ഹിസോർ : തജികിസ്ഥാനിൽ നടന്ന സെൻട്രൽ ഏഷ്യ ഫുട്ബാൾ അസോസിയേഷൻ നേഷൻസ് കപ്പ് ഫുട്ബാളിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. ഇന്നലെ നടന്ന ലൂസേഴ്സ് ഫൈനലിൽ ഒമാനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് ജയിച്ചാണ് ഇന്ത്യ മൂന്നാമതെത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനിലയിലാവുകയായിരുന്നു. 55-ാം മിനിട്ടിൽ ജമാൽ അൽ യഹ്മദിയിലൂടെ ഒമാനാണ് ആദ്യം മുന്നിലെത്തിയത്. 80-ാം മിനിട്ടിൽ ഉദാന്തസിംഗാണ് സമനില ഗോൾ നേടിയത്.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്ക് വേണ്ടി ലാലിയൻ സുവാല ചാംഗ്തെ,രാഹുൽ ഭെക്കെ,മലയാളി താരം ജിതിൻ എം.എസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ അൻവർ അലിക്കും ഉദാന്തസിംഗിനും പിഴച്ചു. ഒമാന്റെ ജമാൽ അൽ യഹ്മദിയെടുത്ത അവസാന കിക്ക് സേവ് ചെയ്ത് ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവാണ് ഇന്ത്യയ്ക്ക് വിജയം നൽകിയത്.
പുതിയ കോച്ച് ഖാലിദ് ജമീലിന് കീഴിലുള്ള ഇന്ത്യയുടെ ആദ്യ ടൂർണമെന്റായിരുന്നു ഇത്. ഗ്രൂപ്പ് റൗണ്ടിലെ മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാൻ കഴിഞ്ഞത്. തജികിസ്ഥാനെതിരായ ആദ്യ മത്സരത്തിലായിരുന്നു ജയം. തുടർന്ന് ഇറാനുമായി മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് തോറ്റു. അവസാന മത്സരത്തിൽ അഫ്ഗാനെതിരെ ഗോൾരത്തിത സമനിലയിൽ പിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |