കൊച്ചി: പ്രശസ്ത കലാസ്വാദകയും ജീവകാരുണ്യ പ്രവർത്തകയുമായ ആരതി ലോഹ്യ കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന്റെ പ്ലാറ്റിനം രക്ഷാധികാരിയായി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാ പേട്രണാണ് ഇന്ത്യൻ വംശജയായ ആരതി ലോഹ്യ.
ഏഷ്യയുടെ വിവിധ ഭാഗങ്ങളിലെ പ്രശസ്തരും അപ്രശസ്തരുമായ കലാകാരന്മാരെ ആഗോള വേദികളിൽ എത്തിക്കുന്നതിൽ ആരതി പങ്കുവഹിച്ചിട്ടുണ്ട്. യു.കെയിലെ എസ്.പി. ലോഹ്യ ഫൗണ്ടേഷൻ ചെയർപേഴ്‌സണും ഇന്ത്യയിലെ ഉപദേശക ബോർഡ് ഡയറക്ടറുമാണ്.
കല, സംസ്‌കാരം, ആരോഗ്യസംരക്ഷണം, സാമൂഹികക്ഷേമം തുടങ്ങിയ മേഖലകളിലെ സംരംഭങ്ങളെ പിന്തുണയ്ക്കുന്ന ജീവകാരുണ്യ സ്ഥാപനമാണ് എസ്.പി. ലോഹ്യ ഫൗണ്ടേഷൻ.
ലോകത്തിലെ പ്രമുഖ സാംസ്‌കാരിക സ്ഥാപനങ്ങളുമായുള്ള ബന്ധത്തിലൂടെ ആഴത്തിലുള്ള കാഴ്ചപ്പാടും നേതൃപാടവവും ആരതി ലോഹ്യയ്ക്കുണ്ട്.
കൊച്ചി ബിനാലെ ട്രസ്റ്റി ബോർഡ്, യു.കെ ഫോർ യു.എൻ.എച്ച്.സി.ആറിന്റെ ഉപദേശക ബോർഡ്, ടേറ്റ് മോഡേണിന്റെ ഇന്റർനാഷണൽ കൗൺസിൽ, സൗത്ത് ഏഷ്യൻ അക്വിസിഷൻസ് കമ്മിറ്റി, മോമയുടെ ഡേവിഡ് റോക്ക്‌ഫെല്ലർ കൗൺസിൽ, സെർപെന്റൈൻ, വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം എന്നിവയുടെ അന്താരാഷ്ട്ര കൗൺസിലുകൾ എന്നിവയിലും ആരതി പ്രവർത്തിക്കുന്നു. നാഷണൽ ഗാലറിയുടെ മോഡേൺ ആൻഡ് കണ്ടംപററി പ്രോഗ്രാം ഉപദേശക പാനൽ അംഗവും സൗത്ത് ലണ്ടൻ ഗാലറിയുടെ ട്രസ്റ്റിയുമാണ്.
ലോകമെമ്പാടുമുള്ള മികച്ച 200 മികച്ച കലാശേഖരമുള്ളവരിൽ ഒരാളായി ആർട്ട്‌ന്യൂസ് 2024ൽ ആരതിയെ തിരഞ്ഞെടുത്തിരുന്നു. ദക്ഷിണേഷ്യൻ കലയെ പ്രോത്സാഹിപ്പിക്കാനും ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാനുമുള്ള ആരതിയുടെ പ്രവർത്തനങ്ങൾ അംഗീകാരം നേടിയിട്ടുണ്ട്.
ബിനാലെ ഡിസംബറിൽ
ഡിസംബർ 12നാണ് കൊച്ചി ബിനാലെ ആരംഭിക്കുന്നത്. കലാകാരൻ നിഖിൽ ചോപ്ര ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ ആറാം ലക്കം മാർച്ച് 31ന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |