കൊണ്ടോട്ടി: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമിഗ്രേഷൻ ക്ലിയറൻസുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ നിരന്തര പരാതികൾക്ക് പരിഹാരമാകുന്നു. യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനും എമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ സംവിധാനം വരുന്നത്. അടുത്തമാസം മുതൽ പരിശോധനകൾക്ക് ഫാസ്റ്റ് ട്രാക്ക് സംവിധാനം ഉപയോഗപ്പെടുത്താൻ കഴിയും. ഇത് യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനും സമയനഷ്ടം ഒഴിവാക്കുന്നതിനും ഉപകരിക്കും. പാസ് പോർട്ട് പരിശോധനയിൽ യാത്രക്കാർ നേരിടേണ്ടിവരുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ പരീക്ഷണാർഥമാണ് കരിപ്പൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ പദ്ധതി സജ്ജമാക്കിയിരിക്കുന്നത്. വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തുന്നവർക്കും ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് പോകുന്നവർക്കും ഈ സൗകര്യം ഏറെ പ്രയോജനപ്രദമാകും. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് പുതിയ സംവിധാനം ഒരുക്കുന്നത്. നിലവിൽ, ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഈ സംവിധാനം ലഭ്യമാണ്.
പുതിയ സംവിധാനം
ആർക്കൊക്കെ പ്രയോജനപ്പെടും?
നിരന്തരം വിദേശയാത്രകൾ നടത്തുന്നവർക്കാണ് ഫാസ്റ്റ് ട്രാക്ക് സംവിധാനം ഏറെ പ്രയോജനപ്പെടുന്നത്. വിദേശയാത്ര കഴിഞ്ഞു തിരിച്ചെത്തുന്നവർക്കും, ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് പോകുന്നവർക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ, ബിസിനസ് യാത്രക്കാർ, വിനോദസഞ്ചാരികൾ ഇത് ഏറെ സഹായകമാകും. ഒരു തവണ ശാരീരിക അടയാളങ്ങൾ നൽകിയുള്ള പരിശോധന പൂർത്തിയാക്കിയവർക്ക് പാസ്‌പോർട്ട് നമ്പർ മാത്രം നൽകി യാത്രക്കൊരുങ്ങാനാകുന്ന ക്രമീകരണമാണിത്. സാധാരണഗതിയിൽ, എമിഗ്രേഷൻ ക്ലിയറൻസിനായി ഏറെ സമയം കാത്തുനിൽക്കേണ്ടിവരാറുണ്ട്. ഫാസ്റ്റ് ട്രാക്ക് സംവിധാനം വരുന്നതോടെ ഈ കാത്തിരിപ്പ് ഒഴിവാക്കാനാകും.
എന്താണ് ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ?
സ്വയംനിയന്ത്രിത സംവിധാനങ്ങളിലൂടെ പാസ്‌പോർട്ട്, വിസ തുടങ്ങിയ രേഖകൾ അതിവേഗം പരിശോധിക്കുന്ന സാങ്കേതികവിദ്യയാണ് ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ. ഇതിനായി വിമാനത്താവളങ്ങളിൽ പ്രത്യേക കിയോസ്‌കുകൾ സ്ഥാപിക്കും. യാത്രക്കാർക്ക് ഈ കിയോസ്‌കുകൾ ഉപയോഗിച്ച് അവരുടെ രേഖകൾ സ്വയം സ്‌കാൻ ചെയ്ത് നൽകാം. ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തും. ഇത് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള ഇടപെടൽ കുറയ്ക്കും. നിലവിൽ, ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിൽ ഈ സംവിധാനം ലഭ്യമാണ്. പദ്ധതിയുടെ ഭാഗമായി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാല് പ്രത്യേക പരിശോധന ഗേറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതുവഴി പരിശോധിക്കപ്പെടുന്നവർക്ക് സാധാരണ പാസ്‌പോർട്ട് പരിശോധനകൾ ആവശ്യമാകില്ല. നേരത്തെ വിമാനത്താവളത്തിലുണ്ടായിരുന്ന 26 കൗണ്ടറുകൾ 54 ആക്കി ഉയർത്തി. സാധാരണ പാസ്‌പോർട്ട് പരിശോധനകൾ ഇവിടെ നടക്കുന്നതിനു പുറമെ പ്രത്യേക നാല് കൗണ്ടറികളിൽ ഫാസ്റ്റ് ട്രാക്ക് പരിശോധനയുമാകുമ്പോൾ നിലവിലെ പരാതികൾ പൂർണ്ണമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
കരിപ്പൂർ വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര പദവിക്ക് ഈ നീക്കം കൂടുതൽ കരുത്തുപകരും. യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, വിമാനത്താവളത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ ഇത് സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |