തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗണേശോത്സവത്തിന് സമാപനം കുറിച്ചുള്ള സാംസ്‌കാരിക സമ്മേളനവും ഗണേശ വിഗ്രഹ ഘോഷയാത്രയും ഇന്ന് നടക്കും.വിനായക ചതുർത്ഥിയോടനുബന്ധിച്ച് 9 ദിവസത്തെ പൂജകൾക്ക് ശേഷമാണ് ഗണേശ വിഗ്രഹ നിമജ്ജനം നടക്കുന്നത്.ജില്ലയിലെ 40 കേന്ദ്രങ്ങളിൽ നിന്നാരംഭിക്കുന്ന ചെറുഘോഷയാത്രകൾ പഴവങ്ങാടി ഗണപതി ക്ഷേത്രസന്നിധിയിൽ സംഗമിക്കും. വൈകിട്ട് 4ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മന്ത്രിമാർ, സാമൂഹിക സാംസ്‌കാരിക നായകന്മാർ,ആദ്ധ്യാത്മിക ആചാര്യന്മാർ തുടങ്ങിയവർ പങ്കെടുക്കും.തുടർന്ന് പഴവങ്ങാടി ഗണപതി ക്ഷേത്ര സന്നിധിയിൽ നിന്ന് പകരുന്ന ദീപം ഗണേശ വിഗ്രഹത്തിന് മുന്നിൽ തെളിക്കുന്നതോടെ ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്ക് തുടക്കമാകും.പഞ്ചവാദ്യം,ചെണ്ടമേളം,പഞ്ചാരിമേളം,നെയ്യാണ്ടി മേളം,പാണ്ടിമേളം,നാസിക് ഡോൾ,തെയ്യം,പൂക്കാവടി തുടങ്ങിയ വാദ്യഘോഷങ്ങളും ഘോഷയാത്രയിൽ അണിനിരക്കും.ഘോഷയാത്ര സ്റ്റാച്യു,പാളയം,ജനറൽ ആശുപത്രി,പേട്ട,ചാക്ക,ആൾസെയിന്റ്സ് വഴി ശംഖുംമുഖം ആറാട്ടുകടവിൽ എത്തിച്ചേരും.പൂജകൾക്കുശേഷം ഗണേശ വിഗ്രഹങ്ങൾ കടലിൽ നിമജ്ജനം ചെയ്യുമെന്ന് ആഘോഷക്കമ്മിറ്റി ചെയർമാൻ ജി.രാജ്‌മോഹൻ,ട്രസ്റ്റ് കൺവീനർ ആർ.ഗോപിനാഥൻ നായർ,ട്രസ്റ്റ് മുഖ്യകാര്യദർശി എം.എസ്.ഭുവനചന്ദ്രൻ,ട്രസ്റ്റ് സംസ്ഥാന കോഓർഡിനേറ്റർ പേരൂർക്കട ഹരികുമാർ,ട്രസ്റ്റ് ജനറൽ സെക്രട്ടറി രാധാകൃഷ്ണമേനോൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |