ വിജേഷ്, റെജിൻ എന്നിവരും തിരച്ചിലിൽ പങ്കെടുത്തു.വിവരം ലഭിച്ച് ബേക്കലിൽ എത്തിയ ബന്ധുക്കൾക്കൊപ്പം ഇവരെ പറഞ്ഞയച്ചതായി പൊലീസ് പറഞ്ഞു.കുടുംബപ്രശ്നമാണ് ആത്മഹത്യാഭീഷണിക്ക് പിന്നിലെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |