കണ്ണൂർ: കണ്ണപുരം കീഴറയിലെ സ്‌ഫോടന കേസിലെ മുഖ്യപ്രതി അനൂപ് മാലിക്കിനെതിരായ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. സർക്കാർ ഖജനാവിൽ നിന്ന് ഒരു കോടിയോളം നഷ്ടപരിഹാരം നൽകേണ്ടിവന്ന 2016ലെ പൊടിക്കുണ്ട് സ്‌ഫോടനത്തിന്റെ സൂത്രധാരനായ പ്രതി വീണ്ടും സ്‌ഫോടക വസ്തു നിർമ്മാണത്തിൽ ഏർപ്പെട്ടത് ആരുടെ പിന്തുണയിലാണെന്നതടക്കം അന്വേഷണപരിധിയിലുണ്ട്.
അനൂപ് മാലിക്ക് വൻതോതിൽ വെടിമരുന്ന് എവിടെ നിന്ന് എത്തിച്ചുവെന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് ഇതുവരെ കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഇതര സംസ്ഥാനങ്ങളിലടക്കം പ്രതിക്ക് വിപുലമായ ബന്ധമുണ്ടെന്നാണ് സൂചനകൾ. പടക്ക നിർമാണ കമ്പനികളുടെ ലൈസൻസിന്റെ മറവിൽ തമിഴ്നാട്ടിൽ നിന്നും വെടിമരുന്ന് കടത്തിക്കൊണ്ടുവരുന്ന സംവിധാനത്തിന്റെ പ്രധാനകണ്ണിയാണ് അനൂപ് മാലിക്കെന്ന സംശയം അന്വേഷണസംഘത്തിനുണ്ട്.
മാഹിയിലെയും വടകരയിലെയും പടക്കനിർമ്മാണ ശാലകളിൽ നിന്ന് ഏജന്റുമാർ വഴി കണ്ണൂരിലെ ക്രിമിനൽ സംഘങ്ങൾക്ക് വെടിക്കോപ്പ് എത്തിക്കുന്ന സംവിധാനം ഇപ്പോഴും കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നുവെന്ന സൂചനകളിലേക്കാണ് അന്വേഷണം എത്തിനിൽക്കുന്നത്.
വിശദമായി ചോദ്യം ചെയ്യും
ഒളിവിൽ പോകാൻ ശ്രമിക്കുമ്പോൾ കാഞ്ഞങ്ങാട് വെച്ച് പിടികൂടിയ അനൂപ് മാലിക്കിനെ കഴിഞ്ഞ ദിവസം കണ്ണൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘം ഇയാളെ വിശദമായി ചോദ്യംചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.സംസ്ഥാനം വിടാനുള്ള നീക്കത്തിലായിരുന്നു എന്നാണ് അറിയുന്നത്. അതെസമയം അടുത്ത ബന്ധുവായ മുഹമ്മദ് ആഷാമിന്റെ മരണം ഇയാളെ തളർത്തിയെന്നും കീഴടങ്ങിയതിന് പിന്നിൽ ഇതാണെന്നും വിവരമുണ്ട്.
അനൂപ് മാലിക്കിനെതിരെ കൊലക്കുറ്റം ചുമത്തും
മുഹമ്മദ് ആഷാമിന്റെ മരണത്തിൽ അനൂപ് മാലിക്കിന്റെ പേരിൽ കൊലക്കുറ്റം ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നിലവിൽ ആന്റി എക്സ്പ്‌ളോസീവ് ആക്ട് പ്രകാരമുള്ള കുറ്റമാണ് ഈയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
കണ്ണൂർ ചാലാട് സ്വദേശിയായ മുഹമ്മദ് ആഷാം അനൂപ് മാലിക്കിന്റെ അടുത്ത ബന്ധുവായിരുന്നു. സ്‌ഫോടക വസ്തുക്കൾ നിർമ്മിച്ച് വിതരണം ചെയ്ത് വന്ന ഇയാൾ ഉറക്കത്തിനിടെയാണ് സ്ഫോടനത്തിൽ കൊല്ലപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |