തൃശൂർ : ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ നാടും നഗരവും മഞ്ഞക്കടലായി. എസ്.എൻ.ഡി.പി യോഗത്തിന്റെയും വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ഗുരുജയന്തി ആഘോഷിച്ചു. ഗുരുജയന്തി ഘോഷയാത്ര, നിശ്ചലദൃശ്യം, സാംസ്കാരിക സമ്മേളനം എന്നിവ ജയന്തി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തൃശൂർ എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ നടന്ന ജയന്തി ഘോഷയാത്ര നഗരത്തെ പീതമയമാക്കി. തെക്കേഗോപുര നടയിൽ നടന്ന ജയന്തി സമ്മേളനം തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്.ഹരിശങ്കർ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് ഐ.ജി.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവ ഛായാചിത്രത്തിന് മുന്നിൽ യോഗം അസി.സെക്രട്ടറി കെ.വി.സദാനന്ദൻ ഭദ്രദീപം തെളിച്ചു.
കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥ് ജയന്തി സന്ദേശം നൽകി. എം.പ്രകാശൻ മാസ്റ്റർ ജയന്തിപ്രഭാഷണം നടത്തി. കെ.വി.വിജയൻ, എൻ.വി.രഞ്ജിത്ത്, കെ.വി.വിജയൻ, ഇന്ദിരാദേവി ടീച്ചർ, പി.വി.വിശേശ്വരൻ എന്നിവർ സന്നിഹിതരായി. യൂണിയൻ സെക്രട്ടറി മോഹൻ കുന്നത്ത്, വൈസ് പ്രസിഡന്റ് ടി.ആർ.രഞ്ജു തുടങ്ങിയവർ സംസാരിച്ചു. പാർവതി സുനിൽകുമാർ ദൈവദശകം ചൊല്ലി. ഘോഷയാത്രത്തിൽ ആയിരങ്ങൾ അണിനിരന്നു. തെക്കേഗോപുര നടയിൽ നിന്നാരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി സമാപിച്ചു. നിശ്ചലദൃശ്യങ്ങൾ, വാദ്യമേളങ്ങൾ എന്നിവ ഘോഷയാത്രയെ വർണാഭമാക്കി. ഘോഷയാത്രയ്ക്ക് മുമ്പ് മെഗാതിരുവാതിരയും അരങ്ങേറി. കെ.ആർ.ഉണ്ണിക്കൃഷ്ണൻ, എൻ.വി.മോഹൻദാസ്, കെ.കെ.ഭഗീരഥൻ, എം.കെ.ഗംഗാധരൻ, കെ.ആർ.മോഹനൻ, പത്മിനി ഷാജി, എം.ആർ.രാജശ്രീ, വി.ഡി.സുഷീൽ കുമാർ, കെ.വി.രാജേഷ്, ദീപക് കുഞ്ഞുണ്ണി, എം.ഡി.മുകേഷ്, കെ.കെ.ശോഭനൻ, വി.ജി.സുരേഷ് , ആർ.ശങ്കർ ഫോറം സംസ്ഥാന ജനറൽ എ.വി.സജീവ്, ജിതേഷ് ബലറാം എന്നിവർ നേതൃത്വം നൽകി.
ശാസ്ത്രീയമായി നവോത്ഥാനം നടപ്പാക്കിയ മറ്റൊരു ആചാര്യനില്ല
തൃശൂർ : ചേർത്തലയിലെ കണ്ണാടി പ്രതിഷ്ഠയിലൂടെയാണ് ഗുരുദേവൻ ജനങ്ങളെ നവോത്ഥാനം പഠിപ്പിച്ച് തുടങ്ങിയതെന്ന് തൃശൂർ റേഞ്ച് ഐ.ജി എസ്.ഹരിശങ്കർ. തെക്കെ ഗോപുര നടയിൽ എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയന്റെ ഗുരുജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരാധനാ സ്വാതന്ത്ര്യത്തോടെയാണ് ഗുരുദേവൻ നവോത്ഥാന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇത്രയും ശാസ്ത്രീയമായി നവോത്ഥാനം നടപ്പാക്കിയ മറ്റൊരു ആചാര്യൻ ഇന്ത്യയിലില്ല. അദ്ദേഹം ഒരു മതസൗഹാർദ്ദ വാദിയായിരുന്നു. എല്ലാ മതങ്ങളുടെ മൂല്യം ഒന്നാണെന്ന് ആദ്യം പറഞ്ഞത് ശ്രീനാരായണ ഗുരുവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരുടെ ആശങ്കങ്ങളെയും ഉൾക്കൊള്ളുന്ന വളരെ ലിബറലായ നവോത്ഥാന നായകനായിരുന്നു ഗുരുദേവനെന്നും അദ്ദേഹം പറഞ്ഞു.
പുതുക്കാട് യൂണിയൻ
പുതുക്കാട്: എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയൻ ഗുരുമന്ദിരത്തിൽ ഗുരുപൂജ, പ്രാർത്ഥന യോഗം, പൊതുസമ്മേളനം എന്നിവ സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് സി.ജെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.കെ. രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിന് മുന്നോടിയായി ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.ആർ. ഗോപാലൻ, കെ.ആർ.രലു മാസ്റ്റർ, യൂണയൻ കൗൺസിലർമാരായ രാജീവ് കരോട്ട്, പി.ആർ.വിജയകുമാർ, യൂത്ത്മൂവ്മെന്റ് കേന്ദ്ര സമിതി അംഗം നിവിൻ ചെറാക്കുളം എന്നിവർ പ്രസംഗിച്ചു.
കൊടകര യൂണിയൻ
കൊടകര: എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയന്റെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും ഗുരു മന്ദിരത്തിൽ ഗുരുദേവ പ്രതിഷ്ഠാ ദിനാചരണവും സംഘടിപ്പിച്ചു. അശ്വിനിദേവ് തന്ത്രിയുടെ കാർമികത്വത്തിൽ വിശേഷാൽ ഗുരുപൂജ, പുഷ്പാഭിഷേകം, അനുഗ്രഹ പ്രഭാഷണം എന്നിവ നടന്നു. യൂണിയൻ സെക്രട്ടറി കെ.ആർ.ദിനേശൻ, പ്രഭാകരൻ മുണ്ടക്കൽ, നന്ദകുമാർ മലപ്പുറം, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ അനൂപ് കെ.ദിനേശൻ, കെ.എസ്.ശ്രീരാജ്, വനിതാസംഘം ഭാരവാഹികളായ സുമ ഷാജി, സൂര്യ ഗോപകുമാർ എന്നിവരും മോഹനൻ വടക്കേടത്ത്, ശാഖാ ഭാരവാഹികൾ, വനിതാസംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
മാള യൂണിയൻ
മാള: മാള എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ 171-ാമത് ഗുരുദേവ ജയന്തിയും ചതയദിനവും വിപുലമായി ആഘോഷിച്ചു.
വൈകിട്ട് 4 ന് ആരംഭിച്ച ഘോഷയാത്രയിൽ ആയിരക്കണക്കിന് ശ്രീനാരായണീയർ പങ്കെടുത്തു. കാവടികളും മഞ്ഞ കുടകളുമായി അണിനിരന്ന ഘോഷയാത്ര മാള ടൗണിനെ മഞ്ഞക്കടലാക്കി. വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയെ കൂടുതൽ വർണ്ണാഭമാക്കി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. മാള യൂണിയൻ പ്രസിഡന്റ്
പി.കെ.സാബു അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ ആമുഖപ്രസംഗം നടത്തി. ചക്കാംപറമ്പ് വിജ്ഞാന ദായിനി സഭ പ്രസിഡന്റ് സി. ഡി. ശ്രീനാഥ് സമ്മാനദാനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് രജീഷ് മാരിക്കൽ, ഷിബു പണ്ടാല, എ.പി. ബാലൻ എന്നിവർ പ്രസംഗിച്ചു. ഘോഷയാത്രയിൽ പൂപ്പത്തി എസ്.എൻ.ഡി.പി ശാഖ ഒന്നാം സ്ഥാനവും പ്ലാവിൻ മുറി ശാഖ രണ്ടാം സ്ഥാനവും നേടി. ചക്കാംപറമ്പ്, കുരുവിലേശേരി ശാഖകൾ മൂന്നാം സ്ഥാനം പങ്കിട്ടു. യൂണിയൻ പരിധിയിലെ വിവിധ ശാഖകളിൽ പ്രാർത്ഥന, ഗുരുപൂജ, പ്രഭാഷണം, അന്നദാനം തുടങ്ങിയ പരിപാടികളും നടന്നു.
മണ്ണുത്തി യൂണിയനിൽ
മണ്ണുത്തി : എസ്.എൻ.ഡി.പി മണ്ണുത്തി യൂണിയന്റെ നേതൃത്വത്തിൽ നടന്ന ജയന്തി ആഘോഷം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവ ഛായാചിത്രത്തിന് മുന്നിൽ മുൻ യൂണിയൻ കൗൺസിലർ സുന്ദരൻ കുന്നത്തുള്ളി ഭദ്രദീപം തെളിച്ചു. വിദ്യാഭ്യാസ പുരസ്കാര സമർപ്പണം എളനാട് മിൽക്ക് സ്ഥാപകൻ കെ.എം.സജീഷ് കുമാർ നിർവഹിച്ചു. ഡോ.നിശാന്ത് തോപ്പിലിനെ ആദരിച്ചു. രേഷ്മ ഹേമേജ്, ഭാസ്കരൻ കെ.മാധവൻ, ചിന്തു ചന്ദ്രൻ, ശിവദാസൻ, ജനാർദ്ദനൻ പുളിങ്കുഴി, എ.വി.ബീന, കുമാരി രമേശൻ, കെ.ഡി.മനോജ്, കെ.എസ്.രമേശൻ, പി.എം.ജിമിത്ത്, ഇ.പി.പ്രശാന്ത്, സുബീഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ പൊന്നൂക്കര നന്ദിയും പറഞ്ഞു.
പെരിങ്ങോട്ടുകര യൂണിയൻ
പെരിങ്ങോട്ടുകര: എസ്.എൻ.ഡി.പി യോഗം പെരിങ്ങോട്ടുകര യൂണിയൻ ഗുരുജയന്തി വിപുലമായി ആഘോഷിച്ചു. രാവിലെ യൂണിയൻ പ്രസിഡന്റ് ഹണി കണാറ പീതപതാക ഉയർത്തി. തുടർന്ന് ജയന്തി വിളംബര ഘോഷയാത്ര ശാഖകളിലെത്തി സ്വീകരണങ്ങൾ എറ്റുവാങ്ങി. വൈകിട്ട് തൃപ്രയാർ കിഴക്കെ നടയിൽ നിന്നും ജയന്തി ഘോഷയാത്ര ആരംഭിച്ചു. പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. പൊതുസമ്മേളനം ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി ദിവ്യാനന്ദ ഗിരി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഹണി കണാറ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഡ്വ. കെ.സി. സതീന്ദ്രൻ, വൈസ് പ്രസിഡന്റ് സുനിൽ കൊച്ചത്ത്, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ടി.ജി. സുഭാഷ്, യോഗം ഡയറക്ടർമാരായ ഷിജി തിയ്യാടി, വിനോദ് കെ.വി, കൗൺസിലർമാരായ സുരേഷ് ബാബു വന്നേരി, സുരേഷ് പണിക്കശ്ശേരി, സാജി കൊട്ടിലപ്പാറ, ദിവ്യാനന്ദൻ, ബിജു എം.കെ, പ്രദീപ് പാണപറമ്പിൽ, ബിജോയ് കെ.വി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ദീപ്തീഷ്കുമാർ, സെക്രട്ടറി ബിനു കളത്തിൽ, വനിതാസംഘം പ്രസിഡന്റ് അനിത പ്രസന്നൻ, സെക്രട്ടറി സിനി സൈലജൻ, വൈദിക യോഗം ചെയർമാൻ മനോഹർജി, കൺവീനർ അമ്പാടി ശാന്തി, ബൈജു തെക്കിനിയേടത്ത്, ഷൺമുഖൻ കളപ്പുരക്കൽ, ബാബുകുമാർ എൻ.ജി, വിനയൻ കക്കേരി, പ്രസൂൺ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഗുരുദർശന അവാർഡ്
ഡോ.ടി.എസ്.ശ്യാംകുമാറിന് സമർപ്പിച്ചു
കൊടുങ്ങല്ലൂർ : മേത്തല ശ്രീനാരായണ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ചതയ ദിനാഘോഷവും ഗുരുദർശന അവാർഡ് വിതരണവും ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. നാരായണൻ കുട്ടി ശാന്തി ഭദ്രദീപം കൊളുത്തി. സമാജം പ്രസിഡന്റ് അഡ്വ.എം.ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗുരുദർശന അവാർഡ് ഡോ.ടി.എസ്.ശ്യാംകുമാറിനെ അഡ്വ.എം.ബിജുകുമാർ സമ്മാനിച്ചു. പുരസ്കാര കൃതിയുടെ അവലോകനം ജൂറി അംഗം ഡോക്ടർ സി.ആദർശ് നിർവഹിച്ചു. പ്രശംസാ പത്രസമർപ്പണം കെ.ആർ.അമ്പിളി കുമാർ നിർവഹിച്ചു. സമാജം സെക്രട്ടറി കെ.ബി.സിനി റിപ്പോർട്ട് അവതരിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ടി.കെ.ഗീത, വാർഡ് കൗൺസിലർ ഇ.ജെ.ഹിമേഷ്, ടി.എസ്.സജീവൻ, എൻ.എൻ.പ്രദീപ് എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉമേഷ് ചള്ളിയിൽ അനുമോദിച്ചു.
ശ്രീനാരായണധർമ്മപരിഷത്ത്
ഗുരുജയന്തി ആഘോഷം
തൃശൂർ: ശ്രീനാരായണധർമ്മപരിഷത്ത് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണജയന്തി ഘോഷയാത്രയും കൂർക്കഞ്ചേരി ശ്രീമാഹേശ്വരക്ഷേത്രത്തിൽ മഹാഗുരുപൂജയും പ്രസാദവിതരണവും നടത്തി. തൃശൂർ അസി. പൊലീസ് കമ്മിഷണർ എൻ.എസ് സലീഷ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ജയൻ തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, മനോജ് അയ്യന്തോൾ, ശിവദാസ് മങ്കുഴി, അജിതസന്തോഷ്, കാഞ്ചനബാബുരാജ്, ശ്യാം തയ്യിൽ, ഷാജി തൈവളപ്പിൽ, സജീവൻ പെരുമ്പറമ്പിൽ, പി.വി. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. മോഹൻദാസ് എടക്കാടൻ സമൂഹപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
മുകുന്ദപുരം
യൂണിയൻ
ഇരിങ്ങാലക്കുട : എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ ശ്രീ നാരായണ ഗുരുജയന്തി ആഘോഷവും പ്രതിഷ്ഠദിനവും ഗുരുപദം ഡോക്ടർ വിജയൻ തന്ത്രിയുടെ നേതൃത്വത്തിൽ യൂണിയൻ ആസ്ഥാനത്തിൽ ഗണപതിഹോമവും ഗുരുപൂജയും നടന്നു. തുടർന്ന് എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ അങ്കണത്തിൽ എസ്.എൻ.ഡി.പി പ്രസിഡന്റ് സന്തോഷ് ചെറാകുളം പതാക ഉയർത്തി. ശ്രീ നാരായണ ഗുരുദേവ സന്ദേശവും നൽകി. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.കെ ചന്ദ്രൻ എസ്.എൻ.ഡി.പി യോഗം ഡയറക്ടർ കെ.കെ ബിനു, യോഗം കൗൺസിലർ പി.കെ പ്രസന്നൻ, എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ സുബ്രഹ്മണ്യൻ, വനിതാ സംഘം പ്രസിഡണ്ട് സജിത അനിൽകുമാർ വനിത സംഘം സെക്രട്ടറി രമാപ്രദീപ് എന്നിവർ നേതൃത്വം നൽകി.
ശ്രീനാരായണ സഹോദര
ധർമ്മവേദി ഗുരുജയന്തി ആഘോഷം
കാട്ടൂർ: ശ്രീനാരായണ ദർശനങ്ങളുടെ കാലികപ്രസക്തി ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണെന്ന് എസ്.എൻ.ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം കെ.എസ്.ജോഷി പ്രസ്താവിച്ചു. ശ്രീനാരായണ സഹോദര ധർമ്മവേദി ഇരിങ്ങാലക്കുട യൂണിയൻ കാട്ടൂരിൽ സംഘടിപ്പിച്ച ചതയ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധർമ്മവേദി ജില്ലാ ജോയിന്റ് സെക്രട്ടറി ചന്ദ്രൻ പെരുമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. രജീഷ് കോപ്പുള്ളി പറമ്പിൽ, ദാസ് തണ്ടാശ്ശേരി, ലിനി രമേശ് ,രമണി സുന്ദർരാജൻ, ജയൻ കുറ്റിക്കാട്ടിൽ, ശശികല സിദ്ധാർത്ഥൻ, ലൈജു ബാലൻ, കുട്ടൻ കോരം പറമ്പിൽ, ദാസൻ കാട്ടൂർ, സരിത അനിൽകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |