കോട്ടയം : സൂസൻ മേബിൾ തോമസ് ഇൻഡോർ സ്റ്റേഡിയം ആൻഡ് അന്താരാഷ്ട്ര സ്‌പോർട്‌സ് കോംപ്ലക്‌സ് എന്നിവ എം.ജി യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിർമ്മിക്കുന്നതിന് സർക്കാർ 47.81 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. നേരത്തെ 38.19 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്ന പദ്ധതിയുടെ തുക മന്ത്രി സഭായോഗം വർദ്ധിപ്പിക്കുകയായിരുന്നു. സിന്തറ്റിക് ട്രാക്ക്, ലോംഗ്ജംപ്, ട്രിപ്പിൾ ജംപ്, ജാവലിൻ ത്രോ, ഹാമർ ത്രോ, ഷോട്ട്പുട്ട്, ഹൈജംപ്, പോൾ വോൾട്ട് പിറ്റുകൾ, സ്വിമ്മിംഗ് പൂൾ, മൾട്ടി പർപ്പസ് ഫ്‌ളഡ്‌ലിറ്റ് ഇൻഡോർ സ്റ്റേഡിയം, രണ്ട് വോളിബാൾ കോർട്ടുകൾ, ഒരു ബാസ്‌ക്കറ്റ് ബാൾ കോർട്ട്, ഒരു ഹാൻഡ് ബാൾ കോർട്ട്, 8 ബാഡ്മിന്റൺ കോർട്ടുകൾ, നാലു തട്ടുകളിലായി ഗ്യാലറിയും ഇൻഡോർ സ്റ്റേഡിയത്തിൽ ഉണ്ടാകും. അക്കാദമിയ കോംപ്ലക്‌സിൽ 10 ക്ലാസ് മുറികൾ 250 ഇരിപ്പിടങ്ങളുള്ള സെമിനാർ ഹാൾ, കേന്ദ്രീകൃത സ്‌പോർട്‌സ് ഹോസ്റ്റൽ നൂറു വീതം പുരുഷ, വനിതാ അത്‌ലറ്റുകളെ താമസിപ്പിക്കാൻ സൗകര്യമുള്ള ഹോസ്റ്റൽ, വിവിധ കായിക ഇനങ്ങൾക്കുള്ള ഉപകരണങ്ങൾ. സ്‌പോർട്‌സ് ഹോസ്റ്റലുകളിലേക്കുള്ള ഫർണീച്ചറുകൾ, സ്റ്റോർ മുറികളിലേക്കുള്ള ഉപകരണങ്ങൾ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ക്രമീകരിക്കും.
''രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങൾ ഏറ്റുമാനൂർ മണ്ഡലത്തിൽ വരുമ്പോൾ വലിയ കായിക മുന്നേറ്റത്തിനുള്ള സാദ്ധ്യതയാണ് സർവകലാശാലയ്ക്കും കോട്ടയം ജില്ലയ്ക്കും തുറന്നുകിട്ടുന്നത്.
മന്ത്രി വി.എൻ വാസവൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |