കണ്ണൂർ: ഓണത്തിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ നഗരത്തിൽ പൂ വിപണി സജീവം.അത്തം തുടങ്ങിയതു മുതൽ പൂക്കച്ചവടക്കാർ നഗരത്തിൽ സ്ഥാനം പിടിച്ചിരുന്നുവെങ്കിലും ഇന്നലെയാണ് വിപണി സജീവമായത്. ചെണ്ടുമല്ലി,ജമന്തി ,വാടാമല്ലി,ഡാലിയ,റോസ്,അരളി ,ട്രൂബ് റോസ് ,ബട്ടർ റോസ് എന്നിവയാണ് വിപണിയിലെ താരങ്ങൾ.
വിപണിയിൽ പൂക്കളുടെ വില അല്പം ഉയർന്നു തന്നെയാണ്. കിലോയ്ക്ക് 200 രൂപ മുതലാണ് മൊത്തവില.മഞ്ഞച്ചെണ്ടുമല്ലി 400 , ഒാറഞ്ച് ചെണ്ടുമല്ലി 300 ,വെള്ള ജമന്തി 800 ,വയലറ്റ് ജമന്തി 800,പിങ്ക് ജമന്തി 800 ,അരളി 600 ,റോസ് 600 ,ഡാലിയ വെള്ള 500 രൂപ ,വാടാമല്ലി 400 എന്നിങ്ങനെയാണ് വില .മഴ കാരണം കർണ്ണാടകയിൽ പൂക്കളുടെ ഉത്പ്പാദനം കുറഞ്ഞതോടെ വടക്കൻ ജില്ലകളിലേക്ക് പൂക്കളുടെ വരവ് കുറഞ്ഞതും റോഡിന്റെ മോശം അവസ്ഥയുമെല്ലാം പൂക്കളുടെ വില കൂടാൻ കാരണമായതായി കച്ചവടക്കാർ പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിൽ നിന്നും പൂക്കൾ മൊത്തമായി വാങ്ങി ചില്ലറകച്ചവടത്തിനിറങ്ങിയവരാണ് കൂടുതലും.കേരളത്തിലെ ഒാണം വിപണിയെ മുന്നിൽ കണ്ട് മാസങ്ങൾക്ക് മുന്നേ തന്നെ കർണ്ണാടകയിലും തമിഴ് നാട്ടിലും ചെണ്ടമല്ലി കൃഷി ആരംഭിക്കാറുണ്ട്. ഇന്നലെ സ്‌കൂളുകളിലും കോളജുകളിലും ഓഫിസുകളിലുമെല്ലാം ഓണാഘോഷ പരിപാടികളായതിനാൽ കച്ചവടവും പൊടിപൊടിച്ചു.
പച്ചക്കറിയിൽ നേരിയ ആശ്വാസം
പച്ചക്കറി വിലയിൽ ചെറിയ തോതിൽ വില കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്. ഈമാസം ആദ്യം ചില പച്ചക്കറികൾക്ക് വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ടായിരുന്നു. തക്കാളിക്ക് മൊത്തവിപണയിൽ 110 വരെ കടന്നു. തക്കാളിക്ക് ക്ഷാമവുമുണ്ട്. ഇഞ്ചിക്ക് 230, വെളുത്തുളളിക്ക് 180, പയറിന് 70, മുരിങ്ങ 50 എന്നിങ്ങനെയാണ് ഒരാഴ്ചയ്ക്കിടയിലെ വില.കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ 141 സ്ഥലങ്ങളിൽ പച്ചക്കറി ചന്തകൾ തുറന്നിട്ടുണ്ട്. ഇവിടെ 30 ശതമാനം വിലകുറവിലാണ് പച്ചക്കറികൾ ലഭിക്കുന്നത്. ഇതിന് പുറമേ സഞ്ചരിക്കുന്ന ഹോർട്ടികോപ് സ്റ്റോറും ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |