@ ഇന്നലെ ഒരാൾകൂടി മരിച്ചു
@ ഒരുമാസത്തിനിടെ മരണം അഞ്ച്
പ്രതിരോധം ശക്തം
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചതോടെ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. പ്രതിരോധ പ്രവർത്തനവും ഊർജ്ജിതമാക്കി. കോഴിക്കോട് മെഡി. കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭനയാണ് (56) ഇന്നലെ മരിച്ചത്. പത്തുപേർ മെഡി. കോളേജിൽ ചികിത്സയിലുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരുകുട്ടി സംശയകരമായി ചികിത്സയിലുണ്ടെന്ന് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫ. ഡോ.ബിന്ദു സജിത്ത്. പേടിക്കാനുള്ള സാഹചര്യം ഇല്ലെങ്കിലും ജാഗ്രതയോടെയാണ് ചികിത്സാ നടപടികൾ പുരോഗമിക്കുന്നതെന്ന് ഡോക്ടർ വ്യക്തമാക്കി. ഒരു മാസത്തിനിടെ വിവിധ ജില്ലകളിൽ നിന്നായി ചികിത്സക്കെത്തിയ അഞ്ചുപേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡി. കോളേജ് അധികൃതർ പറഞ്ഞു.
@ പ്രതിരോധം ഊർജ്ജിതം
അമീബിക് മസ്തിഷ്‌കജ്വരം പടരുന്ന സാഹചര്യത്തിൽ കോർപ്പറേഷനും തദ്ദേശ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. കെട്ടിക്കിടക്കുന്ന ജല സ്രോതസുകളും കുളങ്ങളും ക്ലീൻ ചെയ്യാൻ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിൻ അളവുകൾ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുമാണ്. കുടിവെള്ള സ്രോതസുകൾ ആരോഗ്യ പ്രവർത്തകർ പരിശോധിച്ച് ഉറപ്പ് വരുത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ് എല്ലാ ജില്ലകളിലേയും ഡി.എം.ഒമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുളങ്ങളിലും തടാകങ്ങളിലും മറ്റു ജലസ്രോതസുകളിലും അടിഞ്ഞു കൂടിയ പായലും മാലിന്യവും നീക്കം ചെയ്യണം. വെള്ളത്തിലിറങ്ങുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം.
സ്‌കൂളുകളിൽ ബോധവത്കരണം
സ്കൂളുകളിൽ ബോധവത്കരണം ശക്തമാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ക്യാമ്പയിനിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനവും ബോധവത്കരണവും നൽകും. അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയ കുളങ്ങളുടെയും ജലാശയങ്ങളുടെയും സമീപത്ത് ജാഗ്രതാ നിർദ്ദേശങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിക്കണം.
പ്രതിരോധം ഇങ്ങനെ
-നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക.
-നീന്തുമ്പോൾ അല്ലെങ്കിൽ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളിൽ, നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കിൽ മൂക്ക് വിരലുകളാൽ മൂടുക.
-ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ നീന്തുമ്പോൾ തല വെള്ളത്തിന് മുകളിൽ സൂക്ഷിക്കുക.
-ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, ചെളി /അടിത്തട്ട് കുഴിക്കുന്നത്/ കലക്കുന്നത് എന്നിവ ഒഴിവാക്കുക.
-നീന്തൽക്കുളങ്ങൾ, വാട്ടർ തീം പാർക്കുകൾ, സ്പാകൾ എന്നിവ ശുചിത്വത്തോടെ ക്ലോറിനേഷൻ ചെയ്ത്, ശരിയായ രീതിയിൽ പരിപാലിക്കണം.
-തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിർന്നവരുടേയോ മൂക്കിൽ ഒഴിക്കരുത്.
-പൊതു ജലാശയങ്ങളിലേക്ക് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ഒഴുക്കരുത്.
-ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും, വലിയ ടാങ്കുകളും മൂന്ന് മാസം കൂടുമ്പോൾ നല്ലത് പോലെ തേച്ച് വൃത്തിയാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |