മൂവാറ്റുപുഴ: പൂവിളിക്കും പൂക്കളത്തിനുമൊപ്പം മുറ്റത്തെ ഓണത്തറയിൽ ഓണത്തപ്പന്മാരില്ലെങ്കിൽ പൊന്നോണം എങ്ങനെ പൂർണമാകും. ഓണത്തെ വരവേൽക്കാൻ ഇത്തവണയും കോളാത്തുരുത്ത് ഗ്രാമം ആയിരക്കണക്കിന് ഓണത്തപ്പന്മാരെ ഒരുക്കിക്കഴിഞ്ഞു. മൂവാറ്റുപുഴ വാളകം ഗ്രാമപഞ്ചായത്തിലെ ബഥനിപ്പടിയിലെ കോളാതുരുത്ത് എന്ന കൊച്ചുഗ്രാമത്തിലാണ് ഓണത്തറയിൽ പ്രതിഷ്ഠിക്കാനുള്ള ഓണത്തപ്പന്മാരെ നിർമ്മിക്കുന്നത്. ചുവപ്പ്, സ്വർണ നിറങ്ങളിലെ ഓണത്തപ്പന്മാർ ഈ ഗ്രാമത്തിലെ മിക്ക വീടുകളിലും വില്പനയ്ക്കായി തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഓണത്തറയിൽ വയ്ക്കാനുള്ള ചിരവയും ഉരലും അരകല്ലും മുത്തിയമ്മമാരുമൊക്കെ വില്പനയ്ക്കുണ്ട്. ഓണാഘോഷത്തിനായി മദ്ധ്യകേരളത്തിലെ പല സ്ഥലങ്ങളിലേക്കും ഓണത്തപ്പന്മാരെ എത്തിക്കുന്നത് ഇവിടെ നിന്നാണ്.
200 രൂപയ്ക്ക് ഓണത്തപ്പന്മാരും മുത്തിയമ്മയും ചിരകല്ലും പിള്ളക്കല്ലും അരകല്ലും ലഭിക്കും. കളിമണ്ണിന് വില വർദ്ധിച്ചത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടങ്കിലും ഓണത്തപ്പന് ഇത്തവണ വിലകൂട്ടിയിട്ടില്ല. അത്തം മുതൽ വില്പന ആരംഭിച്ചുകഴിഞ്ഞു. തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനാണ് പ്രധാന വില്പന കേന്ദ്രം. ആവശ്യക്കാർ കോളാത്തുരുത്തിൽ നേരിട്ടെത്തിയും വാങ്ങുന്നുണ്ട്. ഇതോടൊപ്പം മാവേലിയുടെയും ഗണപതിയുടെയുമൊക്കെ കളിമൺ രൂപങ്ങളും തയ്യാറാണ്. 200 രൂപ മുതൽ ആയിരം രൂപ വരെയുള്ള മാവേലി രൂപങ്ങൾ ഇവിടെ കിട്ടും.
കളിമൺപാത്ര നിർമ്മാണം കുലത്തൊഴിലാക്കിയ കുംഭാര കുടുംബങ്ങളാണ് പതിറ്റാണ്ടുകളായി ഇവ നിർമ്മിക്കുന്നത്. മറ്റു ഓണത്തപ്പനെ പാരമ്പര്യ രീതിയിലാണ് ഒരുക്കുന്നത്. കർക്കടകം പകുതിയാകുമ്പോഴേക്കും കളിമണ്ണ് ആവശ്യത്തിന് ശേഖരിച്ച് വയ്ക്കും. തുടർന്ന് ഓണത്തപ്പന്മാരടക്കമുള്ള രൂപങ്ങൾ ഗ്രാമത്തിലെ പാരമ്പര്യ കുംഭാരന്മാരുടെ കൈവഴക്കത്തിൽ ശില്പങ്ങളാകും. ഓണമടുക്കുമ്പോഴേയ്ക്കും ഓരോ കുടുംബത്തിലും ആയിരവും രണ്ടായിരവുമൊക്കെ ഓണത്തപ്പന്മാർ തയ്യാറായിക്കഴിഞ്ഞിരിക്കും.
വ്രതശുദ്ധി വേണം,
ചുട്ടെടുക്കാൻ പാടില്ല
വ്രതശുദ്ധിയോടെയാണ് കളിമണ്ണിൽ രൂപങ്ങൾ കടഞ്ഞെടുക്കാൻ കുംഭാര കുടുംബാംഗങ്ങൾ പുലർച്ചെ പണിപ്പുരിയിൽ എത്തുക. മറ്റ് കളിമൺ ശില്പങ്ങളെപ്പോലെ ഓണത്തപ്പന്മാരെ ചുട്ടെടുക്കാൻ പാടില്ലെന്നാണ് വിശ്വാസം. വെയിലത്തുവച്ച് ഉണക്കാനും പാടില്ല. വലിയ പന്തലൊരുക്കിയാണ് ഓണത്തപ്പന്മാരെ സൂക്ഷിക്കുന്നത്. ഓരാഴ്ചയാകുമ്പേഴേക്കും ഈർപ്പം വലിഞ്ഞ് ഉണങ്ങും. ചുവപ്പു ചായമടിച്ച് വീണ്ടും ഉണക്കിയെടുക്കുന്നതോടെ ഓണത്തപ്പന്മാർ റെഡി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |