മലയാളത്തിൽ ഏറെ ചർച്ചയായ സിനിമയായിരുന്നു നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ദീപക് ദേവായിരുന്നു. എമ്പുരാനിലെ സംഗീതവുമായി ബന്ധപ്പെട്ട് പലതരത്തിലുളള വിമർശനങ്ങളാണ് അന്ന് ഉയർന്നത്. ദീപക് ദേവിനെതിരെയും പലതരത്തിലുളള വിമർശനങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴിതാ അന്ന് നേരിട്ട വിമർശനങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ദീപക് ദേവ് ചില കാര്യങ്ങൾ പങ്കുവച്ചത്.
'എമ്പുരാൻ സിനിമയിലെ സംഗീതവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ വന്നിരുന്നു. ആ സമയത്ത് ഗോപി സുന്ദർ എന്നെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ഗോപി സുന്ദർ എന്നെ വിളിച്ചിട്ടല്ലേ പിന്തുണയ്ക്കുന്നുവെന്ന് പറയാനുളളത്. അദ്ദേഹം ഇതുവരെയായിട്ടും ആ വിഷയവുമായി ബന്ധപ്പെട്ട് വിളിച്ചിട്ടില്ല. ആ പോസ്റ്റുകളെ ഞാനൊരു സപ്പോർട്ടായിട്ട് എടുക്കുന്നില്ല. ആ പോസ്റ്റിന് അദ്ദേഹം സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിന്റെ സംഗീതമാണ് നൽകിയത്. എന്നിട്ട് പ്രശ്നത്തെക്കുറിച്ച് ഒരു കുറിപ്പും പങ്കുവച്ചു.
ഗോപി സുന്ദറായിരുന്നു എമ്പുരാനിലെ സംഗീതം ചെയ്യേണ്ടിയിരുന്നതെന്ന് ചിലർ കമന്റ് ചെയ്തു. ഞാൻ അദ്ദേഹത്തിന്റെ സഹോദരനാണെന്നായിരുന്നു ഗോപി സുന്ദർ ആ കമന്റുകൾക്ക് മറുപടി നൽകിയത്. ആ സമയത്ത് അതൊരു അസ്ഥാന പോസ്റ്റായിട്ടാണ് എനിക്ക് തോന്നിയത്. ഗോപി സുന്ദറിന്റെ ആ പ്രവൃത്തിക്കെതിരെ നടപടിയെടുക്കേണ്ടെയെന്ന് യൂണിയനിൽ നിന്ന് ചോദിച്ചു. പ്രതികരിക്കണ്ടെന്നായിരുന്നു ഞാൻ പറഞ്ഞത്. ആ സമയത്ത് ഗോപി സുന്ദർ പലതരത്തിലുളള പ്രശ്നങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. ശവത്തിൽ കുത്തുന്നത് എന്തിനെന്ന് കരുതി ഞാൻ മിണ്ടാതിരിക്കുകയായിരുന്നു. അയാളുടെ രീതിയനുസരിച്ച്, എന്ത് കിട്ടിയാലും വിറ്റ് കാശാക്കുന്ന ഒരു സ്വഭാവമാണ്. യൂണിയനിൽ നിന്ന് ഒരു മെമ്മോ അയച്ചാൽ പോലും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് കാശാക്കുമായിരുന്നു'- ദീപക് ദേവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |