തിരുവനന്തപുരം: ഇന്നും നാളെയും വെളിച്ചെണ്ണയ്ക്ക് വൻ വിലക്കുറവ്. സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്ന് 1500 രൂപയ്ക്കോ അതില്‍ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ വെളിച്ചെണ്ണ
50 രൂപ വിലക്കുറവില്‍ സ്പെഷ്യല്‍ ഓഫറായി ലഭിക്കുന്നതാണ്. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപയ്ക്ക് ഈ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു.
അതേസമയം, സപ്ലൈകോയിൽ ഓണക്കാലത്ത് റെക്കോർഡ് വില്പനയാണ് നടക്കുന്നത്. സെപ്തംബർ ഒന്നിനുമാത്രം 21 കോടിയുടെ വില്പനയാണ് നടന്നത്. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവാണ് ഇത്. ഓണക്കാലത്ത് പ്രതീക്ഷിച്ചിരുന്ന ആകെ വിറ്റുവരവിനെ ഇപ്പോൾത്തന്നെ മറികടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പൂരാട ദിനമായ ഇന്നും ഉത്രാടദിനമായ നാളെയും വില്പന എല്ലാ റെക്കോർഡകളും ഭേദിച്ച് മുന്നേറുമെന്നാണ് കണക്കുകൂട്ടുന്നത്.
റോക്കറ്റുപോലെ കുതിച്ചുയർന്നുകൊണ്ടിരുന്ന വെളിച്ചെണ്ണ വില സർക്കാർ ഇടപെടലോടെയാണ് കുറഞ്ഞത്.ഭക്ഷ്യ പൊതുവിതരണ വകുപ്പും സിവില്‍ സപ്ലൈസ് കോർപ്പറേഷനും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയും വിലക്കയറ്റം ഇല്ലാതാക്കാനുമുളള ശക്തമായ നടപടികളാണ് സ്വീകരിച്ചത്.
ഓണവിപണി ലക്ഷ്യമിട്ട് കൃഷിവകുപ്പ് നടപ്പിലാക്കുന്ന കർഷകചന്തകളിൽ 4.7 കോടിയുടെ പച്ചക്കറികളാണ് സംഭരിച്ചത്. ഇതിൽ 2.9 കോടി കർഷകരിൽ നിന്ന് നേരിട്ടാണ് സംഭരിച്ചത്. കർഷക ചന്തകളിലൂടെ വൻ വിലക്കുറവിലാണ് ഉല്പനങ്ങൾ വിൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |