ന്യൂഡൽഹി: സെപ്‌തംബർ 9ന് നടക്കുന്ന ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള എൻ.ഡി.എ സ്ഥാനാർത്ഥിയെ നിർണയിക്കാനുള്ള ചുമതല പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്‌ക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എൻ.ഡി.എ പാർലമെന്ററി പാർട്ടി നേതാക്കളുടെ യോഗമാണ് ഇരുവരെയും അധികാരപ്പെടുത്തിയത്. സ്ഥാനാർത്ഥി നിർണയ പ്രക്രിയ ആരംഭിക്കാൻ എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗം അംഗീകാരം നൽകിയതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
അതിനിടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്നലെ പുറത്തിറങ്ങി. നാമനിർദ്ദേശപത്രിക 21 വരെ സ്വീകരിക്കും. പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതി 25. വോട്ടെടുപ്പും ഫലപ്രഖ്യാപനവും സെപ്തംബർ 9ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരുമായുള്ള ഭിന്നത മൂലം ജൂലായ് 21ന് ജഗ്‌ദീപ് ധൻകർ രാജിവച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |