തിരുവനന്തപുരം: രാജ്യത്താദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷൻ നാളെ ചുമതലയേൽക്കും. മുൻ രാജ്യസഭാംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ കെ.സോമപ്രസാദ് ചെയർപേഴ്‌സണായ അഞ്ചംഗ കമ്മീഷനാണ് സ്ഥാനമേൽക്കുന്നത്. ഗവ.സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ രാവിലെ പതിനൊന്നിനു നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങും കമ്മീഷൻ അംഗങ്ങൾക്കുള്ള ആശംസാ സമ്മേളനവും മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ, വനിതാ കമ്മീഷൻ അംഗവും സാമൂഹ്യപ്രവർത്തകയുമായ ഇ.എം രാധ, ഗ്രന്ഥകാരനും സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വർക്കിംഗ് പ്രസിഡന്റുമായ കെ.എൻ.കെ. നമ്പൂതിരി (കെ എൻ കൃഷ്ണൻ നമ്പൂതിരി), മുൻ കോളേജ് അദ്ധ്യാപകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം, കുസാറ്റ് - എം ജി സർവകലാശാലകളിലെ സിൻഡിക്കേറ്റ് അംഗവുമായിരുന്ന പ്രൊഫ. ലോപസ് മാത്യു എന്നിവരാണ് പ്രഥമ കേരള സംസ്ഥാന വയോജന കമ്മീഷൻ അംഗങ്ങളായി സ്ഥാനമേൽക്കുക.
വയോജനങ്ങളുടെ ക്ഷേമവും അവകാശവുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങളും പുനരധിവാസത്തിന് സഹായങ്ങൾ ലഭ്യമാക്കാനുമാണ് കമ്മീഷൻ നിലവിൽ വരുന്നത്.
സ്ഥാനാരോഹണച്ചടങ്ങിൽ അഡ്വ. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എം പി, മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ അദ്ധ്യക്ഷൻ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ, എം.എൽ.എമാരായ പി. അബ്ദുൾ ഹമീദ്, സി.കെ ഹരീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ജോബ് മൈക്കിൾ, കെ പി മോഹനൻ, പി. മമ്മിക്കുട്ടി,ടി.ജെ വിനോദ് എന്നിവർ പ്രത്യേക ക്ഷണിതാക്കളായി സന്നിഹിതരാവും. സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള സ്വാഗതവും സാമൂഹ്യനീതി ഡയറക്ടർ അരുൺ എസ്.നായർ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |