ചേർത്തല : അപകടത്തിൽപ്പെട്ട് റോഡരികിൽ ചോരവാർന്നു കിടന്നയാൾക്ക് രക്ഷകരായി കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറും കണ്ടക്ടറും. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ചേർത്തല - തണ്ണീർമുക്കം റോഡിൽ കൊക്കോതമംഗലത്ത് കാറിടിച്ചു പരിക്കേറ്റ, സ്‌കൂട്ടർ യാത്രക്കാരനായ കോടതി കവല മാത്തൂർ ക്ഷേത്രം ശാന്തി തണ്ണീർമുക്കം ശ്യാംനികേതനിൽ ശ്യാമിനാണ്(50)ന് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ പൈൻവാലി സ്വദേശി കെ.ജെ. മാത്യുവും,കണ്ടക്ടർ തിരുവനന്തപുരം സ്വദേശി എ. ബിനുവും രക്ഷകരായത്.
അപകടത്തെത്തുടർന്ന് റോഡരികിലെ ഓടയിലേക്ക് വീണാണ് ശ്യാമിനും കാലിനും തലയ്ക്കും പരിക്കേറ്റത്. ഈ സമയത്താണ് വാഗമണ്ണിൽ നിന്ന് ആലപ്പുഴക്കുള്ള ഈരാറ്റുപേട്ട ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് ഇതുവഴിയെത്തിയത്.
പരിക്കേറ്റയാളെ കണ്ട ഡ്രൈവർ ബസ് നിർത്തി ഓടിയിറങ്ങി. കണ്ടക്ടറും സഹായത്തിനെത്തി. യാത്രക്കാരും സഹായിച്ചതോടെ ശ്യാമിനെ ബസിന്റെ മുന്നിലെ വരിയിലുളള സീറ്റിൽ കിടത്തി. ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഉടൻതന്നെ അടിയന്തരശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രയിലേക്ക് മാറ്റി.രാവിലെ ക്ഷേത്രത്തിലേക്കു പോകുമ്പോഴായിരുന്നു കാറിടിച്ച് ശ്യാം അപകടമുണ്ടായത്. ബസിനു പിന്നാലെ അപകടത്തിൽപ്പെട്ട കാർയാത്രികരും ആശുപത്രിയിലെത്തിയിരുന്നു.
ശ്യാമിന്റെ ബന്ധുക്കളുടെ നമ്പർ തരപ്പെടുത്തി വിളിച്ചുവരുത്തിയ ശേഷമായിരുന്നു ബസുമായി ജീവനക്കാർ മടങ്ങിയത്. യാത്രക്കാരും ആശുപത്രി അധികൃതരുമടക്കം ഇവരെ അഭിനന്ദിച്ചു.ഇതിനു മുമ്പും ഡ്രൈവർ മാത്യു ജോലിക്കിടയിൽ ജീവൻ രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |