കൊല്ലം: ഓണവിപണിയിൽ നിന്ന് ജില്ലയിലെ കുടുംബശ്രീക്കാർ കൊയ്തത് 2.70 കോടി. മുൻ വർഷത്തെ അപേക്ഷിച്ച് 64 ലക്ഷത്തിന്റെ വർദ്ധനവ്.
ജില്ലയിൽ 145 കുടുംബശ്രീ ഓണം പ്രദർശന വിപണന മേളകളാണ് കുടുംബശ്രീ സംരംഭകർ നടത്തിയത്. 1.17 കോടിയാണ് 2023 ലെ ഓണം മേളകളിൽ നിന്ന് കഴിഞ്ഞ വർഷം കുടുംബശ്രീ നേടിയത്. കരുനാഗപ്പള്ളി, പെരിനാട്, ചാത്തന്നൂർ, കല്ലുവാതുക്കൽ, നിലമേൽ, ചിത്തറ, പവിത്രേശ്വരം, കൊറ്റങ്കര, മയ്യനാട് സി.ഡി.എസുകളിൽ രാത്രികാലത്തും ഓണം വിപണമേള സജീവമായി. പ്രാദേശിക മേളകളിൽ ജില്ലയിലെ 6151 സംരംഭകരുടെ പങ്കാളിത്തമുണ്ടായി. നെടുമൺകാവിൽ സംഘടിപ്പിച്ച ജില്ലാതല മേളയിൽ 30ൽ പരം കുടുംബശ്രീ സംരംഭകരാണ് പങ്കെടുത്തത്. ഇവിടെ 6.15 ലക്ഷം രൂപ നേടാനായി. ആശ്രാമം മൈതാനത്ത് നടന്ന ജില്ലാ പഞ്ചായത്തിന്റെ ഫാം ഫെസ്റ്റിലും നബാർഡിന്റെ സഹകരണത്തോടെ നടത്തിയ കുടുംബശ്രീ പ്രദർശന വിപണന മേളയിലും നിന്ന് 8.6 ലക്ഷവും ജില്ലാ പഞ്ചായത്ത് ഫാംഫെസ്റ്റിനോട് ചേർന്ന് നടത്തിയ ഭക്ഷ്യ മേളയിലെ 6 കഫേ യൂണിറ്റുകൾ 2.54 ലക്ഷവും നേടി. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഓണം വിപണനമേളകളിൽ മാത്രം ഒതുങ്ങാതെ പോക്കറ്റ് മാറ്റ് വഴിയുള്ള ഓണം ഗിഫ്റ്റ് ഹാമ്പർ, ഓണം സദ്യ, ഓണ കിറ്റ് എന്നിവയും കുടുംബശ്രീ രംഗത്തിറക്കി.
ഗിഫ്റ്റ് ഹാംപറും ഹിറ്റ്
ഓണസദ്യയിലും ഓണം ഗിഫ്റ്റ് ഹാമ്പറിലും ഇത്തവണ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം സ്വന്തമാക്കിയത് ജില്ല കുടുംബശ്രീ മിഷനാണ്. 1060ൽ അധികം ഗിഫ്റ്റ് ഓർഡറുകളാണ് ജില്ലയിൽ നിന്ന് മാത്രം ലഭിച്ചത്. ഓണം സദ്യ ഓർഡറുകൾ വഴി ജില്ലയിലെ തിരഞ്ഞെടുത്ത 65 കുടുംബശ്രീ കഫേ യൂണിറ്റുകൾ 44.50 ലക്ഷം നേടി. 27,278 ഓർഡറുകൾ ആണ് ആകെ ലഭിച്ചത്.
ഓണസദ്യയിൽ വാഴയിലയും
140, 170, 200 രൂപ നിരക്കിലാണ് ഓണസദ്യ ലഭ്യമാക്കിയത്. ഓണസദ്യ പാഴ്‌സലിനൊപ്പം വാഴയിലയും ഉണ്ടായിരുന്നു. തിരുവോണം, അവിട്ടം, ചതയം ദിനങ്ങളിലെ ഓണം സദ്യ ഓർഡറുകൾക്ക് 50 രൂപ അധികം നിരക്ക് ഏർപ്പെടുത്തിയിരുന്നു. 10 ഓണസദ്യ ഓർഡറുകൾക്ക് താഴെ ബുക്കിംഗ് ലഭ്യമാക്കിയിരുന്നില്ല. എന്നാൽ ജില്ലയിലെ പല സ്ഥലങ്ങളിലും വൃദ്ധരായ മാതാപിതാക്കൾക്കും അവശത അനുഭവിക്കുന്നവർക്കും വേണ്ടി 10 ൽ താഴെയുള്ള ഓർഡർകളും ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഏറ്റെടുത്തു. ജില്ലയിലെ 66 സി.ഡി.എസുകൾ വഴി 6,081ഓണകിറ്റുകളാണ് തയ്യാറാക്കിയത്. 38 ലക്ഷം രൂപയുടെ വിറ്റു വരവാണ് ഓണക്കിറ്റിലൂടെ സ്വന്തമാക്കിയത്. ഇതുകൂടാതെ ജില്ലയിലെ ഏക ഹോം ഷോപ്പ് മാനേജ്‌മെന്റ് ടീമായ ഐ കേഡർ ഓണക്കാലത്ത് 32 ലക്ഷം രൂപയുടെ വിറ്റുവരവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |