തിരുവല്ല : " ഉണരുക.. ഉണരുക.. സോദരരെ, ചതയദിനത്തിന് കാഹളമായി തിരുനാളിവിടെ തിരുവാതിരയായി തിരുമുറ്റത്ത് തിളങ്ങട്ടെ.." എന്ന ഉണർത്തുപാട്ടുമായാണ് ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷങ്ങളുടെ വിളംബരമായി എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയനും വനിതാസംഘവും സംയുക്തമായി ഇന്നലെ സംഘടിപ്പിച്ച മെഗാ തിരുവാതിര തുടങ്ങിയത്.
തുടർന്ന് മഹാകവി കുമാരനാശാൻ 1910 ൽ രചിച്ച വനമാല എന്ന കവിതാസമാഹാരത്തിലെ ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള സ്വാമിതിരുനാൾ വഞ്ചിപ്പാട്ടിന് ബാലികമാർ ഉൾപ്പെടെയുള്ള സ്ത്രീകൾ ചുവടുവെച്ചു. 'വരുവിൻ സഹോദരരെ! വരുവിനിന്നു നാമെല്ലാം ഒരുകൊല്ലം കാത്ത സ്വാമിതിരുനാളല്ലൊ !.... ' എന്ന് തുടങ്ങി, ജയിക്ക! ജയിക്ക! സ്വാമി! ജയിക്ക നമ്മുടെ ഭാഗ്യ- ജയക്കൊടിയായ സ്വാമി ജയിക്ക നിത്യം! ' എന്ന വഞ്ചിപ്പാട്ട് മെഗാതിരുവാതിരയ്ക്ക് അകമ്പടിയേകി. നൃത്താവിഷ്ക്കാരം അജിത സജികുമാർ കോട്ടയം. രമണൻ പള്ളാത്തുരുത്തി രചിച്ച ഉണർത്തുപാട്ടിന് സി.പി.സജികുമാറാണ് സംഗീതം നൽകിയത്.
ചുവപ്പ് നിറമുള്ള ബ്ലൗസും കസവ് പുടവയും അണിഞ്ഞെത്തിയ സ്ത്രീകൾ 15മിനിറ്റിലേറെ എസ്.എൻ.വി.എസ് ഹൈസ്‌കൂളിന്റെ മൈതാനിയിലെ പത്ത് വൃത്തങ്ങളിലായി തിരുവാതിരയ്ക്ക് അണിനിരന്നു. ആയിരത്തിലധികം പേർ മെഗാതിരുവാതിരയിൽ പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |